MIDDLE EAST

ഗാസയിൽ 10 ദിവസത്തിനുള്ളിൽ ഇസ്രയേൽ ആക്രമിച്ചത് 9 യുഎൻ സ്‌കൂളുകൾ; അക്രമങ്ങൾക്കിടയിലും അഭയം പ്രാപിച്ച് ഗാസൻ ജനത

വെബ് ഡെസ്ക്

ഗാസയില്‍ യുഎന്‍ സ്‌കൂളുകള്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കാതെ ഇസ്രയേല്‍. ഗാസ മുനമ്പിലെ ജനങ്ങള്‍ അഭയം പ്രാപിച്ച ഒമ്പതാമത്തെ യുഎന്‍ സ്‌കൂളിലാണ് ഇന്ന് ഇസ്രയേല്‍ സൈന്യം ബോംബാക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട് പലസ്തീനികള്‍ കൊല്ലപ്പെട്ടു. പത്ത് ദിവസങ്ങള്‍ കൊണ്ട് ഇസ്രയേല്‍ സൈന്യം ഒമ്പത് യുഎന്‍ സ്‌കൂളുകള്‍ക്ക് നേരെയാണ് ആക്രമണം അഴിച്ചുവിട്ടത്.

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ 120ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി (യുഎന്‍ആര്‍ഡബ്ല്യുഎ)യുടെ കണക്കുകള്‍. മാത്രവുമല്ല, ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളില്‍ വൃത്തിഹീനമായ രീതിയില്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയിലെ ജനങ്ങള്‍ മാനസിക ബുദ്ധിമുട്ടുകളും നേരിടുകയാണ്.

എന്നിരുന്നാലും ഇത്തരം സാഹചര്യങ്ങളിലും ബോംബാക്രമണത്തിന്റെ സാധ്യതയ്ക്കിടയിലും ഗാസയിലെ ജനങ്ങള്‍ യുഎന്‍ സ്‌കൂളുകളെയാണ് അഭയസ്ഥാനമായി കണക്കാക്കുന്നത്. കഴിഞ്ഞ യുദ്ധങ്ങളിലെ പലായനകേന്ദ്രമെന്ന ഓര്‍മയിലും പലരും സുരക്ഷിതസ്ഥാനമായി കാണുന്നതും ഈ സ്‌കൂളുകളെയാണ്.

ഐക്യരാഷ്ട്രസഭ തങ്ങളെ സംരക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് യുഎന്‍ സ്‌കൂളുകളെ അഭയസ്ഥാനമായി കണക്കാക്കുന്നതെന്ന് കഴിഞ്ഞ ഡിസംബറില്‍ കുടുംബ സമേതം യുഎന്‍ സ്‌കൂളില്‍ അഭയം പ്രാപിച്ച മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് മാവിഷ് അല്‍ ജസീറയോട് പറഞ്ഞു. മറ്റെവിടെയും ലഭിക്കാത്ത വിധത്തില്‍ മരുന്നുകളും മറ്റ് അവശ്യവസ്തുകളും ലഭിക്കുന്ന കേന്ദ്ര സ്ഥാനമാണ് യുഎന്‍ സ്‌കൂളെന്ന് അദ്ദേഹം പറഞ്ഞു. ലഭിക്കുന്നത് വളരെ കുറച്ചാണെങ്കിലും അത് തന്നെ വലിയ കാര്യമാണെന്നും മാവിഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം അവശ്യവസ്തുക്കളുടെ ലഭ്യത യുഎന്‍ സ്‌കൂളുകളിലും അനുഭവപ്പെടുന്നുണ്ട്. ശൈത്യകാലത്ത് തണുപ്പില്‍ നിന്നു രക്ഷ നേടാന്‍ ബ്ലാങ്കെറ്റുകളും പുതപ്പുകളും കുറവായിരുന്നു. മാത്രവുമല്ല, വെള്ളത്തിന്റെ അഭാവം മൂലം മലിനമായ വെള്ളം കുടിക്കുന്നത് രോഗസാധ്യതയും വര്‍ധിപ്പിക്കുന്നു. എന്നാല്‍ സമാനസാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന മനുഷ്യരോടൊപ്പം ഒന്നിച്ച് താമസിക്കുന്നതും വിഷമങ്ങള്‍ പങ്കിടുന്നതും നല്ലതാണെന്നും അത്തരമൊരു സാഹചര്യം കൂടി ഇവിടെ നിന്ന് ലഭിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

അതേസമയം അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം ഐക്യരാഷ്ട്ര സഭയ്ക്ക് കീഴില്‍ അഭയം പ്രാപിക്കുമ്പോള്‍ സുരക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍ ഇവിടെ അഭയം പ്രാപിക്കുന്നതെന്ന് യുഎന്‍ആര്‍ഡബ്ല്യുഎയുടെ മുതിര്‍ന്ന കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ലൂയിസ് വാട്ടെറിഡ്ജ് പറഞ്ഞു. യുദ്ധ സമയത്ത് ഈ സ്‌കൂളുകള്‍ സംരക്ഷണം നല്‍കുന്നുവെന്നും ഐക്യരാഷ്ട്ര സഭയുടെ പതാകയ്ക്ക് കീഴില്‍ ഇവ സംരക്ഷിക്കപ്പെടണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അഭയം പ്രാപിച്ച് വരുന്നവര്‍ക്ക് അഭയം നല്‍കുമ്പോഴും അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യാന്‍ നിരവധി വെല്ലുവിളികളാണ് ഐക്യരാഷ്ട്രസഭയ്ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്.

''അവശ്യ സാധനങ്ങള്‍ ഗാസയിലേക്ക് എത്തിക്കുന്നതില്‍ നിരവധി വെല്ലുവിളികള്‍ നമുക്ക് മുന്നിലുണ്ട്. ഉപരോധം, യാത്രയ്ക്കുള്ള നിയന്ത്രണം, ജീവനക്കാരുടെ സുരക്ഷ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ജനങ്ങള്‍ നിര്‍ബന്ധിതമായി കുടിയൊഴിക്കപ്പെടുകയാണ്. ഓരോ പത്ത് പേരില്‍ ഒമ്പത് പേരും ഗാസയില്‍ കുടിയൊഴിക്കപ്പെടുന്നുവെന്നാണ് കണക്കാക്കുന്നത്. ഇസ്രയേല്‍ ആക്രമണം ആരംഭിച്ച് പത്ത് തവണയെങ്കിലും ഓരോ സ്ഥലത്തും പലായനം ചെയ്യേണ്ടി വന്നവരാണ് ഇതില്‍ കൂടുതല്‍ പേരും. നീണ്ടുനില്‍ക്കുന്ന നിര്‍ബന്ധിത പലായനം കാരണം കൃത്യമായ കണക്കുകള്‍ ലഭിക്കുന്നതിനും ബുദ്ധിമുട്ടുന്നു,'' അവര്‍ പറഞ്ഞു.

മനുഷ്യത്വരഹിതമായ ജീവിത സാഹചര്യങ്ങള്‍ കാരണം കോളറയും ഗാസയില്‍ വ്യാപിക്കുന്നുണ്ട്. കുട്ടികളുള്‍പ്പെടെയുള്ളവരില്‍ മഞ്ഞപ്പിത്തം, വയറിളക്കം, ചര്‍മരോഗം തുടങ്ങിയവയും വര്‍ധിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിക്കുന്നത്. ശാരീരികമായ ബുദ്ധിമുട്ടുകള്‍ മാത്രമല്ല, മാനസികമായ പ്രശ്‌നങ്ങളും ഇവര്‍ നേരിടുന്നുണ്ട്.

ഇസ്രയേല്‍ ആക്രമണം പ്രതികൂലമായ മാനസിക-സാമൂഹ്യ ആഘാതത്തിലേക്ക് നയിക്കുന്നുവെന്ന് ഡോക്ടേര്‍സ് വിത്ത് ബോര്‍ഡേര്‍സിലെ സൈക്കോളജിസ്റ്റ് അഹ്‌മദ് സ്വയിസ് പറയുന്നു. ഗുരുതരമായ പരുക്കേറ്റവര്‍ക്ക് ചെറിയ സ്ഥലങ്ങള്‍ മാത്രമേ യുഎന്‍ സ്‌കൂളിന് നല്‍കാന്‍ സാധിക്കുന്നുള്ളുവെന്നും ദുഷ്‌കരമായ സാഹചര്യങ്ങളില്‍ മനുഷ്യരുടെ പരിഗണനയില്ലാതെ ജീവിക്കുന്നുവെന്ന തോന്നലും പലര്‍ക്കുമുണ്ടാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ആക്രമണവും നിരന്തരമായ പലായനവും മാനസികമായി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയാണ്. നിരവധി കുട്ടികള്‍ക്ക് മാനസികമായ പിന്തുണ നല്‍കുന്ന പരിപാടികള്‍ വളരെ പെട്ടെന്ന് തന്നെ ആവശ്യമുണ്ട്. കുട്ടികള്‍ക്ക് അനുയോജ്യമായ അന്തരീക്ഷമൊരുക്കുന്നതും താമസിക്കാന്‍ സുരക്ഷിതമായ സ്ഥലം ഒരുക്കുന്നതും അവരുടെ അന്തസും അടിസ്ഥാന മനുഷ്യത്വും സംരക്ഷിക്കേണ്ടതും പ്രധാനമാണ്,'' അദ്ദേഹം പറഞ്ഞു. ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും യുഎന്‍ സ്‌കൂളുകളില്‍ താമസിക്കുന്നവര്‍ മണ്ണിലും പ്ലാസ്റ്റിക് കൂടാരത്തിനുള്ളിലും അഭയം പ്രാപിക്കുന്നവരേക്കാള്‍ ഭാഗ്യവാന്മാരാണെന്നും സ്വയിസ് കൂട്ടിച്ചേര്‍ത്തു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?