WORLD

അന്തർവാഹിനി തിരച്ചിലിനായി കൂടുതൽ ആഴക്കടൽ പര്യവേഷണ വിദഗ്ധർ; കമ്പനി സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ചോ?

വെബ് ഡെസ്ക്

മുങ്ങിത്താഴ്ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനായി സഞ്ചാരികളുമായി പോയ അന്തര്‍വാഹിനി കണ്ടെത്താനായി കൂടുതൽ ആഴക്കടൽ പര്യവേഷണ വിദഗ്ധരെ എത്തിച്ചു. കടലിന്റെ എത്ര ആഴത്തിലും തിരച്ചിൽ നടത്താൻ കഴിവുള്ള ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധസംഘത്തെ എത്തിച്ചയായി ഓഷ്യൻഗേറ്റ് കമ്പനി അറിയിച്ചു. യുഎസ് കോസ്റ്റ് ഗാര്‍ഡാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. കാനഡ, ഫ്രാൻസ് തിരച്ചിൽ സംഘങ്ങളും സഹായവുമായി കൂടെയുണ്ട്. ഇനി 30 മണിക്കൂറിൽ താഴെ സമയത്തേക്ക് മാത്രമുള്ള ഓക്സിജനാണ് അന്തർവാഹിനിയിൽ അവശേഷിക്കുന്നത്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് അന്തര്‍വാഹിനി കണ്ടെത്താനുള്ള നീക്കത്തിലാണ് തിരച്ചിൽസംഘം.

അതിനിടെ അന്തര്‍വാഹിനിക്ക് നേരത്തെ സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന വിവരങ്ങളും പുറത്ത് വന്നു. 2018ൽ സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ടൈറ്റാനിക് പര്യവേഷണ കമ്പനിയായ ഓഷ്യൻഗേറ്റിന് യുഎസ് കോടതി മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം. ഓഷ്യൻഗേറ്റിൽ ജോലി ചെയ്തിരുന്ന അന്തര്‍വാഹിനി വിദഗ്ധൻ ഡേവിഡ് ലോഡ്രിജാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. അന്തര്‍വാഹിനി സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. അന്തര്‍വാഹിനിയിൽ കർശനമായ പരിശോധനയില്ലാത്തത് കാർബൺഹാളിലെ പിഴവ് കണ്ടെത്താതെ പോകുമെന്ന ആശങ്ക ലോഡ്രിജ് നേരത്തെ അറിയിച്ചിരുന്നു. അന്തര്‍വാഹിനിയുടെ വെസലുകൾ പുറത്തുനിന്നൊരു ഏജൻസി പരിശോധിക്കേണ്ട ആവശ്യകതയും കമ്പനിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

കടലിൽ 1,300 അടി ആഴത്തില്‍ മാത്രമേ സഞ്ചരിക്കാകൂവെന്നാണ് കോടതിരേഖകൾ പ്രകാരം അന്തർവാഹിനി നിര്‍മ്മാതാക്കള്‍ സാക്ഷ്യപ്പെടുത്തിയത്. എന്നാൽ സമുദ്രോപരിതലത്തിൽ നിന്നും ഏകദേശം 3,800 മീറ്റർ (12,500 അടി) താഴെയാണ് ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങളുള്ളത്.

അന്തര്‍വാഹിനി കണ്ടെത്താനുള്ള തിരച്ചില്‍ കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ട് പോവുകയാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കാണാതായ മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു.

ടൈറ്റാനിക് പര്യവേഷണ കമ്പനിയായ ഓഷ്യന്‍ഗേറ്റിന്റെ അഞ്ച് സഞ്ചാരികളുമായി പോയ അന്തര്‍വാഹിനിയാണ് കാണാതായത്. പാകിസ്താന്‍ വ്യവസായിയും മകനും, ബ്രിട്ടീഷ് വ്യവസായിയും അന്തര്‍ വാഹിനി കമ്പനിയുടെ സിഇഒയും ഫ്രഞ്ച് യാത്രികനുമാണ് സംഘത്തിലുള്ളത്. കപ്പല്‍ വെള്ളത്തില്‍ മുങ്ങി ഏകദേശം ഒരു മണിക്കൂര്‍ 45 മിനിറ്റിന് ശേഷം അന്തര്‍വാഹിനിയുമായുള്ള സഹ കപ്പല്‍ ഐസ്ബ്രക്കറിന്റെ ബന്ധം നഷ്ടപ്പെടുകയായിരുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും