MIDDLE EAST

ഹനിയയുടെ പിൻഗാമിയായി യഹിയ സിൻവാർ; ഹമാസ് തലവനായി ചുമതലയേൽക്കുന്നത് ഇസ്രയേൽ ഹിറ്റ്ലിസ്റ്റിലെ ഒന്നാം നമ്പറുകാരൻ

പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധഭീതിയിൽ നിലനിൽക്കെ, കടുത്ത രാഷ്ട്രീയ സമീപനങ്ങൾക്ക് പേരുകേട്ട സിൻവാർ ചുമതലയേൽക്കുന്നതിനെ ആശങ്കയോടെയാണ് ഇസ്രയേൽ ഉൾപ്പെടെ വീക്ഷിക്കുന്നത്

വെബ് ഡെസ്ക്

ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ സംഘടനയുടെ രാഷ്ട്രീയ വിഭാഗം ചുമതല യഹിയ സിൻവാറിന് കൈമാറി ഹമാസ്. ചൊവ്വാഴ്ച വൈകിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിന്റെ മുഖ്യ ആസൂത്രക്കാരിൽ ഒരാളാണ് ഹമാസിന്റെ ഗാസ വിഭാഗം ചുമതലയുള്ള യഹിയ സിൻവാർ. പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധഭീതിയിൽ നിലനിൽക്കെ, കടുത്ത രാഷ്ട്രീയ സമീപനങ്ങൾക്ക് പേരുകേട്ട സിൻവാർ ചുമതലയേൽക്കുന്നതിനെ ആശങ്കയോടെയാണ് ഇസ്രയേൽ ഉൾപ്പെടെ വീക്ഷിക്കുന്നത്.

ഗാസ ആസ്ഥാനമായാണ് യഹിയ സിൻവാർ കാലങ്ങളായി പ്രവർത്തിക്കുന്നത്. 'തിന്മയുടെ മുഖ'മെന്ന് ഇസ്രയേൽ വിശേഷിപ്പിക്കുന്ന സിൻവാർ അവരുടെ ഹിറ്റ്ലിസ്റ്റിലെ മുൻ നിരക്കാരനാണ്. അതുകൊണ്ടുതന്നെ സിൻവാറിനെ നേതൃസ്ഥാനത്തേക്ക് എത്തിക്കുന്നതിലൂടെ ശക്തമായ മുന്നറിയിപ്പാണ് ഹമാസ് ഇസ്രയേലിന് നൽകുന്നത്. കൂടാതെ, വെടിനിർത്തൽ ചർച്ചകളോട് ഇസ്മായിൽ ഹനിയ സ്വീകരിച്ച അനുകൂല നിലപാട് ഇനിയുണ്ടാകില്ലെന്ന സൂചനകളാണ് പുതിയ പ്രഖ്യാപനത്തിലൂടെ ഹമാസ് മുന്നോട്ടുവയ്ക്കുന്നത്.

നേരത്തെയും വെടിനിർത്തൽ ചർച്ചകളിൽ ഹമാസ് മുന്നോട്ടുവച്ച ഉപാധികളിൽനിന്ന് ഒരുപാട് പോലും പിന്നോട്ടുപോകാൻ സിൻവാർ തയാറായിരുന്നില്ല. അങ്ങനെയൊരാൾ തലപ്പത്തേക്ക് എത്തുമ്പോൾ ചർച്ചകൾ എങ്ങനെയാകും മുന്നോട്ടുപോകുക എന്നതിൽ ഇതുവരെയും വ്യക്തതയില്ല.

1962-ൽ ഈജിപ്തിന്റെ നിയന്ത്രണത്തിലായിരുന്ന ഖാൻ യൂനിസിലെ അഭയാർഥി ക്യാമ്പിലായിരുന്നു സിൻവാറിന്റെ ജനനം. ഗാസയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ ഇസ്രയേലിന്റെ അധിനിവേശ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 1982ലും 1985ലും സിൻവാർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് ഹമാസ് രൂപീകരണത്തോടെ സംഘടനയുടെ ഭാഗമായ സിൻവാർ 1988ൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയും നാല് ജീവപര്യന്തം ശിക്ഷിക്കപ്പെടുകയുമായിരുന്നു.

22 വർഷക്കാലമാണ് യഹിയ സിൻവാർ ഇസ്രയേലി തടവറയിൽ കഴിച്ചുകൂട്ടിയത്. ഹമാസ് പിടികൂടിയ ഇസ്രയേൽ സൈനികൻ ഗിലാദ് ഷാലിത്തിനെ വിട്ടയക്കാൻ പലസ്തീനി തടവുകാരെ മോചിപ്പിക്കണമെന്ന ധാരണയുടെ ഭാഗമായി 2011-ലാണ് പിന്നീട് സിൻവാർ ജയിലിൽനിന്ന് പുറത്തിറങ്ങുന്നത്.

മോചിതനായ ശേഷം, ഹമാസിൻ്റെ നേതൃനിരയിൽ തന്നെ ഏറ്റവും ശക്തനായ വ്യക്തിത്വമായി അതിവേഗമാണ് സിൻവാർ മാറിയത്. 2012-ൽ അദ്ദേഹം സംഘടനയുടെ രാഷ്ട്രീയ വിഭാഗം മേധാവിയായി തിരഞ്ഞെടുക്കപ്പെടുകയും സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ പ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്തു. 2014-ൽ നടന്ന ഏഴ് ആഴ്ചകൾ നീണ്ട ഇസ്രയേലുമായുള്ള ഏറ്റുമുട്ടലിൽ പ്രധാന രാഷ്ട്രീയ-സൈനിക പങ്ക് വഹിച്ചതും സിൻവാറായിരുന്നു. 2015ൽ അമേരിക്ക അദ്ദേഹത്തെ 'ആഗോള ഭീകരനായി' മുദ്രകുത്തുകയും ചെയ്തു.

2017 ൽ, പിൻഗാമിയായി ഇസ്മായിൽ ഹനിയ എത്തുന്നതോടെയാണ് സിന്‍വാർ ഹമാസിന്റെ ഗാസ വിഭാഗം മേധാവിയാകുന്നത്. പൊതുവെ, ഗാസയിലുടനീളം പ്രാദേശികമായി യാത്ര ചെയ്ത് പ്രസംഗങ്ങൾ സംഘടിപ്പിച്ചിരുന്ന സിൻവാർ ഒക്ടോബർ ഏഴിന് ശേഷം ഒളിവിൽ തുടരുകയായിരുന്നു.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ