ലെബനനിലെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രയേല്‍. ഇസ്രയേലിലെ ഗോളന്‍ ഹൈറ്റ്‌സില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഹിസ്ബുള്ള നടത്തിയ വ്യോമാക്രമണത്തില്‍ 12 കുട്ടികളടക്കമുള്ളവര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് തിരിച്ചടി. ശനിയാഴ്ച മജ്‌ദല്‍ ഷംസിലെ ഡ്രൂഡ് ടൗണില്‍ നടന്ന ആക്രമണത്തിന് പിന്നിൽ ഹിസ്ബുള്ളയാണെന്ന് ഇസ്രയേല്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഹിസ്ബുള്ള ഇത് നിഷേധിച്ചിരുന്നു. അറബി സംസാരിക്കുന്ന, മതപരവും വംശീയപരവുമായി ഡ്രൂസ് വിഭാഗത്തില്‍പ്പെടുന്ന 25,000 അംഗങ്ങള്‍ താമസിക്കുന്ന ഗോലാന്‍ കുന്നുകളിലെ നാല് ഗ്രാമങ്ങളിലൊന്നാണ് ആക്രമണം നടന്ന മജ്‌ദല്‍ ഷംസ്.
ലെബനന്‍ അതിര്‍ത്തിയില്‍ ഏഴ് ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അക്രമത്തില്‍ പരുക്കുകളുണ്ടോയെന്ന് വ്യക്തമല്ല. ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത് മുതല്‍ ഇസ്രയേലിനുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ശനിയാഴ്ച നടന്ന ഫുട്‌ബോള്‍ പിച്ചിലെ ആക്രമണം. ആക്രമണത്തിന് പിന്നാലെ ഉടനടി പ്രതികരിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹിസ്ബുള്ളയ്‌ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് അറിയിച്ചിരുന്നു.
പിന്നാലെയാണ് ആയുധങ്ങളും മറ്റുമുള്ള ഹിസ്ബുള്ളയുടെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ച ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് ഇസ്രായേലിന്റെ റോക്കറ്റാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് ഐക്യരാഷ്ട്രസഭയോട് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ച്‌ത്തെ ആക്രമണത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനുമുമ്പ്, മറ്റ് നാല് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തിരുന്നു.
ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ (രണ്ട് മൈല്‍) അകലെ ഗോലാന്‍ കുന്നുകളുടെയും ലെബനന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഹെര്‍മോണ്‍ പര്‍വതത്തിന്റെ ചരിവുകളില്‍ അടുത്തുള്ള സൈനിക കോമ്പൗണ്ടിലായിരുന്നു ഒരു ആക്രമണം നടത്തിയത്.
ഹിസ്ബുള്ള സംഭവത്തിന്റെ ഉത്തരവാദിത്തം നിഷേധിക്കുകയും കള്ളം പറയുകയുമാണ് ചെയ്യുന്നതെന്ന് ഐഡിഎഫ് വക്താവ് ഡാനിയേല്‍ ഹഗാരി ആരോപിച്ചു. ഹിസ്ബുള്ളയുടെ ഉടമസ്ഥതയിലുള്ള ഇറാനിയന്‍ നിര്‍മ്മിത ഫലഖ്-1 റോക്കറ്റ് ഉപയോഗിച്ചാണ് വ്യോമാക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തെ അഭിമുഖീകരിക്കുകയാണെന്നും ഇസ്രയേലിലെ പൗരന്മാരെയും അതിന്റെ പരമാധികാരത്തെയും ശക്തമായി സംരക്ഷിക്കുമെന്നും വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ഇസ്രയേലിന്റെ ചാനല്‍ 12 വാര്‍ത്തയോട് പ്രതികരിച്ചിരുന്നു.
എന്നാല്‍ ലബനന്‍ സര്‍ക്കാരും പ്രതികരണമായി പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ''എല്ലാ പൗരന്മാര്‍ക്കുമെതിരായ എല്ലാ അക്രമങ്ങളെയും അപലപിക്കുന്നു. പൗരന്മാരെ ലക്ഷ്യം വെക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനവും മാനവികതയുടെ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണ്,'' പ്രസ്താവനയില്‍ പറയുന്നു. കൂടാതെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ആക്രമണത്തെ അപലപിച്ചു. പരമാവധി സംയമനം എല്ലാ ആളുകളും പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയും പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
വടക്കന്‍ ഇസ്രയേല്‍, ലെബനന്‍, ജോര്‍ദാന്‍, സിറിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഡ്രൂസ് വിഭാഗങ്ങള്‍ താമസിക്കുന്നത്. ഇസ്രയേല്‍ ജനസംഖ്യയുടെ 1.5 ശതമാനം ഉള്‍പ്പെടുന്ന ഇവര്‍ക്ക് പൂര്‍ണ്ണ പൗരത്വ അവകാശവുമുണ്ട്. 1981ല്‍ ഈ പ്രദേശം സിറിയയില്‍ നിന്ന് കൂട്ടിച്ചേര്‍ക്കപ്പെട്ടപ്പോള്‍ ഗോലാനില്‍ താമസിക്കുന്നവര്‍ക്ക് ഇസ്രയേല്‍ പൗരത്വം വാഗ്ദാനം ചെയ്‌തെങ്കിലും എല്ലാവരും അത് അംഗീകരിച്ചിരുന്നില്ല. ഗോലാനിലെ ഡ്രൂസിന് ഇപ്പോഴും ഇസ്രയേലില്‍ പഠിക്കാനും ജോലി ചെയ്യാനും കഴിയുമെങ്കിലും പൗരത്വമുള്ളവര്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കു. മാത്രവുമല്ല ഐഡിഎഫിലെ ഏറ്റവും വലിയ ജൂതേതര ഗ്രൂപ്പും ഡ്രൂസാണ്.