ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ലെബനന്‍ തലസ്ഥാനത്ത് വ്യോമാക്രണം നടന്നതിന്‌റെ അഞ്ചാം ദിനമാണ് ദഹിയെ, ഹാരെത്, ഹ്രെയ്ക്, ചിയാഹ് മേഖലകളിലെ വ്യോമാക്രമണം. തെക്കന്‍ ബെയ്‌റൂട്ടില്‍ ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുന്നതായി ആവര്‍ത്തിച്ചു പറയുന്നതിനിടയിലാണ് ഇന്നത്തെ വ്യോമാക്രമണം.
പുറത്തുവന്ന ചിത്രങ്ങളില്‍ ബെയ്‌റൂട്ടിന്‌റെ പ്രാന്തപ്രദേശങ്ങളില്‍ പുക ഉയരുന്നത് ദൃശ്യമാണ്. ലെബനനിലെ ദേശീയ വാര്‍ത്താ ഏജന്‍സി ചിയാഹിന് സമീപത്ത് ശത്രുവിമാനം വ്യോമാക്രമണം നടത്തിയത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ ലെബനനിലുടനീളം നടന്ന ആക്രമണങ്ങളില്‍ 59 പേര്‍ കൊല്ലപ്പെടുകയും 182-ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം തെക്കന്‍ ബെയ്‌റൂട്ടിലെ ദഹിയെയില്‍ ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ആക്രമണത്തെക്കുറിച്ച് പ്രദേശത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ആളുകളോട് ഒഴിഞ്ഞുമാറാന്‍ പറഞ്ഞതായും സൈന്യം അറിയിച്ചു. ഇന്‌റലിജന്‍സ് വിഭാഗത്തിന്‌റെ നേതൃത്വത്തില്‍ യുദ്ധവിമാനങ്ങള്‍ ആക്രമണങ്ങളുടെ ഒരു പരമ്പര ആരംഭിച്ചതായും പ്രസ്താവനയില്‍ പറഞ്ഞു.
ലെബനനിലെ നബാത്തി ഗവര്‍ണറേറ്റിലെ അര്‍നൗണ്‍ കഫര്‍ റോജില്‍ ഫീല്‍ഡ്‌വര്‍ക് നടത്തുന്നതിനിടെ ഒരു ഇസ്രയേലി ഡ്രോണ്‍ സിവില്‍ ഡിഫന്‍സ് ടീമിനെ ഇടിച്ചു. ഇതില്‍ പാരാമെഡിക്കുകള്‍ക്ക് പരുക്കേറ്റതായി സൂചനയുണ്ട്. ലെബനനിലെ കിഴക്കന്‍ ബാല്‍ബെക് മേഖലയിലെ ഒരു സിവില്‍ ഡിഫന്‍സ് സെന്‌ററില്‍ വ്യാഴാഴ്ച നടന്ന വ്യോമാക്രമണത്തില്‍ കുറഞ്ഞത് 12 മെഡിക്കുകള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷം ലെബനനില്‍ ഇസ്രയേല്‍ കൊലപ്പെടുത്തിയ രക്ഷാപ്രവര്‍ത്തകരുടെ എണ്ണം നൂറിലധികമായിട്ടുണ്ട്.
ഗാസയ്‌ക്കെതിരെ ആക്രമണം ആരംഭിച്ചശേഷം ലെബനനില്‍ കുറഞ്ഞത് 3445 പേര്‍ കൊല്ലപ്പെടുകയും 14,599 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.