MIDDLE EAST

ലെബനനിലും കൂട്ടക്കുരുതി, ഇസ്രയേല്‍ ആക്രമണത്തില്‍ 492 മരണം, സംഘര്‍ഷം അരാജകത്വത്തിലേക്ക് വലിച്ചിഴയ്ക്കുമെന്ന് തുര്‍ക്കിയുടെ മുന്നറിയിപ്പ്

വെബ് ഡെസ്ക്

ഹിസ്ബുള്ള പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. തിങ്കളാഴ്ച നടന്ന വ്യാപകമായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചൂറിനോട് അടുത്തു. ഇതുവരെ 492 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ലബനന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 20 വര്‍ഷത്തിനിടെ മേഖലയി നടക്കുന്ന ഏറ്റവും വിനാശകരമായ ആക്രമണമാണ് തിങ്കളാഴ്ച നടന്നത് എന്നാണ് റിപ്പോര്‍ട്ട്. ആയിരത്തിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹിസ്ബുള്ള ആയുധം സൂക്ഷിക്കുന്ന ഇടങ്ങളെന്ന പേരിലാണ് ലെബനനിലെ നൂറോളം ഇടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്.

ഗാസയ്ക്ക് പിന്നാലെ ലെബനനിലും കടുത്ത ആക്രമണത്തിന് മുതിരുന്ന ഇസ്രയേല്‍ നടപടിക്ക് എതിരെ ഇതിനോടകം വിമര്‍ശനങ്ങളും ശക്തമായിട്ടുണ്ട്. ലെബനനിലെ ഹിസ്ബുള്ളയ്ക്ക് എതിരെ ഇസ്രയേല്‍ നടത്തുന്ന നീക്കം ''മുഴുവന്‍ മേഖലയെയും അരാജകത്വത്തിലേക്ക് വലിച്ചിഴയ്ക്കുമെന്ന്'' തുര്‍ക്കി മുന്നറിയിപ്പ് നല്‍കി. സൈനിക നടപടിയുടെ തീവ്രത കുറയ്ക്കണമെന്ന് ലോക നേതാക്കളും ഐക്യരാഷ്ട്രസഭയും ആവശ്യപ്പെട്ടു.

2006ലെ യുദ്ധത്തിനു ശേഷം ഹിസ്ബുള്ള ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാനുള്ള ഓപ്പറേഷനില്‍ 1,300 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഹിസ്ബുള്ള ഇസ്രയേലിലേക്ക് നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ കാരണം എഴുപത്തിനായിരത്തോളം ഇസ്രയേലി പൗരന്മാരാണ് രാജ്യത്തിന്റെ വടക്കന്‍ മേഖലകളില്‍നിന്ന് കുടിയിറങ്ങിയത്. ഇവരെ തിരികെ സുരക്ഷിരായി വീടുകളിലെത്തിക്കാനെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇസ്രയേലിന്റെ നിലവിലെ ലെബനന്‍ ആക്രമണം. ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി ലെബനനില്‍ കഴിയുന്ന പൗരന്മാരോട് ഉടന്‍ ഒഴിയണമെന്ന് ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്.

ഒക്ടോബര്‍ ഏഴിന് ശേഷം, 11 മാസക്കാലമായി ഗാസയില്‍ സൈനിക നടപടി തുടരുന്നതിനിടെയാണ് ഇസ്രയേല്‍ തങ്ങളുടെ വടക്കന്‍ അതിര്‍ത്തി മേഖലയിലേക്ക് ചുവടുമാറ്റുന്നത്. സാബത്ത് ആക്രമണം (ഹമാസ് ഇസ്രയേലില്‍ നടത്തിയത്) പിന്നാലെ ഗാസയിലേക്ക് കടന്നുകയറിയ ഇസ്രയേലിനെതിരെ ഹിസ്ബുള്ളയും രംഗത്തുവന്നിരുന്നു. അതിന്റെ ഭാഗമായി നടത്തിയ ലെബനനിലെ തങ്ങളുടെ ആക്രമണം കടുപ്പിക്കുകയാണെന്ന് ഇസ്രയേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തിങ്കളാഴ്ച അറിയിച്ചിരുന്നു. കഴിഞ്ഞദിവസം ഹിസ്ബുള്ള നടത്തിയ തിരിച്ചടിയില്‍ ഇസ്രയേലിലെ ഹൈഫ മേഖലയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. നാലോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

സെപ്റ്റംബര്‍ പതിനേഴിനാണ് ലെബനനെതിരെ ഇസ്രയേല്‍ വ്യാപക ആക്രമണം ആരംഭിച്ചത്. ലെബനനിലെ പലയിടങ്ങളിലായി ഹിസ്ബുള്ള അംഗങ്ങളുടെ കൈവശമുണ്ടായിരുന്ന പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിച്ചിരുന്നു. തൊട്ടടുത്ത ദിവസം വാക്കി ടോക്കികള്‍ ഉപയോഗിച്ചും ആക്രമണമുണ്ടായി. ഏകദേശം 39 പേരാണ് ഇസ്രയേല്‍ നടത്തിയ ആസൂത്രിത ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടത്. പിന്നാലെ ആശയവിനിമയ ഉപകരണങ്ങള്‍ ഉപേക്ഷിക്കാന്‍ ഹിസ്ബുള്ളയും ആഹ്വാനം ചെയ്തിരുന്നു.

ഉപമുഖ്യമന്ത്രിയായി ഉദയനിധിയെത്തുന്നു; സത്യപ്രതിജ്ഞ നാളെ വൈകിട്ട്

ഹസൻ നസ്‌റുള്ളയുടെ കൊലപാതകം: ആരാകും പകരക്കാരൻ? ഇസ്രയേല്‍ ലക്ഷ്യം ഇറാൻ?

ഐപിഎല്ലിൽ ആദ്യമായി 'മാച്ച് ഫീ'; സീസണില്‍ താരങ്ങള്‍ക്ക് ലഭിക്കുക ഒരു കോടി രൂപ വരെ

തലവന്‍ ഹസന്‍ നസറുള്ള കൊല്ലപ്പെട്ടു, ഇസ്രയേൽ ആക്രമണം സ്ഥിരീകരിച്ച് ഹിസ്ബുള്ള; പരമോന്നത നേതാവിനെ അതിസുരക്ഷ മേഖലയിലേക്ക് മാറ്റി ഇറാൻ

കത്തിജ്വലിച്ച് കാരിച്ചാൽ; തുടർച്ചയായി അഞ്ചാം നെഹ്‌റുട്രോഫി മാറോടണച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്