WORLD

പ്രകോപനം തുടർന്ന് ഹൂതികൾ; ഏദൻ ഉൾക്കടലിൽ യു എസ് ചരക്കുകപ്പലിന് നേരെ മിസൈൽ ആക്രമണം

വെബ് ഡെസ്ക്

പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം വ്യാപിക്കുമെന്ന ആശങ്കകൾക്കിടെ ഏദന്‍ കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ വീണ്ടും ഹൂതി ആക്രമണം. അമേരിക്കൻ ഉടമസ്ഥതയിലുള്ള മാർഷൽ ദ്വീപിന്റെ പതാകയേന്തിയന്ന ജിബ്രാൾട്ടർ ഈഗിൾ കണ്ടെയ്‌നർ കപ്പലാണ് തിങ്കളാഴ്ച ആക്രമിക്കപ്പെട്ടത്. ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചായിരുന്നു ഹൂതി വിമതസംഘത്തിന്റെ ആക്രമണം. അമേരിക്ക-യുകെ സഖ്യസംഘം ഹൂതികൾക്ക് നേരെ നടത്തിയ ആക്രമണ പരമ്പരയ്ക്ക് പിന്നാലെയാണ് ഹൂതികളുടെ പ്രതികാര നടപടി.

യെമനിലെ സായുധ-വിമത സംഘമായ ഹൂതികൾ പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തുന്ന ഈ ആക്രമണങ്ങൾ ചെങ്കടലിൽനിന്ന് മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കുകയാണ്. ആക്രമണം കപ്പലിന് കേടുപാടുകളൊന്നും ഉണ്ടാക്കിയിട്ടില്ല. എന്നിരുന്നാലും യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ സംയുക്ത സൈനികാക്രമണങ്ങൾക്ക് ശേഷം നടക്കുന്നവ അമേരിക്കയെയും യുകെയും വെല്ലുവിളിക്കുന്നതാണ്. വാണിജ്യ കപ്പലുകൾ ആക്രമിക്കുന്നതിനുള്ള ഹൂതികളുടെ ശേഷിയെ തകർക്കാൻ ലോകത്തെ വൻ ശക്തികൾക്ക് സാധിച്ചില്ല എന്നതുകൂടിയാണ് പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.

മുപ്പതിലധികം ആക്രമണങ്ങളാണ് കഴിഞ്ഞ ആറാഴ്ചകൾക്കിടെ ഹൂതികൾ ചെങ്കടലിൽ നടത്തിയത്. ഈ സാഹചര്യത്തിൽ ചെങ്കടലിലൂടെ എല്‍പിജി അയയ്ക്കില്ലെന്ന് ഖത്തർ അറിയിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണക്കമ്പനിയാണ് ഖത്തർ എനർജി. ഗാസയിൽ ഇസ്രയേൽ തുടരുന്ന ഏകപക്ഷീയമായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നാണ് ഹൂതികളുടെ പ്രധാന ആവശ്യം.

അമേരിക്കയുടെ നേതൃത്വത്തിലുള്ള ആക്രമണങ്ങൾക്ക് തങ്ങളുടെ നിലപാടിൽ മാറ്റമൊന്നും ഉണ്ടാക്കാനായിട്ടില്ലെന്ന് ഹൂതികളുടെ മധ്യസ്ഥൻ മുഹമ്മദ് അബ്ദുൽസലാം തിങ്കളാഴ്ച പറഞ്ഞു. ഇസ്രയേലിലേക്ക് പോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണം തുടരും. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയാണ് ചെങ്കടലിൽ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള പോംവഴിയെന്നും ഹൂതികള്‍ മുന്നറിയിപ്പ് നല്‍കി.

യുഎസ് ഉടമസ്ഥതയിലുള്ള വാണിജ്യ കപ്പലുകൾ ചെങ്കടലിലും ഏദൻ ഉൾക്കടലിലുമുള്ള നിർദ്ദിഷ്ട പ്രദേശങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ യുഎസ് ഗതാഗത വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. അമേരിക്കയുടെ നേതൃത്വത്തിൽ കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ ആക്രമണങ്ങൾ ഹൂതികളെ ഭയപ്പെടുത്തുമെന്നായിരുന്നു യു കെയുടെ ഉൾപ്പെടെ വിശ്വാസം. യു കെ പ്രധാനമന്ത്രി ഋഷി സുനക് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ഹൂതികളുടെ സൈനിക കേന്ദ്രങ്ങളിൽ യുഎസ്-യുകെ സംയുക്ത വ്യോമാക്രമണം അവരുടെ ആയുധശേഖരത്തിന്റെ നാലിലൊന്ന് നശിപ്പിച്ചതായായിരുന്നു യുഎസ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും