കുവൈത്ത് പാര്‍ലമെന്റ് വീണ്ടും പിരിച്ചുവിട്ടു. അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റേതാണ് നടപടി. ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് അമീര്‍ ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ ഭരണഘടനയുടെ ചില ഭാഗങ്ങള്‍ നാലുവര്‍ഷത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുമുണ്ട്. ദേശീയ അസംബ്ലിയുടെ അധികാരങ്ങള്‍ അമീറും മന്ത്രിസഭയും ഏറ്റെടുക്കും.
''മുന്‍ വര്‍ഷങ്ങളില്‍ കുവൈത്ത് അനുഭവിച്ച അനാരോഗ്യകരമായ അന്തരീക്ഷം അഴിമതിയുടെ വ്യാപനത്തെ മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും എത്തിച്ചു. നിര്‍ഭാഗ്യവശാല്‍ അത് സുരക്ഷാ, സാമ്പത്തിക സ്ഥാപനങ്ങളിലുമെത്തി. ജനങ്ങളുടെ അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും സങ്കേതമായ നീതിന്യായ വ്യവസ്ഥയെപ്പോലും അത് ബാധിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ ദുരുപയോഗം രാജ്യത്തെ നശിപ്പിക്കാന്‍ ഞാന്‍ ഒരിക്കലും അനുവദിക്കില്ല. കാരണം എല്ലാറ്റിനും ഉപരി കുവൈത്തിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങളാണ്,''അദ്ദേഹം പറഞ്ഞു.
നേരത്തെ, ഫെബ്രുവരിയിലും പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു. പാര്‍ലമെന്റ് പിരിച്ചുവിട്ടാല്‍, രണ്ടുമാസത്തിനുള്ളില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കുവൈത്തിലെ നിയമം. ഇതനുസരിച്ച് ഏപ്രിലില്‍ പൊതുതിരഞ്ഞെടുപ്പ് നടന്നിരുന്നു. കഴിഞ്ഞവര്‍ഷം ജൂണിലും സമാനമായ സാഹചര്യത്തില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പൊതുതിരഞ്ഞെടുപ്പ് നടത്തിയിരുന്നു.
വര്‍ഷങ്ങളായി കുവൈത്തില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുകയാണ്. എണ്ണശേഖരത്തില്‍നിന്ന് വന്‍തോതിലുള്ള വരുമാനം ലഭിക്കുന്ന രാജ്യമാണ് കുവൈത്ത്. എന്നിട്ടും പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള സാമ്പത്തിക സ്ഥിതിയില്ലെന്നാണ് ആരോപണം. വലിയ എണ്ണ ശേഖരമുള്ള ലോകത്തെ ആറാമത്തെ രാജ്യമാണ് കുവൈത്ത്.