പാര്‍ക്കിന്‍സണ്‍സ് ബാധിതരുടെ ആരോഗ്യ പുരോഗതി രേഖപ്പെടുത്താന്‍ പുതിയ റഡാര്‍ സംവിധാനവുമായി മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. രോഗികളുടെ ആരോഗ്യ പുരോഗതി വിലയിരുത്താനായാണ് വീട്ടില്‍ തന്നെ സ്ഥാപിക്കാന്‍ സാധിക്കുന്ന ഒരു വയര്‍ലെസ് പാര്‍ക്കിന്‍സണ്‍സ് മോണിറ്ററിങ് സിസ്റ്റത്തിന് രൂപം നല്‍കിയത്.
നഗരങ്ങളില്‍ നിന്നും, ആശുപത്രികളില്‍ നിന്നും വളരെ ദൂരെ താമസിക്കുന്ന രോഗികളുടെ അസുഖം വിലയിരുത്താനായാണ് പുതിയ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. ശരീരത്തിന്റെ മസിലുകളുടെ ചലനം,വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയവയാണ് പാർക്കിന്‍സണ്‍സിന്റെ പ്രധാന പ്രശ്നങ്ങള്‍. രോഗലക്ഷണമുള്ളവരില്‍ 40 ശതമാനം പേരും പാര്‍ക്കിന്‍സണ്‍സ് വിദഗ്ധരെയോ ന്യൂറോളജിസ്റ്റിനേയോ പരിശോധനയ്ക്കായി ചെന്നു കാണുന്നില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ പുതിയ കണ്ടെത്തല്‍ രോഗികളുടെ പരിചരണത്തിലും ചികിത്സയിലും വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ശരീരത്തിന്റെ ചലനത്തെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ശൃംഖലയിലുണ്ടാകുന്ന താളപ്പിഴകളാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിലേയ്ക്ക് നയിക്കുന്നത്. പുതിയ ഉപകരണത്തിലൂടെ രോഗിയുടെ ചലനവും വേഗവും തിട്ടപ്പെടുത്താന്‍ സാധിക്കും. അതിലൂടെ രോഗി മരുന്നിനോട് പ്രതികരിക്കുന്നുണ്ടോയെന്ന് വിലയിരുത്താനും സാധിക്കുന്നു. രോഗികളെ വീട്ടില്‍ ചെന്ന് കാണാന്‍ സാധിക്കില്ലെങ്കിലും ഡോക്ടര്‍മാര്‍ക്ക് പുതിയ മാര്‍ഗം വഴി രോഗിയെ നിരീക്ഷിക്കാനും പുരോഗതി വിലയിരുത്താനും കഴിയും എന്നതും മോണിറ്ററിങ് സിസ്റ്റത്തിന്റെ പ്രത്യേകത.
വൈഫൈ കണക്ടറുടെ വലിപ്പത്തിലുള്ള ഡിവൈസ് വീടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. രോഗിയുടെ ചലനം റേഡിയോ സിഗ്നലുകളിലൂടെ ഉപകരണം രേഖപ്പെടുത്തും. വീട്ടില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വയര്‍ലെസ് ഡിവൈസുകളെ ബാധിക്കാത്ത വിധത്തില്‍ റേഡിയോ സിഗ്നല്‍ ഉപയോഗിച്ചാണ് പുതിയ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നത്.