നിയന്ത്രണരേഖയില്‍ സംഘർഷം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഇന്ന് കൂടിക്കാഴ്ച നടത്തും. ബ്രിക്‌സ് ഉച്ചകോടി നടക്കുന്ന റഷ്യയിലെ കസാനിലെ വേദിയില്‍വെച്ചായിരിക്കും ഉഭയകക്ഷി ചർച്ച നടക്കുകയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി സ്ഥിരീകരിച്ചിട്ടുണ്ട്.
അതിർത്തി തർക്കത്തില്‍ പരിഹാരം കണ്ടിട്ടുണ്ടെന്നും ഇത് നടപ്പാക്കാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ചൈന വ്യക്തമാക്കിയതിന് പിന്നാലെയാണിത്. നിയന്ത്രണരേഖയിലെ പട്രോളിങ്ങിനെക്കുറിച്ചുള്ള കരാർ പരാമർശിക്കാതെയായിരുന്നു ചൈന ഇക്കാര്യം വെളിപ്പെടുത്തിയത്.
അഞ്ച് വർഷത്തിനിടെ ആദ്യമാണ് മോദിയും ഷി ജിൻപിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. 2019 ഒക്ടോബറില്‍ മഹാബലിപുരത്ത് വെച്ചായിരുന്നു അവസാന കൂടിക്കാഴ്ച. കിഴക്കൻ ലഡാക്കിലെ ചൈനീസ് അധിനിവേശത്തിന് മാസങ്ങള്‍ക്ക് മുൻപായിരുന്നു ഇത്. ശേഷം നിയന്ത്രണരേഖയില്‍ സംഘർഷം രൂക്ഷമാകുകയും ചെയ്തിരുന്നു. 2022ല്‍ ബാലിയിലും 2023ല്‍ ജോഹന്നാസ്‌ബർഗിലും നടക്കേണ്ടിയിരുന്ന ചർച്ചകള്‍ വഴിമാറിപ്പോയിരുന്നു.
പട്രോളിങ് കരാറിനെക്കുറിച്ചും മിസ്രി പ്രതികരിച്ചു. പട്രോളിങ്ങിന്റേയും മറ്റ് പ്രവർത്തനങ്ങളുടേയും കാര്യത്തില്‍ 2020ലെ സാഹചര്യത്തിലേക്ക് മടങ്ങിയെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു നടന്ന ചർച്ചകള്‍. മറ്റ് കരാറുകളെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും മിസ്രി കൂട്ടിച്ചേർത്തു.
നിലനില്‍ക്കുന്ന പ്രസക്തമായ കാര്യങ്ങളില്‍ രണ്ട് രാജ്യങ്ങളും സമവായത്തിലെത്തിയെന്നും ചൈന ഇതിനെ പോസീറ്റീവായാണ് വീക്ഷീക്കുന്നതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി.
ചൈന-ഇന്ത്യ അതിർത്തി തർക്കത്തില്‍ കൃത്യമായ ആശയവിനിമയം ഇരുരാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥർ വഴിയും സൈനിക മാഗങ്ങളിലൂടെയും നടത്തുന്നുണ്ടെന്നും ലിൻ കൂട്ടിച്ചേർത്തു. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് എത്തിയിരിക്കുന്ന സമവായത്തില്‍ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ചർച്ചകളില്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ലിൻ പറഞ്ഞു.