മങ്കിപോക്സ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്കയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുളള മങ്കിപോക്സ് കേസുകളുടെ ഉയര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎസിന്റെ പ്രഖ്യാപനം.
യുഎസിലെ മങ്കിപോക്‌സ് കേസുകള്‍ 6,600 പിന്നിട്ടിരുന്നു. ഈ സാഹചര്യത്തില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപനം രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന് വലിയ ഗുണം ചെയ്യുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
ന്യൂയോര്‍ക്കിലാണ് ഏറ്റവും അധികം മങ്കി പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്
അമേരിക്കയില്‍ ന്യൂയോര്‍ക്കിലാണ് ഏറ്റവും അധികം മങ്കി പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റില്‍ നേരത്തെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കാലിഫോര്‍ണിയ, ഇല്ലിനോയി എന്നീ സ്‌റ്റേറ്റുകളിലും സമാനമായ നടപടികള്‍ സ്വീകരിച്ചു.
യുഎസ്സിലെ കുരങ്ങ് പനി പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കര്‍മ്മസമിതിയെ നിയോഗിക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. യുഎസില്‍ എച്ച്‌ഐവി വ്യാപനം തടയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ ഡിമീറ്റര്‍ ദസ്‌കലാസ്‌കീസ് ഉള്‍പ്പെടെയുള്ളരാണ് മങ്കി പോക്സ് പ്രതിരോധ സമിതിയിലുള്ളത്.
അതേസമയം, ലോകത്ത് ഇതുവരെ 26,000 ലധികം മങ്കി പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കുകള്‍.
പ്രായപൂര്‍ത്തിയായവരില്‍ രോഗം ഗുരുതരമാകുന്നില്ലെങ്കിലും കുട്ടികളില്‍ പ്രതികൂലമായി ബാധിക്കുകയും മരണനിരക്ക് ഉയര്‍ത്തുകയും ചെയ്യുന്നു.
മുഖക്കുരുവിന് സമാനമായ തിണര്‍പ്പുകള്‍ ദേഹം മുഴുവന്‍ വ്യാപിക്കുന്നതാണ് മങ്കി പോക്സിന്‍റെ പ്രധാന ലക്ഷണം. എന്നാല്‍ രോഗം ഗുരുതരമാവുന്നത് മറ്റ് സങ്കീര്‍ണതകള്‍ക്കും കാരണമാകുന്നു. വൈറസ് ബാധിതരുമായി അടുത്തിടപഴകുന്നവര്‍ക്കാണ് രോഗ പകര്‍ച്ച സാധ്യത കൂടുതല്‍. പ്രായപൂര്‍ത്തിയായവരില്‍ രോഗം വലിയ തോതില്‍ ഗുരുകതരമാകുന്നില്ലെങ്കിലും കുട്ടികളെ വലിയ തോതില്‍ പ്രതികൂലമായി ബാധിക്കുന്നു. ഇത് മരണനിരക്ക് ഉയരാനും കാരണമാവുന്നു.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് മങ്കി പോക്സ്. എണ്‍പതുകളുടെ അവസാനത്തില്‍ ഉന്മൂലനം ചെയ്യപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയുണ്ടാക്കുന്ന വസൂരിയുടെ ലക്ഷണങ്ങളുമായി കുരങ്ങ് വസൂരിക്ക് സമാനതകളെറെയാണ്.
അതേസമയം, ആഫ്രിക്കന്‍ മേഖലയില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കുരങ്ങ് വസൂരിയും ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള വൈറസ് ബാധയുടെ ലക്ഷണങ്ങളും തമ്മില്‍ ഗണ്യമായ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ (ബിഎംജെ) പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്
വൈറസ് ബാധിതരായ 197 പേരില്‍ നടത്തിയ പഠനത്തില്‍ നാലിലൊന്ന് (26.5%) പേര്‍ക്ക് മാത്രമേ കുരങ്ങുപനി ബാധിച്ച ഒരാളുമായി സമ്പര്‍ക്കം ഉണ്ടായിരുന്നുള്ളൂ എന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യം രോഗ ബാധിതരെങ്കിലും ലക്ഷണമില്ലാത്തവരോ അല്ലെങ്കില്‍ കുറച്ച് ലക്ഷണങ്ങളുള്ളവരോ ആയ വ്യക്തികളില്‍ രോഗ പടര്‍ച്ചയ്ക്കുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. കണ്ടെത്തലുകള്‍ കോണ്‍ടാക്റ്റ് ട്രെയ്സിംഗ്, പൊതുജനാരോഗ്യ മുന്നറിയിപ്പുകള്‍, നിലവിലുള്ള അണുബാധ നിയന്ത്രണം, മാറ്റിപ്പാര്‍പ്പിക്കല്‍ എന്നിവയുള്‍പ്പെടെയളുള്ളവയെ ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.