MIDDLE EAST

രാഷ്ട്രീയ നേട്ടം ലക്ഷ്യമെന്ന് ആരോപണം, ഖത്തറിൽ മുൻ ഇന്ത്യൻ നാവികരുടെ മോചനം സങ്കീർണമാകുമോ?

കേന്ദ്രം കണക്ക് കൂട്ടുന്നത് പോലെ അത്ര എളുപ്പമാണോ കാര്യങ്ങൾ ? വലിയ റിസ്ക് എടുത്ത് വലിയ പ്രയോജനമുണ്ടാക്കാമെന്ന കേന്ദ്രത്തിൻ്റെ നീക്കം കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുമോ ?

വെബ് ഡെസ്ക്

ഇന്ത്യൻ നാവിക സേനയിൽ നിന്ന് വിരമിച്ച എട്ട് ഉദ്യോഗസ്ഥർക്ക് ചാരവൃത്തി കേസിൽ വധ ശിക്ഷ വിധിച്ചിരിക്കുകയാണ് ഖത്തർ. ഒരു വർഷത്തിലേറെയായി ഖത്തറിൽ ഏകാന്ത തടവ്‌ അനുഭവിക്കുകയാണ് ഈ ഉദ്യോഗസ്ഥർ. ഇറ്റലിയിൽനിന്ന് അത്യാധുനിക അന്തർവാഹിനികൾ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നതാണ് ഇവർക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം. എട്ട് ഇന്ത്യക്കാരെ വധശിക്ഷക്ക് വിധിച്ച ഗുരുതരമായ നടപടി ഖത്തറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടും അത് തടയാനായി ഇന്ത്യയുടെ ഉയർന്ന നയതന്ത്ര പ്രതിനിധികളുടെ ഭാഗത്ത് നിന്ന് ശക്തമായ ഒരു നീക്കം ഉണ്ടാകുന്നുണ്ടോ? ഈ നാവിക സേന ഉദ്യോഗസ്ഥരുടെ ശിക്ഷ പുനഃപരിശോധിക്കാനായി ഖത്തറിന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്താൻ ഇന്ത്യക്കായിട്ടുണ്ടോ ?

കേന്ദ്രത്തിന്റെ പദ്ധതിയെന്ത് ?

ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ മാസമായ റമദാൻ ഈ വർഷം മാർച്ച് 10 മുതൽ ഏപ്രിൽ 9 വരെയാണ് ഉണ്ടാവുക. ഇന്ത്യയിൽ ലോക്സഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാവും അപ്പോൾ. ഇത് തന്നെയാണ് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ ലക്ഷ്യംവയ്ക്കുന്ന കൃത്യമായ സമയം. റമദാനിൽ ഖത്തർ പൊതുമാപ്പ് പ്രഖ്യാപിക്കുമ്പോൾ എട്ട് നാവിക സേന ജീവനക്കാരുടെ വധശിക്ഷ ഈ സമയം റദ്ദാക്കപ്പെടുമെന്നാണ് കേന്ദ്രം കരുതുന്നത്. എന്നാൽ അതങ്ങനെ വെറുതെ വിടുകയുമില്ല. പ്രധാനമന്ത്രിയുടെ ശക്തമായ ഇടപെടൽ കൊണ്ടാണ് ഇത് സംഭവിച്ചതെന്നുള്ള പ്രചാരണങ്ങൾ ശക്തമാക്കിയാൽ അത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന തോന്നലിലാണ് കേന്ദ്ര സർക്കാർ എന്നാണ് ചില വിലയിരുത്തലുകൾ, രാജ്യത്തുടനീളമുള്ള തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ ഈ പ്രധാനമന്ത്രിയുടെ വലിയ നേട്ടമായി ഇത് അവതരിപ്പിക്കപ്പെടും..

പക്ഷേ കേന്ദ്രം കണക്ക് കൂട്ടുന്നത് പോലെ അത്ര എളുപ്പമാണോ കാര്യങ്ങൾ ? വലിയ റിസ്ക് എടുത്ത് വലിയ പ്രയോജനമുണ്ടാക്കാമെന്ന നീക്കം യഥാർത്ഥത്തിൽ കാര്യങ്ങൾ തകിടം മറിക്കുമോ ? ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാക്കിയാണ് കേന്ദ്രം തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾ മുൻപന്തിയിൽ വെക്കുന്നതെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഇപ്പോൾ തന്നെ സങ്കീർണമായ ഇവരുടെ മോചനത്തെ കൂടുതൽ സങ്കീര്‍ണമാക്കാൻ മാത്രമേ ഈ നീക്കം സഹായിക്കൂവെന്നാണ് ചില നിരീക്ഷകർ പറയുന്നത്.

ഖത്തറിന്റെ നീക്കങ്ങൾ

ജീവിതത്തിൽ ഒരിക്കൽ പോലും അന്തർവാഹിനികൾ കൈകാര്യം ചെയ്തിട്ടില്ലാത്തവരാണ് ഈ നാവികർ. ഇറ്റാലിയൻ മിഡ്‌ജെറ്റ് അന്തർവാഹിനികളിലെ 'സ്റ്റെൽത്ത് ടെക്‌നോളജി'യെക്കുറിച്ചുള്ള വിവരങ്ങൾക്കായി 'ഇസ്രയേലിനുവേണ്ടി ചാരപ്പണി' നടത്തിയെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. ഇത്തരം സുപ്രധാന വിശദാംശങ്ങൾ ആവശ്യമുണ്ടെങ്കിൽ അത് അമേരിക്കയിൽ നിന്ന് കൈപ്പറ്റാമെന്നിരിക്കെ എന്തിനാണ് ഇറ്റാലിയൻ അന്തർവാഹിനി സാങ്കേതിക വിദ്യയുടെ വിശദാംശങ്ങൾ ഇസ്രയേലിന് എന്നതും ഒരു ചോദ്യമാണ്.

എട്ട് പേരെയും ഒരു അർധരാത്രി തടവിലാക്കി ആഴ്ചകളോളം അവരുടെ കുടുംബങ്ങൾക്ക് അർഹമായ വിവരങ്ങൾ നൽകാൻ പോലും ഖത്തർ വിസമ്മിതിച്ചിരുന്നു. ഇന്ത്യൻ എംബസിക്ക് ഇവരെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും ഉണ്ടായിരുന്നില്ല. വിഷയത്തിന്റെ ഗൗരവം ഇവിടെതന്നെ വ്യക്തമാണ്.

പശ്ചിമേഷ്യയിലെ ഒരു സുപ്രധാന ശക്തിയായി കഴിഞ്ഞ വർഷങ്ങളിൽ ഖത്തർ വളർന്നിട്ടുണ്ട്. നയതന്ത്ര രംഗത്തും സാമ്പത്തിക രംഗത്തും ഖത്തർ ഒരു വലിയ കക്ഷിയായി മാറിക്കഴിഞ്ഞു.

നാവികരുടെ മോചനത്തിനുള്ള സാധ്യതകൾ

നിലവിൽ സുപ്രധാന സാമ്പത്തിക ബന്ധം ഇന്ത്യയും ഖത്തറും തമ്മിലുണ്ടെങ്കിലും ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളിൽ പലപ്പോഴും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ള രാജ്യമാണ് ഖത്തർ. സമീപകാലത്ത് മുസ്ലീം ന്യൂനപക്ഷങ്ങളോട് ഇന്ത്യയുടെ സമീപനം ശരിയല്ലെന്ന വിമർശനം ഖത്തർ ഉന്നയിച്ചിരുന്നു. ബിജെപി വക്താവ് നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം ഏറ്റവും കൂടുതൽ ചൊടിപ്പിച്ച രാഷ്ട്രങ്ങളിലൊന്ന് ഖത്തറാണ്.

പശ്ചിമേഷ്യയിലെ ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങൾ ബിജെപിയുടെ ആഭ്യന്തര ഭൂരിപക്ഷ രാഷ്ട്രീയത്താൽ തുരങ്കം വെയ്ക്കപ്പെടുന്നു എന്ന് കരുതുന്നവരുമുണ്ട്. . അതിനാൽ ഇന്ത്യൻ തടവുകാരോടുള്ള ഖത്തറിന്റെ നിലപാട് മയപ്പെടുത്താൻ ഈ നയതന്ത്രങ്ങൾക്ക് എത്രത്തോളം സാധിക്കുമെന്നതാണ് പ്രധാനം.

മറ്റ് അറബ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഖത്തർ ഇസ്രയേലിന്റെ കടുത്ത വിമർശകനാണ്. ഗാസയിലെ ആക്രമണത്തിൽ ഇസ്രയേലിനെതിരെ ശക്തമായ നിലപാടാണ് ഖത്തർ എടുത്തിട്ടുള്ളത്. ഇത്തരമൊരു നിലയിൽ ഖത്തറിൽ ഇസ്രയേലിനുവേണ്ടി ചാരപ്രവർത്തനം നടത്തിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരാൾക്ക് ഖത്തർ മാപ്പ് നൽകാൻ തയ്യാറാകുമോ എന്ന കാര്യവും പ്രശ്നം സങ്കീർണമാക്കുന്നുണ്ട്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍