ഹമാസ് നേതാവ് യഹിയ സിൻവാറിനെ കൊല്ലാനുള്ള ഒരു വർഷം നീണ്ട ഇസ്രയേലിന്റെ ശ്രമങ്ങളാണ് കഴിഞ്ഞ ദിവസം വിജയം കണ്ടത്. ഹിസ്ബുള്ള - ഹമാസ് നേതാക്കളെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്ന ഇസ്രയേലിന്റെ ലിസ്റ്റിലെ ഏറ്റവും ഒടുവിലത്തെയാളാണ് സിൻവാർ. ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെയാണ് സിൻവാർ ഹമാസിന്റെ നേതൃസ്ഥാനത്ത് എത്തുന്നത്. എന്നാൽ സിൻവാറിന്റെ മരണത്തോടെ അടുത്ത നേതാവിനെ കണ്ടെത്തേണ്ട പ്രതിസന്ധിയിലാണ് ഹമാസ്. ആരാവും അടുത്ത ഹമാസ് തലവൻ?
തനിക്കെന്തെങ്കിലും സംഭവിച്ചാൽ പകരക്കാരൻ ആരാകണമെന്നതിനെ സംബന്ധിച്ച് സിൻവാർ എന്തെങ്കിലും നിർദേശങ്ങൾ സംഘത്തിന് നൽകിയിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ അദ്ദേഹത്തിൻ്റെ ഇളയ സഹോദരൻ മുഹമ്മദ് സിൻവാറിനെ അദ്ദേഹത്തിന്റെ പിൻഗാമിയായാണ് പലരും കാണുന്നത്. അടുത്തിടെയാണ് ഹമാസിൻ്റെ സൈനിക കമാൻഡറായി മുഹമ്മദ് സിൻവാർ ചുമതലയേറ്റത്.
മുഹമ്മദ് സിൻവാർ എവിടെയാണുള്ളതെന്നത് സംബന്ധിച്ച് നിലവിൽ ആർക്കും വ്യക്തതയില്ല. അദ്ദേഹത്തിനായുള്ള തിരച്ചിൽ സജീവമായി നടക്കുകയാണെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെ രണ്ടു സഹോദരന്മാരും ഒരുമിച്ചാണ് ഉണ്ടായിരുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പൊളിറ്റിക്കൽ ബ്യൂറോ ഡെപ്യൂട്ടി ചീഫ് മൂസ അബു മർസൂഖും സിൻവാറിന്റെ പിൻഗാമിയാകാനുള്ള സാധ്യതാപട്ടികയിൽ ഉണ്ട്. ഹമാസിന്റെ സ്ഥാപകരിൽ ഒരാളാണ് മൂസ അബു മർസൂഖ്. എഫ്ബിഐ തീവ്രവാദിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് അദ്ദേഹം അഞ്ച് വർഷം അമേരിക്കയിലായിരുന്നു. പിന്നീട് നാടുകടത്തപ്പെട്ടു.
സംഘത്തിന്റെ മുൻ രാഷ്ട്രീയ മേധാവി ഖാലിദ് മെഷൽ സിൻവാറിന്റെ പകരക്കാനാകുമെന്ന് കരുതുന്നവരും ഉണ്ട്. മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻ്റ് ജിമ്മി കാർട്ടർ, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ള മെഷാൽ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനാണ്.
സിറിയൻ പ്രസിഡൻ്റ് ബഷർ അൽ അസദിനെതിരായ സുന്നി പ്രക്ഷോഭത്തിന് മുൻകാല പിന്തുണ നൽകിയത് അദ്ദേഹത്തെ തിരിച്ചടിക്കാൻ സാധ്യതയുണ്ട്. സുന്നി ഗ്രൂപ്പായ ഹമാസിനെ ഷിയാ ഭൂരിപക്ഷമായ ഇറാൻ പിന്തുണയ്ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്.
സിൻവാറിൻ്റെ ഡെപ്യൂട്ടി ഖലീൽ അൽ ഹയ്യയാണ് മറ്റൊരു സാധ്യത. അടുത്തിടെ കെയ്‌റോയിൽ നടന്ന വെടിനിർത്തൽ ചർച്ചകളിൽ ഹമാസിൻ്റെ മുഖ്യ പ്രതിനിധിയായി എത്തിയത് ഖലീൽ അൽ ഹയ്യയാണ്. ഖത്തറിലാണ് നിലവിൽ ഖലീൽ ഉള്ളത്. മെഷാലും അൽ ഹയ്യയും വർഷങ്ങളായി ഹമാസിൻ്റെ ഉന്നത ഉദ്യോഗസ്ഥരാണ്.
രണ്ടുപേർക്കും നേരത്തെ ഇസ്രയേലിന്റെ വധശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. 1997-ൽ, കനേഡിയൻ വിനോദസഞ്ചാരികളെന്ന വ്യാജേന ഇസ്രയേലി മൊസാദ് ഏജൻ്റുമാർ മെഷാലിൻ്റെ ചെവിയിൽ വിഷപദാർഥം തളിച്ചിരുന്നു.