അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ തള്ളിയും ആഭ്യന്തര മുന്നറിയിപ്പുകള്‍ അവഗണിച്ചും ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കം രൂക്ഷമായി തുടരുന്നു. ഇസ്രയേല്‍ സൈന്യം അധിവേശ വെസ്റ്റ് ബാങ്കില്‍ നടത്തുന്ന സൈനിക നടപടികളില്‍ ബുധനാഴ്ച മാത്രം 16 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. മരണസംഖ്യയ്ക്ക് ഒപ്പം ഇസ്രയേല്‍ സൈന്യത്തിന്റെ ക്രൂരതകള്‍ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
വൈസ്റ്റ് ബാങ്കില്‍ പതിനാറുകാരന്‍ കൊല്ലപ്പെട്ട സംഭവമാണ് നിലവില്‍ അന്താരാഷ്ട്ര തലത്തില്‍ തലക്കെട്ടാകുന്നത്. അഭയാര്‍ഥി ക്യാംപിന് സമീപം വച്ചാണ് കൗമാരക്കാരനെ ഇസ്രയേല്‍ സൈന്യം വകവരുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. വെടിയേറ്റു വീണ കുട്ടിയ്ക്ക് സൈന്യം ചികിത്സ തടഞ്ഞതായും ആരോപണമവുണ്ട്. ആംബുലന്‍സം സംഭവ സ്ഥലത്ത് എത്താതെ തടഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഗാസയിലെ ജനിന്‍ മേഖലയില്‍ സൈന്യം സിവിലിയന്‍മാരെ ലക്ഷ്യമിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവരുന്നത്. ജനിന്‍ മേഖലയില്‍ നാലായിരത്തില്‍ അധികം വരുന്ന കൂടുംബങ്ങളെ തോക്കിന്‍ മുനയില്‍ കുടിയിറക്കുന്നു എന്ന് അല്‍ജസീറ റിപ്പോര്‍ട്ട് പറയുന്നു.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നടത്തുന്ന നീക്കങ്ങള്‍ യുദ്ധ തന്ത്രങ്ങള്‍ക്ക് സമാനമാണെന്ന് ഐക്യ രാഷ്ട്രസഭ തന്നെ കുറ്റപ്പെടുത്തുന്ന സാഹചര്യത്തിലാണ് ക്രൂരതകകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. തുല്‍ക്കറെം, ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കേന്ദ്രീകരിച്ചുള്ള തുടര്‍ച്ചയായ സൈനിക നീക്കങ്ങള്‍ 2000-കളുടെ തുടക്കത്തില്‍ രണ്ടാം ഇന്‍തിഫാദയ്ക്ക് ശേഷം മേഖലയില്‍ നടക്കുന്ന ഇസ്രായേലിന്റെ ഏറ്റവും വലിയ ആക്രമണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് റോഡുകള്‍ ഉള്‍പ്പെടെ തകര്‍ത്ത് പ്രദേശവാസികളെ ദൂരിത്തിലാഴ്ത്തി ഉള്‍പ്പെടെയാണ് ഇസ്രയേല്‍ അധിനിവേശ വെസ്റ്റ്ബാങ്കില്‍ സൈനിക നീക്കം നടത്തുന്നത്.
അതേസമയം, ഗാസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കടുത്ത നിലപാടുകള്‍ മൂലമാണ് സാധ്യമാകാത്തതെന്ന് ഹമാസ് ആരോപിച്ചു. ഈജിപ്തുമായി ചേര്‍ന്നു കിടക്കുന്ന ഈ മുനമ്പിന്റെ നിയന്ത്രണം ഉള്‍പ്പെടെ തങ്ങള്‍ക്ക് വേണമെന്ന ഇസ്രയേല്‍ നിലപാടിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. ഈ ആവശ്യത്തില്‍ വിലപേശലില്ലെന്നാണ് നെതന്യാഹുവിന്റെ വാദം.