MIDDLE EAST

യുദ്ധഭീതിയില്‍ പശ്ചിമേഷ്യ; ഇസ്രയേലിനുനേരെ ഇറാന്‍ ആക്രമണം ഈ ആഴ്ചയെന്ന് യുഎസ്, പടയൊരുക്കം ശക്തമാക്കി

കൂടുതല്‍ യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും പടക്കപ്പലുകളും പശ്ചിമേഷ്യന്‍ തീരത്തേക്ക് അയയ്ക്കുകയാണ് യുഎസ്

വെബ് ഡെസ്ക്

പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നു. ഹമാസിന്റെ രാഷ്ട്രീയ വിഭാഗം നേതാവ് ഇസ്മായില്‍ ഹനിയയെ ഇറാനില്‍വെച്ച് ഇസ്രയേല്‍ കൊലപ്പെടുത്തിയതിന്റെ പ്രതികാരമെന്നോണം തിരിച്ചടിക്ക് ഇറാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഈ ആഴ്ച തന്നെ ഇസ്രയേലിനുനേരെ ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി മുന്നറിയിപ്പ് നല്‍കി.

യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും കഴിഞ്ഞദിവസം സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കൂടുതല്‍ യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും പടക്കപ്പലുകളും പശ്ചിമേഷ്യന്‍ തീരത്തേക്ക് അയയ്ക്കുകയാണ് യുഎസ്. ഇറാന്റെയും ഹിസ്ബുള്ളയുടെയും നീക്കങ്ങള്‍ സൂക്ഷ്മമായ നിരീക്ഷിക്കുകയാണെന്നും ലോയ്ഡ് ഓസ്റ്റിന്‍ പറയുന്നു. ആക്രമണം തടയാനും നേരിടാനും യു എസ് സജ്ജമാണെന്നും വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇസ്രായേലിനെ പ്രതിരോധിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി മേജര്‍ ജനറല്‍ പാറ്റ് റൈഡര്‍ പറഞ്ഞു.

ഇസ്രായേലിനെതിരായ സൈനിക ആക്രമണം അരുതെന്ന് ഇറാനോട് ആവശ്യപ്പെടുകയും അത്തരം ആക്രമണം നടന്നാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളുടെ നേതാക്കളുടെ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രയേലിനെതിരെ ഇറാന്റെ ആക്രമണ ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവജാഗ്രതയിലാണ് അമേരിക്ക. ഏബ്രഹാം ലിങ്കണ്‍ സ്ട്രൈക്ക് ഗ്രൂപ്പിനോട് പശ്ചിമേഷ്യയിലേക്കുള്ള വിന്യാസം ത്വരിതപ്പെടുത്താന്‍ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി സംസാരിച്ചശേഷമാണ് ലോയ്ഡ് ഓസ്റ്റിന്റെ ഉത്തരവ്. ഗൈഡഡ് മിസൈല്‍ അന്തര്‍വാഹിനി ഉള്‍പ്പെടെയുള്ളവയുടെ വിന്യാസമാണ് അമേരിക്ക നടത്തുക. ഇസ്രയേല്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിക്കുമെന്ന് അമേരിക്ക അറിയിച്ചിരുന്നു.

ഹമാസിന്റെ രാഷ്ട്രീയ വിഭാഗം നേതാവ് ഇസ്മായില്‍ ഹനിയയെ ഇറാനില്‍വെച്ച് ഇസ്രയേല്‍ കൊലപ്പെടുത്തിയതാണ് പശ്ചിമേഷ്യയെ വീണ്ടും സംഘര്‍ഷസാധ്യതയിലേക്ക് തള്ളിവിട്ടത്. കൊലപാതകത്തിന് ഉത്തരവാദി ഇസ്രയേലാണെന്ന് ആരോപിച്ച ഇറാന്‍ ഹനിയയുടെ കൊലപാതകത്തിനു പകരം ചോദിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു. കൂടാതെ, ഹിസ്ബുള്ള നേതാവ് ഫുവാദ് ശുക്കറിനെയും ഇസ്രയേല്‍ വധിച്ചിരുന്നു. ഇത് ഹിസ്ബുള്ളയെയും ചൊടിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഗാസയില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്ക, ഈജിപ്ത്, ഖത്തര്‍ എന്നിവരുടെ മധ്യസ്ഥയില്‍ വെള്ളിയാഴ്ച ചര്‍ച്ചകളും വിളിച്ചിട്ടുണ്ട്.

അമേരിക്കയില്‍ വോട്ടെണ്ണല്‍ ഔദ്യോഗികമായി പൂര്‍ത്തിയായി; അരിസോണയിലും 'ട്രംപിസം', റെക്കോഡ് തകര്‍ത്ത മുന്നേറ്റം

മെസിയുടെ പ്ലേ ഓഫ് സ്വപ്‌നം പൊലിഞ്ഞു; മയാമിയെ അട്ടിമറിച്ച് അറ്റ്‌ലാന്റ

നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

'മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പും മാടമ്പള്ളിയിലെ ചിത്തരോഗിയും'; ഐ എ എസ് ഉദ്യോഗസ്ഥന്മാർക്കെതിരെ സർക്കാർ നടപടിയിലേക്ക്

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി; ഫാസ്റ്റ് ട്രാക്ക് വിസ സേവനം റദ്ദാക്കി കാനഡ