ഭരണകൂടത്തിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയ സാഹചര്യത്തില്‍ ചൈനയിലെ കൂടുതല്‍ നഗരങ്ങള്‍ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നു. കോവിഡ് വ്യാപനം ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന ഷാങ്ഹായിലടക്കം ഇളവുകള്‍ പ്രാബല്യത്തില്‍ വരും. തിങ്കളാഴ്ച മുതൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പൊതുഗതാഗതം, പൊതുസ്ഥലങ്ങളിലെ പ്രവേശനം തുടങ്ങിയവയ്ക്ക് നിർബന്ധമാക്കിയ ആർടിപിസിആർ പരിശോധനകൾ ഒഴിവാക്കും. ദേശീയ നയത്തിനും സാഹചര്യത്തിനും അനുസൃതമായി കോവിഡ് പ്രതിരോധ നടപടികൾ ക്രമീകരിക്കുന്നതും മാറ്റങ്ങൾ വരുത്തുന്നതും തുടരുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാന നഗരങ്ങളായ ബീജിങ്, ഷെൻഷെൻ, ഗ്വാങ്‌ഷോ എന്നിവയും ശനിയാഴ്ച നിയന്ത്രണങ്ങളില്‍ ഇളവുകൾ വരുത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രസിഡന്റ് ഷീ ജിൻപിംഗ് യൂറോപ്യൻ യൂണിയൻ മേധാവി ചാൾസ് മിഷേലുമായി നടത്തിയ ചർച്ചയിൽ ലോക്ക്ഡോൺ നിയമങ്ങൾ ലഘൂകരിക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നു. ഇതുപ്രകാരം ചൈന യൂറോപ്പിന്റ മാതൃക പിന്തുടരുണമെന്നും രോഗം പടരുന്നത് നിയന്ത്രിക്കാൻ ലോക്ക്ഡൗണുകളെക്കാൾ വാക്‌സിനേഷൻ ഡ്രൈവുകളെ അനുകൂലിക്കണമെന്നും മിഷേൽ നിർദേശിച്ചിരുന്നു. പിന്നാലെയാണ് നിയന്ത്രണങ്ങളില്‍ ചൈന വിട്ടുവീഴ്ചയ്ക്കൊരുങ്ങിയത്.
'സീറോ കോവിഡ് ' നടപടികളിൽ വ്യാപകമായ പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് നടന്നുവരുന്നത്
പ്രതിരോധത്തിനായി ചൈന സ്വീകരിച്ച 'സീറോ കോവിഡ് ' നടപടികളിൽ വ്യാപകമായ പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് നടന്നുവരുന്നത്. പ്രതിഷേധങ്ങളെ അടിച്ചമർത്താനായി ഭരണകൂടം കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിലെ യിചെങ്ങിലെ ഒരു സ്കൂളിന് പുറത്ത് നിരവധി ആളുകൾ ആരോഗ്യ പ്രവർത്തകരുമായി ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ വ്യാഴാഴ്ച സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
കോവിഡ് ടെസ്റ്റിന് ശേഷം സെൻട്രൽ ക്വാറന്റൈനിലേക്ക് കൊണ്ടുപോയ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ആണ് ദൃശ്യങ്ങളിലുള്ളതെന്ന് പിന്നീട് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാതാപിതാക്കൾ സ്കൂൾ ഗേറ്റിന് മുന്നിൽ കുട്ടികളെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാൻ മുട്ടുകുത്തി അഭ്യർത്ഥിക്കുന്ന മറ്റൊരു വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. രാജ്യത്തെ ഗുരുതരമായ സാഹചര്യത്തിന്റെ നേർക്കാഴ്ചയാണീ ദൃശ്യങ്ങള്‍ എന്നായിരുന്നു പരക്കെ ഉയർന്ന വിമർശനം.
അതേസമയം, ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം ചൈനയിൽ ശനിയാഴ്ച 30,889 പുതിയ പ്രാദേശിക കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ ദിവസം ഇത് 32,206 ആയിരുന്നു.