MIDDLE EAST

യുദ്ധഭീതിയില്‍ പശ്ചിമേഷ്യ; ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണം ഇന്നെന്ന് റിപ്പോര്‍ട്ട്, മുന്‍കൂര്‍ ആക്രമണത്തിന് തയാറെടുത്ത് നെതന്യാഹു

സൈനിക സ്ഥാപനങ്ങള്‍ മാത്രം ലക്ഷ്യംവെച്ചുള്ളതായിരിക്കില്ല, ഇസ്രയേലില്‍ വ്യാപകമായ ആക്രമണമായിരിക്കും ഹിസ്ബുള്ള നടത്തുന്നതെന്ന് ഇറാന്‍ ശനിയാഴ്ച പറഞ്ഞിരുന്നു

വെബ് ഡെസ്ക്

ഇസ്രയേലിനെതിരെ ഇറാന്റെയും ഹിസ്ബുള്ളയുടെയും ആക്രമണം ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ജി 7 രാജ്യങ്ങളില്‍ നിന്നുള്ള തന്റെ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി വിദേശമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ, ഇസ്രയേല്‍ മണ്ണിലെ ആക്രമണം തടയാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന് ഇറാനില്‍ മുന്‍കരുതല്‍ ആക്രമണത്തിന് അനുമതി നല്‍കുമെന്ന് ഇസ്രയേലിലെ പ്രമുഖ ദിനപത്രമായ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധമന്ത്രി യോവ് ഗാലന്റും ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഹെര്‍സി ഹലേവിയും പങ്കെടുത്ത നെതന്യാഹു വിളിച്ച യോഗത്തില്‍ ഇസ്രയേലിലെ പ്രമുഖ രഹസ്യാന്വേഷണ ഏജന്‍സികളായ മൊസാദും ഷിന്‍ ബെറ്റും അവരുടെ തലവന്‍മാരായ ഡേവിഡ് ബാര്‍ണിയ, റോണന്‍ ബാര്‍ എന്നിവരും പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ടെഹ്‌റാന്‍ ആക്രമണത്തിന് തയാറെടുക്കുന്നതിന് ശക്തമായ തെളിവുകള്‍ ലഭിച്ചാല്‍ ഇറാനെ തടയാന്‍ മുന്‍കൂര്‍ ആക്രമണം നടത്തുന്നത് ഇസ്രയേല്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്നലെ സുരക്ഷാമേധാവികളുമായുള്ള യോഗത്തിനുശേഷം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലിനെതിരെ ഹിസ്ബുള്ളയുടെയും ഇറാന്‌റെയും ഭീഷണികള്‍ക്കിടയില്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്‌റെ കമാന്‍ഡര്‍ മൈക്കല്‍ എറിക് കുറില്ല ഇന്നലെ പുലര്‍ച്ചെ പശ്ചിമേഷ്യയില്‍ എത്തിയതായി രണ്ട് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം ഭീഷണികളെ നേരിടാന്‍ ഒരു കൂട്ടുകെട്ട് ഒരുക്കുകയാണ് സന്ദര്‍ശനത്തിന്‌റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ട് പറയുന്നു.

സൈനിക സ്ഥാപനങ്ങള്‍ മാത്രം ലക്ഷ്യംവെച്ചുള്ളതായിരിക്കില്ല, ഇസ്രയേലില്‍ വ്യാപകമായ ആക്രമണമായിരിക്കും ഹിസ്ബുള്ള നടത്തുന്നതെന്ന് ഇറാന്‍ ശനിയാഴ്ച പറഞ്ഞിരുന്നു. ഹിസ്ബുള്ളയുടെ മുതിര്‍ന്ന സൈനിക കമാന്‍ഡറായ ഫുആദ് ഷുക്കറിനെ ഇസ്രയേല്‍ അടുത്തിടെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ശക്തമായത്. ജൂലൈ 30 ന് തെക്കന്‍ ബെയ്റൂട്ടിലെ ജനവാസമേഖലയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഷുക്കറും അഞ്ച് സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.

ഹമാസിന്റെ രാഷ്ട്രീയ നേതാവ് ഇസ്മായില്‍ ഹനിയയെ ടെഹ്റാനില്‍ വെച്ച് കൊലപ്പെടുത്തിയത് സ്ഥിതി കൂടുതല്‍ വഷളാക്കുകയായിരുന്നു. ജൂലൈ 31 ന് ടെഹ്‌റാനില്‍ പുതിയ ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയത്. ഖത്തറില്‍ താമസിച്ചിരുന്ന 62-കാരന്‍ 2007 മുതല്‍ ഗാസ മുനമ്പ് ഭരിക്കുന്ന ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോയുടെ തലവനായിരുന്നു. 'ഹ്രസ്വ ദൂര പ്രൊജക്റ്റൈല്‍' ഉപയോഗിച്ചാണ് ടെഹ്‌റാനില്‍ വെച്ച് ഹനിയയെ കൊലപ്പെടുത്തിയതെന്ന് ശനിയാഴ്ച ഇറാന്‍ പറഞ്ഞു.

ഹനിയയുടെ കൊലപാതകത്തിന് രാജ്യം പ്രതികാരം ചെയ്യുമെന്ന് നിരവധി ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണ സാധ്യതയുള്ളതിനാല്‍ ഇസ്രയേല്‍ കടുത്ത ജാഗ്രത തുടരുകയും അമേരിക്ക കൂടുപതല്‍ സേനയെ ഈ മേഖലയിലേക്ക് അയയ്ക്കുകയും ചെയ്തു.

മാസങ്ങള്‍ നീണ്ട അതിര്‍ത്തി കടന്നുള്ള ഏറ്റുമുട്ടലുകള്‍ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള പൂര്‍ണ തോതിലുള്ള സംഘട്ടനത്തിലേക്ക് വഴിമാറുമെന്നത് ആശങ്കകള്‍ കൂട്ടി. നിലവിലെ സാഹചര്യത്തില്‍ ലഭ്യമായ ഏതെങ്കിലും ടിക്കറ്റ് ഉപയോഗിച്ച് ലെബനന്‍ വിടണമെന്നാണ് പൗരന്മാരോട് അമേരിക്കന്‍ എംബസി അറിച്ചത്. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ സമാന മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നയതന്ത്ര ശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ ആന്റണി ബ്ലിങ്കന്‍ ജി 7 വിദേശകാര്യ മന്ത്രിമാരുമായി ഒരു കോണ്‍ഫറന്‍സ് കോള്‍ വിളിച്ചുചേര്‍ത്തതായും റിപ്പോര്‍ട്ട് ഉണ്ട്.

ലബനനിലെ ക്ഫാര്‍ കേലയിലും ദേര്‍ സിരിയാനിലും ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഹിസ്ബുള്ള ഡസന്‍ കണക്കിന് കത്യുഷ റോക്കറ്റുകള്‍ ഇന്നലെ വിക്ഷേപിച്ചിരുന്നു. ഇറാന്റെ ഭീഷണി നിലനില്‍ക്കെ ഇസ്രയേലിന്റെ പ്രതിരോധം ശക്തമാക്കാന്‍ സഹായവുമായി അമേരിക്ക രംഗത്തെത്തിയിരുന്നു. ഇറാന്റെയും അവര്‍ പിന്തുണയ്ക്കുന്ന സായുധ സംഘങ്ങളുടെയും ആക്രമണങ്ങളില്‍നിന്ന് ഇസ്രയേലിനെ സംരക്ഷിച്ച് നിര്‍ത്താന്‍ പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിക്കാനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ