MIDDLE EAST

നസ്റുള്ളയെ കൊലപ്പെടുത്തിയത് യുഎസ് നിർമിത ആയുധങ്ങൾ കൊണ്ട്; ഉപയോഗിച്ചത് ബങ്കറുകള്‍ നശിപ്പിക്കാന്‍ ശേഷിയുള്ള മാർക്ക് 84 സീരീസ് ബോംബുകൾ

ഇസ്രയേലിൻ്റെ ദീർഘകാല സഖ്യകക്ഷിയും, ഏറ്റവും വലിയ ആയുധ ദാതാവുമാണ് യുഎസ്

വെബ് ഡെസ്ക്

ഹിസ്ബുള്ള നേതാവ് ഹസൻ നസ്റുള്ളയെ കൊലപ്പെടുത്തിയ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഉപയോഗിച്ചത് അമേരിക്കൻ നിർമിത ആയുധങ്ങളെന്ന് റിപ്പോർട്ട്. ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഉപയോഗിച്ച ബോംബുകൾ അമേരിക്കൻ നിർമിത ഗൈഡഡ് ആയുധങ്ങളാണെന്ന് യുഎസ് സെനറ്ററെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് റിപ്പോർട്ട് ചെയ്തത്. ബങ്കർ-ബസ്റ്ററുകൾ എന്നറിയപ്പെടുന്ന 900 കിലോയുടെ മാർക്ക് 84 സീരീസ് ബോംബുകളാണ് കഴിഞ്ഞയാഴ്ച ഹിസ്ബുള്ള ആസ്ഥാനത്ത് പതിച്ചത്.

എൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് സെനറ്റ് ആംഡ് സർവീസസ് എയർലാൻഡ് സബ്കമ്മിറ്റി അധ്യക്ഷൻ മാർക്ക് കെല്ലി നസ്റുള്ളയെ വധിക്കാനായി ഇസ്രയേൽ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് ആദ്യസൂചനകൾ നൽകിയത്. "ഗൈഡഡ് യുദ്ധോപകരണങ്ങൾ, ജെഡിഎഎമ്മുകൾ എന്നിവയുടെ കൂടുതൽ ഉപയോഗം ഞങ്ങൾ കാണുന്നു. ഞങ്ങൾ ആ ആയുധങ്ങൾ നൽകുന്നത് തുടരുന്നുണ്ട്. നസ്റുള്ളയെ കൊലപ്പെടുത്താൻ ഉപയോഗിച്ച 2,000 പൗണ്ട് ബോംബ്, അത് മാർക്ക് 84 സീരീസ് ബോംബാണ്," അദ്ദേഹം പറഞ്ഞു. ഇസ്രയേലോ പെന്റഗണോ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇസ്രയേലിൻ്റെ ദീർഘകാല സഖ്യകക്ഷിയും, ഏറ്റവും വലിയ ആയുധ ദാതാവുമാണ് യുഎസ്.

ലെബനൻ തലസ്ഥാനത്ത് കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ശക്തമായ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള നേതാവ് ഹസൻ നസ്റുള്ള കൊല്ലപ്പെട്ടത്. വടക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചതിന്‌റെ ഉത്തരവാദിത്വം ഹിസ്ബുള്ള ഏറ്റെടുത്ത് മണിക്കൂറുകള്‍ക്കുശേഷം പ്രതികാര ആക്രമണങ്ങളുടെ തരംഗമായിട്ടായിരുന്നു ഇസ്രയേൽ ബെയ്‌റൂട്ടിലേക്ക് വ്യോമാക്രമണം നടത്തിയത്. നസ്റുള്ളയെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം.

സമൂഹ മാധ്യമമായ എക്‌സിലൂടെ ഇസ്രയേലി സൈന്യം തന്നെയാണ് കൊലപാതകവിവരം പുറംലോകത്തെ അറിയിച്ചത്. "ലോകത്തെ ഭീകരവാദവൽക്കരിക്കാൻ ഇനി ഹസൻ നസറുള്ളയ്ക്ക് സാധിക്കില്ല" എന്നായിരുന്നു ഇസ്രയേൽ പ്രതിരോധ സേനയുടെ ട്വീറ്റ്. പിന്നീട് ഹിസ്ബുള്ള പുറത്തിറക്കിയ പ്രസ്താവനയിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. തെക്കന്‍ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണങ്ങളിലൊന്നില്‍ നസറുള്ളയുടെ മകള്‍ സൈനബ് കൊല്ലപ്പെട്ടതായി ഇസ്രയേലിന്‌റെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലെബനനില്‍, പ്രത്യേകിച്ച് ഷിയാ അനുയായികള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള ആളായിരുന്നു നസറുള്ള. നസറുള്ളയെ വധിച്ചതിനു പിന്നാലെ ഹിസ്ബുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ കമാന്‍ഡര്‍ നബീല്‍ കൗക്കിനെയും വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം അവകാശവാദം ഉന്നയിച്ചിരുന്നു. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണം ഇസ്രയേല്‍ ഇപ്പോഴും തുടരുകയാണ്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം