ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനിലെ ബാലിസ്റ്റിക് മിസൈലുകള്‍ക്ക് ഖര ഇന്ധനം കലര്‍ത്താന്‍ ഉപയോഗിക്കുന്ന സൈറ്റുകള്‍ക്ക് തകരാര്‍ സംഭവിച്ചതായി ഉപഗ്രഹചിത്രങ്ങള്‍ കാണിക്കുന്നതായി രണ്ട് ഗവേഷകരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടെഹ്‌റാന് സമീപമുള്ള പാര്‍ച്ചിന്‍ എന്ന കൂറ്റന്‍ സൈനിക സമുച്ചയമാണ് ഇസ്രയേല്‍ ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടെഹ്‌റാന് അടുത്തുള്ള മിസൈല്‍ നിര്‍മാണ കേന്ദ്രമായ ഖോജിറും ഇസ്രയേല്‍ ആക്രമിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
'മാനസാന്തരത്തിന്‌റെ ദിനങ്ങള്‍' എന്ന് വിശേഷിപ്പിച്ച ഇറാനിയന്‍ സൈറ്റുകള്‍ക്ക് നേരേയുള്ള വ്യോമാക്രമണ പരമ്പര പൂര്‍ത്തിയാക്കിയതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞതിനു പിന്നാലെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ രണ്ട് സൈനികരുടെ ജീവന്‍ നഷ്ടമായതായി ഇറാന്‌റെ ആര്‍ധ ഔദ്യോഗിക വാര്‍ത്താഏജന്‍സി തസ്‌നിം പറഞ്ഞു. ഇറാന്‌റെ മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങള്‍, മിസൈല്‍ സംഭരണ കേന്ദ്രങ്ങള്‍, സൈനിക പ്രാധാന്യമുള്ള മറ്റ് സ്ഥലങ്ങള്‍ ഉള്‍പ്പെടെ ഇരുപതോളം കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഐഡിഎഫ് പറഞ്ഞു. അതേസമയം പരിമിതമായ നാശനഷ്ടങ്ങളോടെ ഇസ്രയേലിന്‌റെ ആക്രമണങ്ങളെ വിജയകരമായി നേരിട്ടതായി ഇറാന്‍ പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടരയോടെയായിരുന്നു ഇറാന്‌റെ തലസ്ഥാനമായ ടെഹ്‌റാനില്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരേ ഇസ്രയേലിന്‌റെ വ്യോമാക്രമണം ഉണ്ടായത്. ഈ മാസം ആദ്യം ഇറാന്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് തിരിച്ചടിയായായിരുന്നു ഇസ്രയേലിന്‌റെ നടപടി.
ഒക്ടോബര്‍ ഒന്നിന് ഇരുന്നൂറോളം മിസൈലുകളായിരുന്നു ഇസ്രയേലിലേക്ക് ഇറാന്‍ തൊടുത്തത്. ഹിസ്ബുള്ളയുടെ ഉന്നതപദവിയിലിരിക്കുന്നവരെ വധിച്ചതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ ആക്രമണമുണ്ടായത്. ഹമാസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണങ്ങള്‍ ആരംഭിച്ചത്.