WORLD

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

വെബ് ഡെസ്ക്

കിർഗിസ്താൻ്റെ തലസ്ഥാന നഗരമായ ബിഷ്‌കെക്കിൽ അന്താരാഷ്‌ട്ര വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള ആൾക്കൂട്ട ആക്രമണങ്ങൾക്കിടയിൽ മുന്നറിയിപ്പുമായി ഇന്ത്യയും പാകിസ്താനും. ഇരു രാജ്യത്തെയും വിദ്യാർഥികളോട് വീട്ടിൽ തന്നെ തുടരാനാണ് നിർദേശം. കഴിഞ്ഞദിവസം രാത്രി നടന്ന ആക്രമണങ്ങൾക്കുപിന്നാലെയാണ് സ്വന്തം രാജ്യത്തെ വിദ്യാർഥികൾക്ക് ഇരു എംബസികളും നിർദേശം നൽകിയത്. വിദ്യാർഥികൾക്കു ബന്ധപ്പെടാൻ എംബസികൾ അടിയന്തര ഹെൽപ്പ് ലൈനുകൾ ലഭ്യമാക്കി.

വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം ഏകദേശം 14,500 ഇന്ത്യൻ വിദ്യാർഥികളാണ് കിർഗിസ്താനിലുള്ളത്. പാകിസ്താനിൽനിന്നുള്ള 10,000 വിദ്യാർത്ഥികളുമുണ്ട്. ഇതിൽ ഭൂരിഭാഗം പേരും മെഡിക്കൽ വിദ്യാർഥികളാണ്.

ബിഷ്‌കെക്കിലെ സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമാണെന്ന് കിർഗിസ്താനിലെ ഇന്ത്യൻ എംബസി അറിയിച്ചു. "ഞങ്ങൾ ഇന്ത്യൻ വിദ്യാർഥികളുമായി സമ്പർക്കം പുലർത്തുന്നുണ്ട്. സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമാണ്. പക്ഷേ തൽക്കാലം വീടിനുള്ളിൽ തുടരാനും എന്തെങ്കിലും പ്രശ്നമുണ്ടായാൽ എംബസിയുമായി ബന്ധപ്പെടാനും വിദ്യാർഥികളോട് നിർദേശിക്കുന്നു. 0555710041 എന്ന നമ്പറിൽ 24 മണിക്കൂറും ഞങ്ങളെ ബന്ധപ്പെടാം," ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

ബിഷ്‌കെക്കിലെ ഇന്ത്യൻ വിദ്യാർഥികളുടെ അവസ്ഥ നിരീക്ഷിക്കുകയാണെന്നും സ്ഥിതിഗതികൾ നിലവിൽ ശാന്തമാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്‌സിൽ കുറിച്ചു.

അതേസമയം ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ താമസിക്കുന്ന ബിഷ്‌കെക്കിലെ മെഡിക്കൽ സർവകലാശാലകളുടെ ഏതാനും ഹോസ്റ്റലുകൾ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടതായി പാകിസ്താൻ എംബസി അറിയിച്ചു.

"ബിഷ്‌കെക്കിലെ മെഡിക്കൽ സർവകലാശാലകളുടെ ഏതാനും ഹോസ്റ്റലുകളും പാകിസ്താനികൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാർഥികളുടെ സ്വകാര്യ താമസസ്ഥലങ്ങളും ആക്രമിക്കപ്പെട്ടു. ഹോസ്റ്റലുകളിൽ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് താമസിക്കുന്നത്," പാകിസ്താൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതു വരെ വീടിനുള്ളിൽ തന്നെ തുടരാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംബസി പറഞ്ഞു.

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അധികാരികൾ ബിഷ്‌കെക്കിലെ പ്രാദേശിക നിയമപാലകരുമായി ബന്ധപ്പെടുന്നുണ്ടെന്ന് കിർഗിസ്താനിലെ പാകിസ്താൻ അംബാസഡർ ഹസൻ സൈഗാം പറഞ്ഞു.

എന്താണ് കിർഗിസ്താനിൽ സംഭവിച്ചത് :

പ്രാദേശിക റിപ്പോർട്ടുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ വിവരങ്ങളും പ്രകാരം തലസ്ഥാനത്തെ ഏതാനും മെഡിക്കൽ സർവകലാശാല ഹോസ്റ്റലുകളിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. മേയ് 13നു പ്രാദേശിക വിദ്യാർഥികളും ഈജിപ്തിൽനിന്നുള്ള വിദ്യാർഥികളും തമ്മിലുള്ള വഴക്കിനെത്തുടർന്ന് അക്രമം നിയന്ത്രണാതീതമായതായി കിർഗിസ്താനിലെ പാകിസ്താൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ തർക്കത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ഇന്നലെ വിഷയം കൂടുതൽ വഷളായത്.

ആൾക്കൂട്ട ആക്രമണത്തിനിടെ മൂന്നോ നാലോ പാകിസ്താൻ വിദ്യാർഥികൾ കൊല്ലപ്പെട്ടതായും ബലാത്സംഗത്തിനിരയായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് കിർഗിസ്താൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും