ഹമാസ്-ഹിസ്ബുള്ള നേതാക്കളുടെ കൊലപാതകത്തിനും ഇറാന്റെ ഭീഷണിക്കും പിന്നാലെ തിളച്ചുമറിഞ്ഞ് പശ്ചിമേഷ്യ. ഏതുനിമിഷവും ഇസ്രയേലും ഇറാനും അവർ പിന്തുണയ്ക്കുന്ന സായുധസംഘങ്ങളും തമ്മിലൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന സൂചനകളാണ് മേഖലയിൽനിന്ന് പുറത്തുവരുന്നത്. 'ലഭ്യമായ ഏതെങ്കിലും ടിക്കറ്റ്' ഉപയോഗിച്ച് ലെബനൻ വിടണമെന്നാണ് പൗരന്മാരോട് അമേരിക്കൻ എംബസി അറിയിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ സമാന മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ജൂലൈ 31-നായിരുന്നു ഇറാനിലെ ടെഹ്‌റാനിൽ ഹമാസ് രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഹിസ്ബുള്ള കമാണ്ടർ ഫുവാദ് ഷുക്കറിനെ വധിച്ച് മണിക്കൂറുകൾ പിന്നിടവെയായിരുന്നു ആക്രമണം. ഇതോടെയാണ് പശ്ചിമേഷ്യൻ മേഖലയിൽ കാര്യങ്ങൾ വീണ്ടും കൈവിട്ടത്. ഹനിയയുടെ കൊലപാതകത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ ഇസ്രയേലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഞായറാഴ്ച പുലർച്ചെ, ഹിസ്‌ബുള്ള വടക്കൻ ഇസ്രയേലിലെ ബെയ്റ്റ് ഹില്ലൽ പട്ടണം ലക്ഷ്യമാക്കി ഡസൻ കണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ചിരുന്നു. ഇസ്രയേലിന്റെ റോക്കറ്റ് പ്രതിരോധ സംവിധാനം അയൺ ഡോം ഇതിനെയെല്ലാം നിർവീര്യമാക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്.
യുകെ, ജോർദാൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഇസ്രയേൽ-ലെബനൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും പൗരന്മാർ കഴിയുംവേഗം മേഖല ഉപേക്ഷിക്കാനും ആവശ്യപ്പെട്ടു. സാഹചര്യങ്ങൾ പൊടുന്നനെ വഷളാകാനുള്ള സാധ്യതയുണ്ടെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി പറഞ്ഞിരുന്നു. പൗരന്മാരെ ഒഴിപ്പിക്കുന്നതിന് കൂടുതൽ സൈനികരെയും കോൺസുലർ സ്റ്റാഫിനെയും അതിർത്തി സേനയിലെ ഉദ്യോഗസ്ഥരെയും മേഖലയിലേക്ക് യുകെ അയയ്ക്കുമെന്നും മന്ത്രി അറിയിച്ചു. ലെബനന് പുറമെ ഇസ്രയേലിലേക്കുള്ള യാത്രകളും ഒഴിവാക്കണമെന്ന് കാനഡയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാൻ്റെയും അവർ പിന്തുണയ്ക്കുന്ന സായുധസംഘങ്ങളുടെയും ആക്രമണങ്ങളിൽനിന്ന് ഇസ്രയേലിനെ പ്രതിരോധിക്കാൻ കൂടുതൽ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും മേഖലയിൽ വിന്യസിക്കുമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തെ നേരിടാനുള്ള തയാറെടുപ്പിലാണ് ഇസ്രയേലും. "വെല്ലുവിളി നിറഞ്ഞ ദിനങ്ങളാണ് മുന്നിലുള്ളത്. വിവിധ ഭാഗങ്ങളിൽനിന്ന് ഭീഷണികളുണ്ട്. ഏത് സാഹചര്യത്തിനും ഞങ്ങൾ തയ്യാറാണ്" ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
വാരാന്ത്യത്തിൽ വീടുകളിലേക്ക് മടങ്ങുന്ന ഇസ്രയേൽ മന്ത്രിമാർക്ക്, സാറ്റ്‌ലൈറ്റ് ഫോണുകൾ കൈമാറിയതായി റിപ്പോർട്ടുകളുണ്ട്. ആക്രമണങ്ങളിൽ വാർത്താവിനിമയ സംവിധാനങ്ങൾക്ക് തകരാർ സംഭവിച്ചാൽ ബന്ധപ്പെടുന്നതിന് വേണ്ടിയാണ് മുൻകരുതൽ. നേരത്തെ സിറിയയിലെ ഡമാസ്കസിൽ എംബസിക്ക് നേരെ നടന്ന ആക്രമണത്തിന് ഇറാൻ തിരിച്ചടിച്ചിരുന്നു. സമാനമായൊരു ആക്രമണം ഇസ്രയേലും കരുതിയിരിക്കുകയാണ്,
വെള്ളിയാഴ്ച യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി ചീഫ് ജോസെപ് ബോറെലുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, ഇസ്രയേലിനെ 'ശിക്ഷിക്കുന്നതിന്' നിയമാനുസൃതവുമായ തങ്ങളുടെ അവകാശം നിസംശയം ഉപയോഗിക്കുമെന്ന് ഇറാൻ ആക്ടിങ് വിദേശകാര്യ മന്ത്രി അലി ബക്കറി കാനി അറിയിച്ചിരുന്നു. കൂടാതെ അസാധാരണമായ രംഗങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കുമെന്ന മുന്നറിയിപ്പും വെള്ളിയാഴ്ച ഇറാൻ്റെ ഔദ്യോഗിക ടി വി ചാനലിലൂടെ നൽകിയിരുന്നു.