ഇസ്രായേൽ- പലസ്തീൻ യുദ്ധത്തിന്റെ അനന്തരഫലമായി ഗാസയിൽ കൂടികിടക്കുന്ന അവശിഷ്ടങ്ങൾ പൂർണമായും നീക്കുന്നതിന് ഏകദേശം 15 വർഷം വേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭ (യുഎൻ). അടിഞ്ഞുകൂടിയ യുദ്ധമാലിന്യം നാലു കോടി ടണ്ണോളം വരുമെന്നും ഇത് നീക്കം ചെയ്യുന്ന പ്രവർത്തനത്തിന് ഏകദേശം നാനൂറ് കോടിയോളം രൂപ ചെലവ് വരുമെന്നുമാണ് യുഎൻ കണക്കുകൂട്ടുന്നത്. ഇസ്രയേലിന്റെ ഭാഗത്തുനിന്നുമുണ്ടായ മാസങ്ങൾ നീണ്ട ആക്രമണത്തിൽ തകർന്ന പലസ്തീൻ പ്രദേശത്തെ പുനർനിർമ്മിക്കുന്നതിനുള്ള വെല്ലുവിളികൾ കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്.
ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏകദേശം 1,37,297 കെട്ടിടങ്ങളാണ് ഗാസയിൽ തകർക്കപ്പെട്ടത്. ഗാസയിലെ മൊത്ത നിർമിതികളിൽ പകുതിയും തകർക്കപ്പെട്ട നിലയിലാണ്. ഇത്തരത്തിൽ രൂപപ്പെട്ടിരിക്കുന്ന അവശിഷ്ടങ്ങൾ കുഴിച്ചുമൂടുന്നതിന് 600 മുതൽ 1200 ഏക്കറോളം ഭൂമിയായിരിക്കും വേണ്ടിവരുന്നത്. പുനരുപയോഗം ചെയ്യാൻ കഴിയുന്നവ അവശിഷ്ടങ്ങളിൽനിന്നു വേർതിരിച്ചെടുത്തശേഷം മാത്രമേ ഇത് തീർച്ചപ്പെടുത്താൻ സാധിക്കുകയുള്ളൂ.
മേയിൽ ചേർന്ന യുഎൻ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ യോഗത്തിന്റെ അടിസ്ഥാനത്തിൽ ഗാസയിൽ തകർന്ന പാർപ്പിടങ്ങൾ വീണ്ടും നിർമിച്ചുനൽകുന്നതിന് നാലായിരം കോടിയോളം രൂപ ചെലവ് വരും. ഐക്യരാഷ്ടസഭയും പലസ്തീൻ ഭരണാധികാരികളും ജനുവരിയിൽ കണക്കാക്കിയ തുകയുടെ ഇരട്ടിയോളമാണിത്. നാശനഷ്ടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കണക്കുകൾ ഇനിയും വ്യത്യാസപ്പെട്ടേക്കാം. പുനർനിർമാണത്തിന് ഏറ്റവും കുറഞ്ഞത് 15 വർഷമെങ്കിലും സമയമെടുക്കും.
പ്രദേശത്തു നേരിടുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ഡീസലൈനേഷൻ പ്ളാന്റ് സ്ഥാപിക്കുന്നതിനെപ്പറ്റി ഇസ്രായേൽ ആലോചിച്ചിരുന്നുവെങ്കിലും മിക്ക പൈപ്പുകളും തകരാറിലായ സാഹചര്യത്തിൽ ഇത് ബുദ്ധിമുട്ടാണ്. അവശിഷ്ടങ്ങൾക്കിടയിൽ ആയുധങ്ങൾ കിടക്കുന്നതു കാരണം ആഴ്ചയിൽ പത്തു സ്‌ഫോടനങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത് കൂടുതൽ നാശനഷ്ടങ്ങൾക്കും ഗുരുതരമായ പരിക്കുകൾക്കും കാരണമാകുന്നതായി ഗാസയിലെ സിവിൽ ഡിഫെൻസ് ഏജൻസി പറയുന്നു.
ഗാസയിൽ തുടരെത്തുടരെയുണ്ടായ ആക്രമണങ്ങളിൽ പ്രദേശത്തിന്റെ ഭൂപ്രകൃതി തന്നെ വ്യത്യാസപ്പെട്ടിരിക്കുകയാണ്. നിരന്ന പ്രദേശങ്ങളിലെല്ലാം കെട്ടിടാവശിഷ്ടങ്ങളും മറ്റും കുമിഞ്ഞുകൂടി കുന്നുകൾ രൂപപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, റോഡുകൾ, അഴുക്കുചാലുകൾ തുടങ്ങി നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കെല്ലാം വലിയ നാശനഷ്ടങ്ങൾ നേരിട്ടിട്ടുണ്ട്.
ഒക്ടോബറിൽ തെക്കൻ ഇസ്രായേലിലേക്കു ഹമാസ് അപ്രതീക്ഷിത ആക്രമണം അഴിച്ചുവിട്ടതോടെയാണ് ഇസ്രായേൽ - പലസ്തീൻ യുദ്ധം ആരംഭിച്ചത്. ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 38,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ആയിരക്കണക്കിന് ആളുകൾക്കു പരുക്കേറ്റിട്ടുമുണ്ട്.