ഹാഷിം സഫിയുദ്ദീൻ 
MIDDLE EAST

ഹസൻ നസ്‌റുള്ളയുടെ പിൻഗാമിയും കൊല്ലപ്പെട്ടു? ഹാഷിം സഫിയുദ്ദീന്റെ മരണം സ്ഥിരീകരിച്ച് ഇസ്രയേൽ

ബെയ്‌റൂട്ടിൻ്റെ തെക്കൻ മേഖലയിൽ മൂന്നാഴ്ച മുൻപ് നടത്തിയ ആക്രമണത്തില്‍ സഫിയുദ്ദീൻ കൊല്ലപ്പെട്ടെന്നാണ് സൈന്യം അവകാശപ്പെടുന്നത്

വെബ് ഡെസ്ക്

കൊല്ലപ്പെട്ട ഹിസ്‌ബുള്ള നേതാവ് ഹസൻ നസ്‌റുള്ളയുടെ പകരക്കാരനായി പരക്കെ കരുതപ്പെട്ടിരുന്ന ഹാഷിം സഫിയുദ്ദീൻ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം. ഹിസ്‌ബുള്ള എക്സിക്യൂട്ടീവ് കൗൺസിൽ തലവനാണ് സഫിയുദ്ദീൻ. ബെയ്‌റൂട്ടിൻ്റെ തെക്കൻ മേഖലയിൽ മൂന്നാഴ്ച മുൻപ് നടത്തിയ ആക്രമണത്തില്‍ സഫിയുദ്ദീൻ കൊല്ലപ്പെട്ടെന്നാണ് സൈന്യം അവകാശപ്പെടുന്നത്. എന്നാൽ ഹിസ്‌ബുള്ള ഇതുവരെയും പ്രതികരിച്ചിട്ടില്ല.

"ഹസൻ നസ്‌റുള്ള, അദ്ദേഹത്തിന്റെ പകരക്കാരൻ, മിക്ക മുതിർന്ന നേതാക്കൾ എന്നിവരിലേക്കെല്ലാം ഞങ്ങളെത്തി. ഇസ്രയേൽ രാഷ്ട്രത്തിലെ സാധാരണക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആരിലേക്കും ഞങ്ങൾ എത്തിച്ചേരും" ഇസ്രയേലി സൈനിക മേധാവി ലെഫ്റ്റനൻ്റ് ജനറൽ ഹെർസി ഹലേവി പറഞ്ഞു. ഹിസ്‌ബുള്ളയ്‌ക്കെതിരെ എന്ന മട്ടിൽ ലെബനനിൽ ഉടനീളം ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് സഫിയുദ്ദീനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ വാദിക്കുന്നത്.

ഈ മാസമാദ്യം ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെത്തുടർന്ന് സഫിയുദ്ദീനെ കാണാതായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ അദ്ദേഹം മരിച്ചെന്ന തരത്തിൽ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ ആദ്യമായാണ് ഇസ്രയേൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തുന്നത്. ഹാഷിം സഫീദ്ദീനെ ലക്ഷ്യമിട്ട് ഒക്ടോബർ മൂന്നിനായിരുന്നു ബെയ്‌റൂട്ടിൽ ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണം. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച് വ്യാഴാഴ്ച അർധരാത്രി ബെയ്‌റൂട്ടിൽ ഇസ്രായേൽ തീവ്രമായ വ്യോമാക്രമണമാണ് നടത്തിയത്. നസ്‌റുള്ളയെ ഇസ്രയേൽ വധിച്ചതിന് ശേഷം പ്രദേശത്ത് നടന്ന ഏറ്റവും ശക്തമായ ബോംബാക്രമണമായിരുന്നു അന്ന് നടന്നത്.

2017-ൽ അമേരിക്ക തീവ്രവാദിയായി പ്രഖ്യാപിച്ച ഹാഷിം സഫീയുദ്ദീൻ, ഹിസ്ബുള്ളയുടെ രാഷ്ട്രീയ കാര്യങ്ങളിൽ നിർണായക പങ്ക് വഹിക്കുകയും സൈനിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഗ്രൂപ്പിന്റെ ജിഹാദ് കൗൺസിൽ അംഗവുമാണ്. നസ്റുള്ളയുടെ ബന്ധുവായ സഫീയുദ്ദീൻ പൊതുവെ ഹിസ്ബുള്ളയിലെ രണ്ടാമനായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. കൂടാതെ ഇറാനിയൻ ഭരണകൂടവുമായി അടുത്ത ബന്ധവുമുള്ള ഹിസ്ബുള്ള നേതാവ് കൂടിയാണ്. ഹിസ്ബുള്ളയുടെ കൗൺസിലുകളിൽ നിർണായക സ്ഥാനങ്ങളിലേക്ക് നസ്റുള്ള സഫീദ്ദീനെ നിയമിച്ചിരുന്നു. സഫീദ്ദീൻ ഒന്നിലധികം തവണ ഗ്രൂപ്പിന്റെ വക്താവ് ആയി പ്രവർത്തിച്ചിരുന്നു.

'അമേരിക്കൻ തിരഞ്ഞെടുപ്പിൽ യുകെയിലെ ലേബർ പാർട്ടി ഇടപെടുന്നു'; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി ട്രംപ്

ഗില്‍ തിരിച്ചെത്തുന്നു; രാഹുലോ സർഫറാസോ, ആര് വഴിമാറിക്കൊടുക്കും?

ഇന്ത്യ-ചൈന അതിർത്തി തർക്കത്തില്‍ പരിഹാരം? മോദി-ഷി ജിൻപിങ് നിർണായക കൂടിക്കാഴ്ച ഇന്ന്

'പ്രസിഡന്റിനെ മാറ്റാൻ ഏഴുദിവസത്തെ സമയം;' ബംഗ്ലാദേശിൽ വീണ്ടും വിദ്യാർഥി പ്രതിഷേധം

ജാർഖണ്ഡില്‍ ഹരിയാന ആവർത്തിക്കുമോ? ആർജെഡിയെ തഴഞ്ഞ് ജെഎംഎം, അതൃപ്തി 'മയപ്പെടുത്തി' തേജസ്വി; സീറ്റ് വിഭജനത്തില്‍ സമവായം