പശ്ചിമേഷ്യയില്‍ യുദ്ധ ഭീതി ഉയര്‍ത്തി ഇസ്രയേല്‍ - ഹിസ്ബുള്ള സംഘര്‍ഷം. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കത്തിന് സമാനമായാണ് ലെബനന് എതിരായ സൈനിക നടപടിയെന്ന സൂചനകള്‍ക്കിടെയാണ് സംഘര്‍ഷ ഭീതി ശക്തമാക്കുന്നത്. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലകളിലാണ് ഇസ്രയേല്‍ ആക്രമണങ്ങള്‍ ശക്തമായി തുടരുന്നത്.
തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലെബനനില്‍ 500 പേരിലധികമാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ആയിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ ലെബനനില്‍ നടത്തിയ കൂട്ടക്കുരുതിക്ക് എതിരെ വ്യാപക വിമര്‍ശനം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു.
ഒക്ടോബര്‍ 7 ന് ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായിട്ടായിരുന്നു ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ സൈന്യം വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്. ഇതിന് സമാനമായ നീക്കമാണ് ലെബനനിലും ഇസ്രയേല്‍ നടത്തുത്ത്. ഇസ്രയേലിന്റെ നീക്കം പശ്ചിമേഷ്യയെ വലിയ സംഘര്‍ഷത്തിലേക്ക് കൊണ്ടെത്തിക്കും എന്ന് ഐക്യരാഷ്ട്ര സഭയും ലോക രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. വീണ്ടുമൊരും ഗാസ ആവര്‍ത്തിക്കുമോ എന്ന സാഹചര്യമാണ് ലെബനന്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചയാകുന്നത്.
ലെബനനില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതാണ്. ഇസ്രയേലിലേക്ക് ഹിസ്ബുള്ള നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളും സാഹചര്യങ്ങള്‍ രൂക്ഷമാക്കുന്നു. സാധാരണക്കാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. സമാധാനം കൊണ്ടുവരാന്‍ നയതന്ത്ര പരിഹാരത്തിനായി ശ്രമിക്കണം എന്നാണ് യു എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസിന്റെ പ്രതികരണം.
എന്നാല്‍, ഇസ്രയേല്‍ ആക്രമണങ്ങളോട് അതിരൂക്ഷമായ ഭാഷയിലാണ് തുര്‍ക്കി പ്രതികരിച്ചത്. ലെബനനിലെ ഹിസ്ബുള്ളയുമായുള്ള ഇസ്രായേലിന്റെ സംഘര്‍ഷം ''മുഴുവന്‍ മേഖലയെയും അരാജകത്വത്തിലേക്ക് വലിച്ചിഴയ്ക്കുമെന്ന്'' തുര്‍ക്കി മുന്നറിയിപ്പ് നല്‍കി. ഖത്തറും ശക്തമായ ഭാഷയിലാണ് ആക്രമണത്തെ അപലപിച്ചത്. പശ്ചിമേഷ്യയില്‍ ആക്രമണം വ്യാപിപ്പിക്കുന്ന ഇസ്രയേല്‍ നടപടി പ്രതിസന്ധി വര്‍ധിപ്പിക്കുന്നതാണ് എന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഉണ്ടായ സാഹചര്യങ്ങള്‍ പശ്ചിമേഷ്യയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. അന്തര്‍ ദേശീയ തലത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കും സാഹചര്യം വഴിയൊരുക്കുമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
ഗാസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ സുപ്രധാന പങ്കുവഹിക്കുന്ന രാജ്യമാണ് ഖത്തറും ഈജിപ്തും. ഇരു രാഷ്ട്രങ്ങളും ഇതിനോടകം ലെബനന്‍ ആക്രമണങ്ങളെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേല്‍ നടപടി ലെബനന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് എന്നാണ് ഈജിപ്ത് വിഷയത്തില്‍ എടുക്കുന്ന നിലപാട്. ഈ സാഹചര്യം ഹമാസും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് യുഎസിന് ഒപ്പം ഇടപെടല്‍ നടത്തുന്ന ഈജിപ്തിനെയും ഖത്തറിന്റെയും നിലപാടുകളില്‍ മാറ്റം ഉണ്ടാക്കുമോ എന്നതും വിലയിരുത്തേണ്ട വസ്തുതയാണ്.
ജീവന്‍ കൈയ്യില്‍ പിടിച്ച് ലബനന്‍ ജനത
ഈസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ ജീവന്‍ സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ലബനന്‍ ജനത. ലബനോന്‍ മേഖലകളില്‍ ജനങ്ങളാകെ ആശങ്കയിലാണ്. വലിയൊരു വിഭാഗം ഇതിനോകം തന്നെ നാടും വീടും വിട്ട് ഇറങ്ങിക്കഴിഞ്ഞു. സമീപത്തെ സ്‌കൂളുകളിലും മറ്റും കുട്ടികളേയും കൂട്ടി അഭയം തേടിയിരിക്കുകയാണ് ലബനന്‍ നിവാസികള്‍.
എവിടെയാണ് തങ്ങള്‍ക്ക് സുരക്ഷിതത്വം ലഭിക്കുക എന്ന് അറിയില്ല. എല്ലാം ഉപേക്ഷിച്ച് തെരുവിലേക്ക് ഇറങ്ങേണ്ട നില കൈവന്നിരിക്കുന്നു. ഞങ്ങള്‍ നിരാശരാണ്. എങ്ങോട്ട് പോകണമെന്നറിയില്ല, പക്കല്‍ ഒന്നുമില്ല. എന്നാണ് ചൈതിയേ ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്ത ഹസ്സന്‍ ബന്‍ജാക്ക് എന്നയാളെ ഉദ്ധരിച്ച് ലബനന്‍ സാഹചര്യം സിഎന്‍എന്‍ വിശദീകരിക്കുന്നത്.