ശനിയാഴ്ച വടക്കൻ ഗാസയിലെ അഭയാർഥി ക്യാമ്പിലും പരിസരപ്രദേശങ്ങളിലുമായി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 42 പലസ്തീനികൾ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ അൽ-മവാസി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സമാനമായ ആക്രമണം ആവർത്തിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം കനത്ത പ്രതിഷേധമാണ് ഇസ്രയേൽ സർക്കാരിനെതിരെ ടെൽ അവീവിൽ അരങ്ങേറിയത്. ഏകദേശം ഒന്നരലക്ഷം പേർ പ്രക്ഷോഭത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ.
ഇസ്രയേൽ പതാകകൾ വീശിയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയുമാണ് ശനിയാഴ്ച ഇസ്രയേൽ തെരുവുകളിൽ പ്രക്ഷോഭം ആളിക്കത്തിയത്. വെടിനിർത്തൽ പ്രഖ്യാപിക്കുക, ഹമാസ് ബന്ദികളാക്കിയവരെ തിരികെയെത്തിക്കുക, നിലവിലെ സർക്കാരിനെ പിരിച്ചുവിട്ട് ഉടൻ പുതിയ തിരഞ്ഞെടുപ്പ് നടത്തുക എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ. നെതന്യാഹുവിനെ "ക്രൈം മിനിസ്റ്റർ" എന്നുൾപ്പെടെ വിശേഷിപ്പിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ഇസ്രയേൽ കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിൽ ഒന്നാണ് കഴിഞ്ഞ ദിവസം നടന്നത്.
രാജ്യത്തിന്റെ സുരക്ഷാ വകുപ്പ് മന്ത്രിയും തീവ്രവലതുപക്ഷ നേതാവുമായ ഇറ്റാമർ ബെൻ-ഗ്വിർ ഉൾപ്പെടെയുള്ള തീവ്രദേശീയവാദികളുമായി ചേർന്നുള്ള സർക്കാരിൽ ഇസ്രയേൽ ജനത നിരാശരാണ്. ഗാസയിലെ യുദ്ധം നീണ്ടുനിൽക്കുന്നുവെന്നും രാജ്യത്തിൻ്റെ സുരക്ഷയെയും തടവുകാരെയും അപകടത്തിലാക്കുന്നുവെന്നും പ്രതിഷേധക്കാർ ആരോപിച്ചു. നെതന്യാഹുവിൻ്റെ ലിക്കുഡ് പാർട്ടിയുടെ ആസ്ഥാനത്തിന് സമീപം പ്രതിഷേധക്കാരെ തടഞ്ഞ പോലീസ്, മൂന്നുപേരെ അറസ്റ്റ് ചെയ്തതായി ഇസ്രയേലി മാധ്യമമായ ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിഷേധക്കാർ റോഡ് തടഞ്ഞ് തീയിടുകയും വഴിയാത്രക്കാർക്ക് അപകടമുണ്ടാക്കുകയും ചെയ്തുവെന്നുമാണ് പോലീസ് ആരോപണം.
ഗാസയിലെ അൽ-ഷാതി അഭയാർഥി ക്യാമ്പിലും തുഫായിലുമായിരുന്നു കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്. അതിൽ അൽ ഷാതിയിൽ 24 പേരും തുഫായിൽ 18 ജീവനുകളുമാണ് നഷ്ടപ്പെട്ടത്. എന്നാൽ ഹമാസ് സൈനിക സൗകര്യങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. ഇസ്രയേൽ ആക്രമണം കാരണം 39000 കുട്ടികളാണ് വിദ്യാഭ്യാസം ലഭിക്കാതെ നിസ്സഹായരായി നിൽക്കേണ്ടി വരുന്നത്. അത്തരത്തിൽ ഏകദേശം അഞ്ചുലക്ഷം വിദ്യാർഥികൾക്കാണ് സ്കൂൾ വിദ്യഭ്യാസം നിഷേധിക്കപ്പെട്ടത്. ഒക്ടോബർ 7 മുതൽ ഗാസയ്‌ക്കെതിരായ ഇസ്രയേൽ ആക്രമണത്തിൽ 37,551 പേർ കൊല്ലപ്പെടുകയും 85,911 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് കണക്ക്.