WORLD

54 ദിവസത്തിനുശേഷം അവർ ഒന്നിച്ചു: അത്ഭുത ബാലിക 'അയാ' ഇനി സ്വന്തം അമ്മയുടെ കെെകളില്‍ സുരക്ഷിതം

കുഞ്ഞിന്റെ അമ്മ മറ്റൊരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ചത്

വെബ് ഡെസ്ക്

ഫെബ്രുവരിയിൽ തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഓർക്കാത്തവരായി ആരും ഉണ്ടാകില്ല. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കൊടും തണുപ്പും സഹിച്ച് 128 മണിക്കൂറാണ് ആ അത്ഭുത ബാലിക കഴിഞ്ഞത്. ഭൂകമ്പത്തിൽ കുഞ്ഞിന്റെ അമ്മ മരിച്ചുവെന്നായിരുന്നു കരുതിയത്. എന്നാൽ ഇപ്പോൾ അവർ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തി. അങ്ങനെ 54 ദിവസത്തിനുശേഷം അയായ്ക്ക് അമ്മയെ തിരിച്ചുകിട്ടിയിരിക്കുകയാണ്.

ദുരന്തഭൂമിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 128 മണിക്കൂറിന് ശേഷം കുഞ്ഞിനെ രക്ഷപ്പെടുമ്പോൾ അമ്മ മരിച്ചുകാണുമെന്ന നിഗമനത്തിലായിരുന്നു രക്ഷപ്രവര്‍ത്തകര്‍. എന്നാല്‍ കുഞ്ഞിന്റെ അമ്മ മറ്റൊരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ചതെന്ന് തുര്‍ക്കി സാമൂഹിക ക്ഷേമ മന്ത്രി ഡെര്‍യ യാനിക് ട്വിറ്ററിലൂടെ അറിയിച്ചു.

''തുർക്കിയിലെ ഭൂകമ്പത്തെത്തുടർന്ന് 128 മണിക്കൂർ അവശിഷ്ടങ്ങൾക്കടിയിൽ ചെലവഴിച്ച കുഞ്ഞിന്റെ ഈ ചിത്രം നിങ്ങൾ ഓർക്കുന്നുണ്ടാകും. കുഞ്ഞിന്റെ അമ്മ മരിച്ചുവെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, അമ്മ ജീവിച്ചിരിപ്പുണ്ട്! അവർ മറ്റൊരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 54 ദിവസത്തെ ഇടവേളയ്ക്കും ഡിഎൻഎ പരിശോധനയ്ക്കും ശേഷം അവർ വീണ്ടും ഒന്നിച്ചു''- യുക്രെയ്ൻ ആഭ്യന്തര മന്ത്രിയുടെ ഉപദേശകൻ ആന്റൺ ഗെരാഷ്ചെങ്കോയും ട്വീറ്റ് ചെയ്തു.

തുർക്കിയിൽ ഹതായ് പ്രവിശ്യയിലെ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്ക് ഇടയിൽ നിന്നായിരുന്നു രക്ഷാസേന കുഞ്ഞിനെ കണ്ടെത്തിയത്. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് അയായെ രക്ഷിക്കുമ്പോള്‍ അമ്മയുടെ പൊക്കിള്‍ക്കൊടിയുടെ കരുതലിലായിരുന്നു അവള്‍. എല്ലാം തകർത്തെറിഞ്ഞ ദുരിതക്കെടുതിയിലേക്ക് പിറന്നുവീണ അയായെ പൊക്കിള്‍ക്കൊടി മുറിച്ചാണ് രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെത്തിച്ചത്. ഭൂകമ്പത്തെ അതിജീവിച്ച് പിറന്ന, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട കുഞ്ഞിന് 'അയാ' എന്ന് പേരിട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേർ കുഞ്ഞിനെ ഏറ്റെടുക്കാന്‍ തയ്യാറായി എത്തിയിരുന്നു.

തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിൽ തുർക്കിയിൽ അൻപതിനായിരത്തിലധികം പേരും സിറിയയിൽ ഏഴായിരത്തിലധികം പേരുമാണ് മരിച്ചത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി