പശ്ചിമേഷ്യയിലാകെ യുദ്ധഭീതി നിലനിൽക്കുന്നതിനിടയിൽ ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ റോക്കറ്റാക്രമണം. സംഭവത്തിൽ അഞ്ച് അമേരിക്കൻ സൈനികർക്ക് പരുക്കേറ്റതായാണ് വിവരം. പടിഞ്ഞാറൻ ഇറാഖിലെ അൽ അസദ് എയർബേസിലാണ് രണ്ട് കത്യുഷ റോക്കറ്റുകൾ പതിച്ചത്. ഹമാസ് നേതാവിൻ്റെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന്റെ ഭാഗമാണോ ആക്രമണമെന്ന് വ്യക്തമല്ല.
റോക്കറ്റ് അമേരിക്കൻ സൈനിക താവളത്തിനുള്ളിൽ പതിച്ചതായാണ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. അൽ അസദ് ലക്ഷ്യമിട്ട് വീണ്ടുമൊരു ആക്രമണം ഉണ്ടായേക്കാമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അമേരിക്ക തള്ളിക്കളഞ്ഞു. കഴിഞ്ഞയാഴ്ച, തങ്ങൾക്കും സഖ്യസേനയ്ക്കും ഭീഷണിയാണെന്ന് ആരോപിച്ച് അമേരിക്ക ഇറാഖിൽ ചിലയിടങ്ങളിൽ ആക്രമണം നടത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോടും വൈസ് പ്രസിഡന്റ് കമല ഹാരിസിനോടും സംഭവത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചകളിൽ സിറിയയിലെയും ഇറാഖിലെയും അമേരിക്കൻ സൈനിക താവളങ്ങൾ കേന്ദ്രീകരിച്ച് ഇറാൻ പിന്തുണയുള്ള ഇറാഖി തീവ്രവാദി ഗ്രൂപ്പുകൾ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ അമേരിക്കയും തിരിച്ചടിച്ചിരുന്നു. ഒക്ടോബർ ഏഴിനും ജനുവരിക്കും ഇടയിൽ, ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗ്രൂപ്പ് പതിവായി അമേരിക്കയ്‌ക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. ഗാസയിലെ ആക്രമണത്തിൽ ഇസ്രയേലിന് അമേരിക്ക നൽകുന്ന പിന്തുണയ്ക്കുള്ള പ്രതികാരമാണ് നടപടിയെന്നും സംഘം വിശദീകരിച്ചിരുന്നു.
ജൂലൈ 31ന് ടെഹ്‌റാനിൽ വെച്ച് ഹമാസ് രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിന് ഇസ്രയേലിനെതിരെ ഇറാൻ്റെ പ്രതികാര നടപടി ഉണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവം. ഹനിയയുടെ കൊലപാതകത്തിന് മണിക്കൂറുകൾ മുൻപ് ലെബനൻ സായുധ സംഘമായ ഹിസ്‌ബുള്ളയുടെ നേതാവ് ഫുവാദ് ശുക്റിനെയും ഇസ്രയേൽ വധിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ കൂടുതൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും ഇസ്രയേലിനെ പിന്തുണയ്ക്കാനായി അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയച്ചിരുന്നു.