MIDDLE EAST

കലിയടങ്ങാതെ ഇസ്രയേൽ; വ്യോമാക്രമണം തുടരുന്നു, തകര്‍ന്നടിഞ്ഞ് ലെബനന്‍

വെബ് ഡെസ്ക്

ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയെ വധിച്ച ശേഷവും ബെയ്റൂട്ട് കേന്ദ്രീകരിച്ച് വ്യോമാക്രമണം തുടരുകയാണ് ഇസ്രയേൽ. ശനിയാഴ്ച മാത്രം ലെബനനിൽ 33 പേർ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന കണക്കുകൾ. മുപ്പത് വർഷത്തിലധികമായി ഹിസ്ബുള്ള സെക്രട്ടറി ജനറൽ സ്ഥാനത്ത് തുടരുന്ന നസറുള്ളയുടെ കൊലപാതകത്തിൽ മൂന്നു ദിവസത്തേക്ക് ലെബനൻ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇസ്രയേൽ ബെയ്റൂട്ട് കേന്ദ്രീകരിച്ച് വെള്ളിയാഴ്ച ആരംഭിച്ച വ്യോമാക്രമണത്തിന്റെ ലക്ഷ്യം നസറുള്ളയായിരുന്നെന്ന വിലയിരുത്തലുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഹിസ്ബുള്ളയ്ക്ക് സൈനിക പരിശീലനവും ആയുധങ്ങളും നൽകുന്നത് ഇറാനാണ്. ഇസ്രയേൽ നസറുള്ളയിലൂടെ ലക്ഷ്യം വയ്ക്കുന്നത് ഇറാനെയാണെന്നും കരുതപ്പെടുന്നു.

'വെടിനിർത്തലിന്റെ സമയമാണിത്' എന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടത്. എന്നാൽ നസറുള്ളയുടെ മരണവാർത്ത പുറത്തുവന്നപ്പോൾ ജോ ബൈഡനും കമല ഹാരിസുമുൾപ്പെടെയുള്ള അമേരിക്കൻ നേതാക്കൾ ഇസ്രയേലിനു പിന്നിൽ അണിനിരക്കുന്ന കാഴ്ചയാണ് കണ്ടത്. അതേസമയം വ്യോമാക്രമണം കടുപ്പിച്ചതോടെ തന്റെ അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മടങ്ങി.

ഇസ്രായേൽ വ്യോമാക്രമണത്തെ തുടർന്ന് ലെബനനിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 700ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകൾക്ക് പലായനം ചെയ്യേണ്ടിവരികയും ചെയ്തിട്ടുണ്ട്. 64കാരനായ ഹസൻ നസറുള്ളയെ വധിക്കാൻ 85 ബോംബുകളാണ് ബേയ്‌റൂത്തിലെ ഹിസ്ബുള്ളകേന്ദ്രങ്ങളിലേക്ക് ഇസ്രയേലിന്റെ എഫ്15 ജെറ്റുകൾ വർഷിച്ചത്. കോൺക്രീറ്റ് കെട്ടിടങ്ങൾ ഭേദിച്ച് മുപ്പത് മീറ്റർ വരെ തുളഞ്ഞുപോകാൻ കഴിവുള്ള ഈ ബോംബുകൾ മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കാൻ പാടില്ല എന്ന ജനീവ കൺവെൻഷൻ പ്രമേയം ലംഘിക്കപ്പെട്ടതായും ആരോപണമുയരുന്നു.

ഇസ്രയേൽ ഇതിനോടകം ഗാസയിൽ മാത്രം 41,586 പേരെ വധിച്ചിട്ടുണ്ട്. 96,210 ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1,139 പേർ മാത്രമാണ് കൊല്ലപ്പെട്ടത്. 200 പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.

ഫോണ്‍ ചോര്‍ത്തല്‍: പി വി അന്‍വറിനെതിരെ കേസ്; സ്വകാര്യതയുടെ ലംഘനമെന്ന് പരാതി

അന്‍വര്‍ ഇനിയെന്ത് പറയും, നിലമ്പൂരില്‍ ഇന്ന് പൊതുയോഗം; പ്രതിരോധം ശക്തമാക്കി സിപിഎം

'എല്ലാ ആനകളും ഒന്നല്ല'; ഇന്ത്യയില്‍ അഞ്ച് ജനിതക വകഭേദങ്ങള്‍

സുനിത വില്യംസിനും ബച്ച് വില്‍മോറിനും സീറ്റുകള്‍ ഒഴിച്ചിട്ട് ക്രൂ 9 ബഹിരാകാശത്തേക്ക്; സ്‌പേസ് എക്‌സ് രക്ഷാദൗത്യത്തിന് തുടക്കം

ലോക ഹൃദയാരോഗ്യ ദിനം: ഹൃദയാരോഗ്യത്തിനായി വിദഗ്ധര്‍ നിര്‍ദേശിക്കുന്ന 10 ജീവിതശൈലീ മാറ്റങ്ങള്‍