ബെയ്‌റൂട്ട് കേന്ദ്രമാക്കി ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ ശക്തമായി തുടരുന്നു. ബെയ്റൂട്ടിന്റെ തെക്കന്‍ മേഖലകളില്‍ ശനിയാഴ് ഇസ്രായേല്‍ സൈന്യം നടത്തിയത് സമാനതകളില്ലാത്ത ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ളയ്ക്ക് കനത്ത നാശം നേരിട്ടിട്ടുണ്ടെന്നാണ് പുറത്തവരുന്ന വിവരം.
സെന്‍ട്രല്‍ ഗാസ മുനമ്പിലെ ദേര്‍ അല്‍-ബാലയിലെ അല്‍-അഖ്സ ആശുപത്രിക്ക് സമീപമുള്ള ഷുഹാദ അല്‍-അഖ്സ പള്ളിക്ക് നേരെ ആക്രമണം ഉണ്ടായി. മസ്ജിദ് ആക്രമണത്തില്‍ 18 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെ തങ്ങിയിരുന്ന പള്ളിക്ക് നേരെയാണ് ആക്രണം ഉണ്ടായത്.
ഹാഷിം സഫീദ്ദീനെകുറിച്ചു വിവരങ്ങളില്ലെന്ന വാര്‍ത്തകള്‍ കിംവദന്തികള്‍ എന്ന് ഹിസ്ബുള്ള
ഹിസ്ബുള്ളയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനായ ഹാഷിം സഫീദ്ദീനെ കുറിച്ച് വിവരങ്ങളില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ലെബനന്‍ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറയാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലപ്പെട്ട ഹിസ്ബുള്ള മേധാവി ഹസന്‍ നസറുള്ളയുടെ പിന്‍ഗാമിയായി വിലയിരുത്തപ്പെട്ടിരുന്ന നേതാവാണ് ഹാഷിം സഫീദ്. ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറലായി നസ്റല്ലയുടെ പിന്‍ഗാമിയായി സഫീദ്ദീന്‍ എത്തുമെന്ന വിിലയിരുത്തലുകള്‍ക്കിടെ് ഹാഷിം സഫീദ്ദീനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. എന്നാല്‍, ഹാഷിം സഫീദ്ദീനെകുറിച്ചു വിവരങ്ങളില്ലെന്ന വാര്‍ത്തകളെ കിംവദന്തികള്‍ എന്നാണ് ഹിസ്ബുള്ളയുടെ മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന ചൂണ്ടിക്കാട്ടിയത്.
അതിനിടെ, ഗാസയിലും ലെബനനിലും സൈനിക നടപടി തുടരുന്ന ഇസ്രയേലിനുള്ള ആയുധവിതരണം നിര്‍ത്തിവയ്ക്കാന്‍ ആഹ്വാനം ചെയ്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയേക്കുമെന്ന സാഹചര്യത്തിലായിരുന്നു ഇമ്മാനുവല്‍ മാക്രോണിന്റെ പ്രതികരണം. ഫ്രഞ്ച് പ്രസിഡന്റിന്റെ നടപടിയെ നാണം കെട്ട നിലപാട് എന്നായിരുന്നു ശനിയാഴ്ച വൈകീട്ട് നെതന്യാഹു വിമര്‍ശിച്ചത്.
'ഇറാന്‍ നയിക്കുന്ന പ്രാകൃത ശക്തികളോട് ഇസ്രായേല്‍ പോരാടുമ്പോള്‍, എല്ലാ പരിഷ്‌കൃത രാജ്യങ്ങളും ഇസ്രായേലിന്റെ പക്ഷത്ത് ഉറച്ചു നില്‍ക്കണം. എന്നാല്‍ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണും മറ്റ് ചില പാശ്ചാത്യ നേതാക്കളും ഇപ്പോള്‍ ഇസ്രായേലിനെതിരെ ആയുധ ഉപരോധത്തിന് ആഹ്വാനം ചെയ്യുകയാണ്. ഈ നടപടിയെ അപലപിക്കുകയാണ്. 'ഇറാന്‍ ഹിസ്ബുള്ളയ്ക്കെതിരെയും ഹൂത്തികള്‍ക്കെതിരെയും ഹമാസിനെതിരെയും അതിനെ മറപറ്റി പ്രവര്‍ത്തിക്കുന്ന സംഘടനകളെയും നേരിടുന്ന ഇസ്രയേലിന് എതിരെ ആയുധ ഉപരോധം ഏര്‍പ്പെടുത്തുകയാണോ വേണ്ടത് എന്നും നെതന്യാഹു ചോദിക്കുന്നു. ഇത്തരം രാജ്യങ്ങളുടെ പിന്തുണയില്ലെങ്കിലും ഇസ്രായേല്‍ വിജയിക്കുമെന്ന് നെതന്യാഹു പറഞ്ഞു.