MIDDLE EAST

അഭയം തേടിയ ലെബനനിലും മരണഭീതിയില്‍ പലസ്തീനികള്‍

വെബ് ഡെസ്ക്

ഗാസയുടെ ആകാശത്ത് ഭീതിയുടെ ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ വട്ടമിട്ട് പറന്നപ്പോള്‍ നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്തവരാണ്. സുരക്ഷിതത്വം തേടി മാറിയ ഗാസയിലെ ഇടങ്ങളിലേക്കെല്ലാം ആക്രമണം വ്യാപിച്ചപ്പോള്‍ അഭയാര്‍ത്ഥികളായാണ് പലസ്തീനികള്‍ ലെബനനിലേക്ക് അതിര്‍ത്തി കടന്നത്. എന്നാല്‍ ലെബനനില്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ കടുപ്പിക്കുന്നതോടെ ഇനിയെന്ത് എന്ന ചോദ്യവും മരണഭയവും മാത്യമാണ് ഒരു കൂട്ടം പലസ്തീനികള്‍ക്ക് മുന്നിലുള്ളത്. ലെബനനിലെ പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണങ്ങള്‍ ശക്തമാക്കുന്നതാണ് പ്രതിസന്ധി കടുപ്പിക്കുന്നത്. ഒരു ചതുരശ്ര കിലോമീറ്ററില്‍ ഏകദേശം 20,000 ആളുകള്‍ താമസിക്കുന്ന പലസ്തീനിയന്‍ അഭയാര്‍ത്ഥി ക്യാമ്പായ ഷറ്റിലയില്‍ നിന്ന് ജീവഭയത്താല്‍ നിരവധി പേര്‍ ഇതിനോടകം എങ്ങോട്ടെന്നില്ലാതെ പലായനം ചെയ്തിട്ടുണ്ട്.

ലെബനനിലെ ഭൂരിഭാഗം ഇസ്രയേൽ അതിക്രമങ്ങളും തലസ്ഥാനത്തിൻ്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. വളരെ തിരക്കേറിയതും ആളുകൾ തിങ്ങിപ്പാർത്തിരുന്നതുമായ പ്രദേശം ദിവസങ്ങൾ കൊണ്ടാണ് ഇസ്രയേൽ അവശിഷ്ടങ്ങൾ മാത്രമാക്കി മാറ്റിയത്. നിരവധി പേർ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലി ആക്രമണങ്ങളെ ഭയന്ന് ആയിരക്കണക്കിന് ആളുകൾ നഗരത്തിന് ചുറ്റുമുള്ള പലായന കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തു. ഈ ഗതി ഷറ്റിലക്ക് വരുമോ എന്നാണ് പലസ്തീൻ അഭയാർഥികളുടെ ഭയം.

"ആക്രമണങ്ങൾ വർധിച്ചതോടെ എന്റെ മകളും ഭാര്യയും സിറിയയിലേക്ക് പോകാൻ തീരുമാനിച്ചു. അവർക്ക് ഈ വീട്ടിൽ ഭയന്ന് ജീവിക്കാൻ കഴിയില്ല, അതിനാലാണ് പലായനം ചെയ്യാൻ തീരുമാനിച്ചത്. 52 കാരനായ ഫലസ്തീനിയായ മജ്ദി ആദം പറയുന്നു. സിറിയക്കാരിയാണ് മജ്ദിയുടെ ഭാര്യ. " യുദ്ധങ്ങളിലൂടെ ജീവിക്കാൻ ശീലിച്ചതിനാൽ ഞാൻ അവർക്കൊപ്പം പോയില്ല. എനിക്ക് ഷറ്റിലയുമായി വളരെ അടുപ്പം തോന്നുന്നു, ഇവിടെ ഇസ്രായേലികളാൽ കൊല്ലപ്പെടുന്നതിനേക്കാൾ ഈ സ്ഥലം വിട്ടുപോകുന്നതാണ് എന്നെ ഭയപ്പെടുത്തുന്നത്. ദഹിയയ്ക്ക് സംഭവിക്കുന്നത് ഷറ്റിലയ്ക്കും സംഭവിക്കുമെന്ന് ഭയന്ന് മറ്റ് പലരും പോയി." അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തുടനീളമുള്ള 12 ക്യാമ്പുകളിൽ കൂടുതലും താമസിക്കുന്നത് പലസ്തീൻ അഭയാർത്ഥികളാണ്. 1948-ൽ ഇസ്രായേൽ രൂപീകരണ സമയത്ത് മാതൃരാജ്യത്തിൽ നിന്ന് പുറത്താക്കപ്പെട്ട ലക്ഷക്കണക്കിന് പലസ്തീനികളെ ഉൾകൊള്ളുന്നതിനാണ് ഈ ക്യാമ്പുകൾ നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്‌ച, വടക്കൻ നഗരമായ ട്രിപ്പോളിയിലെ ബെഡ്‌ദാവി ക്യാമ്പിലും തെക്കൻ നഗരമായ സിഡോണിലെ ഐൻ എൽ-ഹിൽവേ ക്യാമ്പിലും ടയർ പട്ടണത്തിലെ എൽ-ബസ് ക്യാമ്പിലും ഇസ്രായേൽ നേരിട്ട് ബോംബാക്രമണം നടത്തിയിരുന്നു.

ബെദ്ദാവിയിലെ ആക്രമണത്തിൽ ഒരു പ്രാദേശിക ഹമാസ് കമാൻഡർ കൊല്ലപ്പെട്ടു. ബെദ്ദാവിയിലെ ആക്രമണം പലസ്തീൻ ജനറൽ മുനീർ അൽ-മഖ്ദയെയാണ് ലക്ഷ്യമിട്ടതെങ്കിലും ഫലം കണ്ടില്ല. എന്നാൽ മുനീറിന്റെ മകൻ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസ് നേതാക്കളുടെ ലക്ഷ്യമിട്ടുള്ള ആക്രമങ്ങളിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്.

വൈദ്യശാസ്ത്ര നൊബേല്‍ വിക്ടർ ആംബ്രോസിനും ഗാരി റുവ്കുനും

T20WC | ഇനി എതിരാളികള്‍ ഓസ്ട്രേലിയയും ശ്രിലങ്കയും; ഇന്ത്യയുടെ സെമി സാധ്യതകള്‍ ഇങ്ങനെ

'സർക്കാർ സ്‌പോൺസേഡ് കൊലപാതകം'; ചെന്നൈ എയർ ഷോ ദുരന്തത്തില്‍ ഡിഎംകെ സർക്കാരിനെ ലക്ഷ്യമിട്ട് ബിജെപി

'മൊഴികള്‍ പരസ്പര വിരുദ്ധം', മലപ്പുറത്തെ പോലീസുകാര്‍ക്കെതിരായ ബലാത്സംഗ ആരോപണം വ്യാജമെന്ന് സര്‍ക്കാര്‍

കശ്മീർ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിന് മുൻപ് അഞ്ച് എംഎൽഎമാരെ നാമനിർദേശം ചെയ്ത് ലെഫ്. ഗവർണർ, വ്യാപക പ്രതിഷേധം