എഴുപത്തി അഞ്ച് വർഷത്തിനിടെയുണ്ടായ ഏറ്റവും കനത്ത മഴയ്ക്ക് പിന്നാലെ എമിറേറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പഠിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്. ചൊവ്വാഴ്ചത്തെ കനത്ത മഴയിൽ യുഎഇയിലെ ദുബായ്, അബുദാബി എമിറേറ്റുകളിലും ഒമാൻ ഉൾപ്പെടെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലും കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായിരുന്നു. ദുബായ് വിമാനത്താവളം, വിവിധ മെട്രോ സ്റ്റേഷനുകൾ, ഷോപ്പിങ് മാളുകൾ ഉൾപ്പെടെയുള്ള ഇടങ്ങങ്ങളിൽ വെള്ളം കയറിറയിരുന്നു. ഈ സാഹചര്യത്തിലും പഠനം നടത്താനുള്ള നിർദേശം.
പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയാണ് രാജ്യത്തിൻറെ പ്രഥമ പരിഗണനയെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പ്രാദേശിക അധികാരികളുടെ സഹകരണത്തോടെ ദുരിതബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും നിർദേശം നൽകിയിട്ടുണ്ട്. ഒപ്പം മോശം കാലാവസ്ഥ നാശം വിതച്ച എല്ലാ കുടുംബങ്ങൾക്കും സഹായം നൽകാനും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് നിർദേശിച്ചു.
ശരാശരി ഒരു വർഷം 140 -200 മില്ലിമീറ്റർ മഴ ലഭിച്ചിരുന്ന പ്രദേശത്താണ് 24 മണിക്കൂറിനിടെ 254.8 മില്ലിലിറ്റർ മഴ പെയ്തത്
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും കനത്ത മഴയ്ക്ക് പിന്നാലെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. "എല്ലാ ജനങ്ങളുടെയും സുരക്ഷയ്ക്ക് ദൈവത്തിന് നന്ദി. രാജ്യം സുരക്ഷിതവും മികച്ച രീതിയിലുമാണ്," പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
ദുരന്തത്തിനിടെ ജനസുരക്ഷയ്ക്കായി പ്രവർത്തിച്ച സന്നദ്ധ പ്രവർത്തകരുടെയും പരിശ്രമത്തെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രശംസിച്ചു. "പ്രതിസന്ധികൾ രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും ശക്തി വെളിപ്പെടുത്തുന്നു. നമ്മൾ അനുഭവിച്ച കാലാവസ്ഥാ പ്രതിസന്ധി രാജ്യത്തിൻ്റെ എല്ലാ കോണുകളിലെ പൗരന്മാരിലും നിവാസികളിലും വലിയ ഐക്യവും സ്നേഹവും അവബോധവും സൃഷ്ടിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു.
കനത്ത മഴയെത്തുടർന്ന് ദുബായിൽനിന്ന് പുറപ്പെടാനിരുന്ന നിരവധി വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇന്ത്യ, പാകിസ്താൻ, സൗദി, ബ്രിട്ടൻ എന്നിങ്ങനെ നിരവധി രാജ്യങ്ങളിലേക്ക് പോകേണ്ട വിമാനങ്ങൾ ഉൾപ്പെടെ 290 വിമാനങ്ങളാണ് ബുധനാഴ്ച താല്‍ക്കാലികമായി നിർത്തലാക്കിയത്.
ശരാശരി ഒരു വർഷം 140-200 മില്ലിമീറ്റർ മഴ ലഭിച്ചിരുന്ന പ്രദേശത്താണ് 24 മണിക്കൂറിനിടെ 254.8 മില്ലിലിറ്റർ മഴ പെയ്തത്. അപ്രതീക്ഷിത മഴ ദുബായ് ഉൾപ്പെടെയുള്ള വൻ നഗരങ്ങളെ വെള്ളത്തിനിടയിലാക്കി. വെള്ളപ്പൊക്കത്തിൽ കാറുകൾ ഒഴുകി നടക്കുന്നതിന്റെയും മാളുകളിലേക്ക് വെള്ളം ഇരച്ചുകയറുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.