ഇന്ത്യ- ചൈന 
WORLD

സൈനികാഭ്യാസം: ഇടപെടാനുള്ള അധികാരം മൂന്നാമതൊരു രാജ്യത്തിനും നൽകിയിട്ടില്ല; ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി

നിയന്ത്രണരേഖയിലെ സൈനികാഭ്യാസം ഉഭയകക്ഷി കരാറുകളുടെ ലംഘനമാണെന്ന ചൈനീസ് വാദത്തിനെതിരെ ഇന്ത്യ

വെബ് ഡെസ്ക്

ഉത്തരാഖണ്ഡിൽ നടക്കുന്ന ഇന്ത്യ- അമേരിക്ക സൈനികാഭ്യാസത്തെ വിമർശിച്ച ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. സായുധസേനകളുടെ സംയുക്ത അഭ്യാസം അതിർത്തി സമാധാനത്തിനായുള്ള ചൈന-ഇന്ത്യ ഉഭയകക്ഷി കരാറുകളുടെ ലംഘനമാണെന്ന ചൈനയുടെ വാദത്തെ ഇന്ത്യ ശക്തമായി എതിർത്തു. ആരുമായി സൈനികാഭ്യാസം നടത്തണമെന്ന് തീരുമാനമെടുക്കാനുള്ള വീറ്റോ അധികാരം മൂന്നാമതൊരു രാജ്യത്തിന് ഇന്ത്യ നൽകിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം ആഞ്ഞടിച്ചു.

സൈനികാഭ്യാസം 1993ലും 1996ലും ചൈനയും ഇന്ത്യയും ഒപ്പുവെച്ച പ്രസക്തമായ കരാറുകളുടെ ലംഘനമാണെന്നും ചൈന ഇന്ത്യയെ അറിയിച്ചിരുന്നു

ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന ഉത്തരാഖണ്ഡിലെ ഔലിയില്‍ ആണ് ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസം നടക്കുന്നത്. ഇത് 1993ലും 1996ലും ഒപ്പുവെച്ച ഇന്ത്യ - ചൈന കരാറുകളുടെ ലംഘനമാണെന്നും ഉഭയകക്ഷി വിശ്വാസം വളർത്തിയെടുക്കുന്നതിൽ പ്രതികൂലമായി ബാധിക്കുമെന്നും ചൈന ഇന്ത്യയെ അറിയിച്ചു. എന്നാൽ, കിഴക്കൻ ലഡാക്കിലുണ്ടായ ചൈനീസ് ആക്രമണം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ചൈനയുടെ ഉഭയകക്ഷി കരാറുകളുടെ ലംഘനം ഓർത്തുനോക്കണമെന്ന് ഇന്ത്യ മറുപടി നല്‍കി. ഇന്ത്യ - യുഎസ് സൈനിക അഭ്യാസത്തിന് ഉഭയകക്ഷി കരാറുകളുമായി യാതൊരു ബന്ധവുമില്ലെന്നും ഇന്ത്യ നിലപാടെടുത്തു.

"ഇത്തരം ആരോപണങ്ങൾ ചൈനയുടെ ഭാഗത്ത് നിന്നാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ 1993-ലെയും 1996-ലെയും ഉടമ്പടികളിന്മേല്‍ ചൈന നടത്തിയ ലംഘനം എടുത്തുപറയേണ്ടതുണ്ട്. ഇന്ത്യ, തിരഞ്ഞെടുക്കുന്നവരുമായി സൈനിക അഭ്യാസം നടത്തുന്നു. ഈ വിഷയങ്ങളിൽ മൂന്നാം രാജ്യങ്ങൾക്ക് വീറ്റോ നൽകുന്നില്ല" - വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ചൈന-ഇന്ത്യ അതിർത്തി കരാറുകളിലും തർക്കങ്ങളിലും ഇടപെടാനുള്ള അമേരിക്കയുടെ തന്ത്രമായാണ് ചൈന സൈനികാഭ്യാസത്തെ കാണുന്നത്. ഇന്ത്യ - ചൈന ബന്ധത്തില്‍ ഇടപെടരുതെന്ന് ചൈന അമേരിക്കയ്ക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയാതായി യുഎസ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പെന്റഗൺ സ്ഥിരീകരിച്ചിരുന്നു. നിയന്ത്രണരേഖകളില്‍ ഇന്ത്യ - ചൈന സംഘര്‍ഷം ഗുരുതരമല്ലെന്ന് കാണിക്കാനായിരുന്നു ചൈനീസ് ഇടപെടലെന്നും പെന്റഗണ്‍ വ്യക്തമാക്കി.

നിയന്ത്രണരേഖയില്‍ സമാധാനപരമായ അന്തരീക്ഷം നിലനിർത്തുന്നതുമായി ബന്ധപ്പെട്ടതാണ് 1993-ലെ ഇന്ത്യ - ചൈന കരാർ. അതേസമയം, 1996-ലെ ഉടമ്പടിയിൽ ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലും നിയന്ത്രണരേഖ ഉൾപ്പെടെയുള്ള മേഖലയിലും സൈന്യത്തില്‍ ആത്മവിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ ഉൾക്കൊള്ളുന്നതാണ്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം