MIDDLE EAST

ലെബനന് സമീപം ടാങ്കുകള്‍ വിന്യസിച്ച് കര ആക്രമണത്തിന് തയാറെടുത്ത് ഇസ്രയേല്‍; ഗാസയുടെ അതേ ഗതി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

വെബ് ഡെസ്ക്

കര അധിനിവേശത്തിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ലെബനനുമായുള്ള വടക്കന്‍ അതിര്‍ത്തിയില്‍ അധിക ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ച് ഇസ്രയേല്‍. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം ശക്തമാക്കുന്നതിനാല്‍ ലെബനനിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് തയാറാവാന്‍ സൈന്യത്തിന് ഇസ്രയേല്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണിത്.

അതേസമയം ഹിസ്ബുള്ള റോക്കറ്റ് ആക്രമണം തുടര്‍ന്നാല്‍ ഗാസയുടെ അതേ ഗതി ലെബനനും നേരിടേണ്ടി വരുമെന്ന് ഇസ്രയേല്‍ ഉന്നത ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. 'ഞങ്ങള്‍ കടലില്‍നിന്നും ആകാശത്ത്‌നിന്നും ഹിസ്ബുള്ളയെ ആക്രമിക്കുകയാണ്... നിങ്ങള്‍ ഒരു കര ആക്രമണത്തിന് തയാറാകണം' ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്‌റ് സൈനികരോട് പറഞ്ഞു.

പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ചതിനുശേഷം ഇസ്രയേലും ഹിസ്ബുള്ളയും പരസ്യമായ ഏറ്റുമുട്ടലിലായിരുന്നു. അതിനുശേഷം ഒരാഴ്ചയ്ക്കിടെ ലെബനനില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എഴുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇന്ന് ഇസ്രയേല്‍ സൈന്യം ലൈബനനില്‍ കനത്ത വ്യോമാക്രമണമാണ് നടത്തിയത്. ഇത് ഗാസയ്ക്ക് സമാനമായ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്നത്തെ ആക്രമണത്തില്‍ കുറഞ്ഞത് 25 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ മുപ്പതിനായിരത്തിലധികം ആളുകള്‍, പ്രത്യേകിച്ച് സിറിയക്കാര്‍ ലെബനനില്‍നിന്ന് സിറിയയിലേക്ക് പലായനം ചെയ്തതായി യുഎന്‍ ഏജന്‍സി അറിയിച്ചു.

ഇസ്രയേലി സൈനിക വാഹനങ്ങള്‍ ലെബനന്‌റെ വടക്കന്‍ അതിര്‍ത്തിയിലേക്ക് ടാങ്കുകളും കവചിത വാഹനങ്ങളും കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതായി വാര്‍ത്താഏജന്‍സി എപി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിസ്ബുള്ള വെടിമരുന്ന് സംഭരണ സൈറ്റുകള്‍ എന്ന് അവകാശപ്പെടുന്ന സ്ഥലത്തിന് സമീപമുള്ള വീടുകളിൽനിന്ന് ഒഴിയാന്‍ സൈന്യം താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതിര്‍ത്തി കടന്നുള്ള റോക്കറ്റ് ആക്രമണം അവസാനിപ്പിക്കുന്നതുവരെ ഹിസ്ബുള്ളയ്‌ക്കെതിരെ പൂര്‍ണശക്തിയോടെ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിട്ടുണ്ട്. ഇസ്രയേലിന്‌റെ നയം വ്യക്തമാണെന്നും നെതന്യാഹു പറഞ്ഞു. 'പൂര്‍ണ ശക്തിയോടെ ഹിസ്ബുള്ളയെ ആക്രമിക്കുന്നത് തുടരും, ഞങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ അത് നിര്‍ത്തുകയില്ല, വടക്കന്‍ നിവാസികള്‍ സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് മടങ്ങുന്നതാണ് ഇതില്‍ പ്രധാനം' നെതന്യാഹു പറഞ്ഞു.

ഇതിനിടെ, യെമനിലെ ഇറാനികള്‍ വിന്യസിച്ച ഹൂതികള്‍ ഇന്ന് ഇസ്രയേലിലെ ടെല്‍ അവീവ്, അഷ്‌കെലോണ്‍ നഗരങ്ങലെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണും വിക്ഷേപിച്ചു. പലസ്തീന്‌റെയും ലെബനന്‌റെയും വിജയത്തിനായി ഇസ്രയേലിനെതിരെ കൂടുതല്‍ സൈനിക നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രൂപ്പ് മേധാവി യഹിയ സെറിയ പറഞ്ഞു.

പുഷ്പൻ അന്തരിച്ചു; വിടവാങ്ങിയത് കൂത്തുപറമ്പ് സമരത്തിലെ 'ജീവിച്ചിരുന്ന രക്തസാക്ഷി'

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍; കൊല്ലപ്പെട്ടത് ബെയ്റൂട്ടില്‍ നടന്ന വ്യോമാക്രമണത്തിനിടെ

എ കെ ശശീന്ദ്രനു പകരം തോമസ് കെ തോമസ് മന്ത്രിയാകും; എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തീരുമാനിച്ചതായി പി സി ചാക്കോ

മഴ ഒഴിഞ്ഞിട്ടില്ല, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ബിഹാറില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ്

കശ്മീരിന് പ്രത്യേക പദവി തിരിച്ചുനല്‍കണമെന്ന ആവശ്യം; യുഎന്നില്‍ പാകിസ്താനെ കടന്നാക്രമിച്ച് ഇന്ത്യ, ഭീകരതയ്ക്ക് അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരും