WORLD

സൗദിയിൽ കൊടുംചൂട്; ആയിരത്തിലധികം ഹജ്ജ് തീർഥാടകർ മരിച്ചതായി റിപ്പോർട്ട്

രജിസ്റ്റര്‍ ചെയ്യാത്ത ലക്ഷക്കണക്കിനാളുകളാണ് ഹജ്ജിന് മക്കയിലെത്തുന്നത്

വെബ് ഡെസ്ക്

സൗദി അറേബ്യയിലെ കൊടുംചൂടില്‍ ആയിരത്തിലധികം ഹജ്ജ് തീര്‍ഥാടകര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചതില്‍ പകുതിയിലധികം പേരും രജിസ്റ്റര്‍ ചെയ്യാത്ത തീര്‍ഥാടകരാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം മാത്രം ഈജിപ്തില്‍ നിന്നുള്ള 58 തീര്‍ഥാടകര്‍ മരിച്ചിട്ടുണ്ട്. ഇതുവരെ മരിച്ച 658 ഈജിപ്തുകാരില്‍ 630 പേരും രജിസ്റ്റര്‍ ചെയ്യാത്ത തീര്‍ഥാടകരാണെന്ന് അറബ് നയതന്ത്രജ്ഞനെ ഉദ്ധരിച്ച് ''ദ ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

10ഓളം രാജ്യങ്ങളില്‍ നിന്നായി 1081 ആളുകളാണ് ചൂടുകാരണം ഹജ്ജിനിടെ മരിച്ചത്. ഇസ്‌ലാം കലണ്ടര്‍ പ്രകാരമാണ് ഓരോ വര്‍ഷവും ഹജ്ജ് നടക്കുന്നത്. എന്നാല്‍ ഇത്തവണ ഹജ്ജിന്റെ സമയത്ത് കടുത്ത ചൂടാണ് സൗദിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 51.8 ഡിഗ്രി സെല്‍ഷ്യസാണ് ഈ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഓരോ പത്ത് വര്‍ഷം കൂടുന്തോറും ഈ മേഖലയിലെ താപനില 0.4 സെല്‍ഷ്യസായി ഉയരുന്നുണ്ടെന്ന് കഴിഞ്ഞ മാസം ഒരു പഠനത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ചെലവേറിയ ഔദ്യോഗിക പെര്‍മിറ്റുകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത പതിനായിരക്കണക്കിനാളുകളാണ് ഓരോ വര്‍ഷവും ക്രമരഹിതമായ മാര്‍ഗങ്ങളിലൂടെ ഹജ്ജിന് വേണ്ടി മക്കയിലെത്തുന്നത്. രജിസ്റ്റര്‍ ചെയ്യാത്ത ലക്ഷക്കണക്കിന് തീര്‍ഥാടകരെ ഈ മാസം മക്കയില്‍ നിന്നും തിരിച്ചയച്ചിട്ടുണ്ടെന്ന് സൗദി ഭരണാധികാരികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച പ്രധാന ചടങ്ങുകളില്‍ ഇപ്പോഴും ആളുകള്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത് വരുന്ന ആളുകള്‍ക്ക് ലഭ്യമാകുന്ന എയര്‍കണ്ടീഷന്‍ഡ്‌ സ്ഥലങ്ങളില്‍ വിശ്രമിക്കാനുള്ള അനുമതി ഇവര്‍ക്ക് ലഭിക്കില്ലെന്നതാണ് ദുഷ്‌കരമായ കാര്യം. രജിസ്റ്റര്‍ ചെയ്ത 18 ലക്ഷം തീര്‍ഥാടകര്‍ക്കാണ് ഇത്തവണ സംവിധാനം ഒരുക്കിയത്.

ചൂടുകാരണമുള്ള ഉയര്‍ന്ന രക്തസമ്മര്‍ദവും മറ്റ് സങ്കീര്‍ണതകളും കാരണമാണ് ഈജിപ്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കിടയിലെ മരണത്തിന് കാരണമെന്ന് സൗദിയിലെ നയതന്ത്രജ്ഞന്‍ പറയുന്നു. ഈജിപ്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഈജിപ്ത്യന്‍ ഉദ്യോഗസ്ഥര്‍ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

''ഹജ്ജിന്റെ വിവരങ്ങളില്‍ പേര് സൂചിപ്പിക്കാത്ത നിരവധി ഈജിപ്ത്യന്‍ പൗരന്മാരുണ്ട്. അതുകൊണ്ട് തന്നെ കാണാതായവരെയും അവരുടെ കുടുംബാംഗങ്ങളെയും കണ്ടെത്താന്‍ ബുദ്ധിമുട്ടുകയും ഒരുപാട് സമയവുമെടുക്കുന്നു,'' പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ തീര്‍ത്ഥാടകരുടെ മരണത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ക്രൈസിസ് സെല്‍ ആരംഭിക്കാന്‍ ഈജിപ്ത്യന്‍ പ്രസിഡന്റ് ആബേല്‍ അല്‍ സിസിയും ഉത്തരവിട്ടിട്ടുണ്ട്.

ഈജിപ്തിന് പുറമേ, കഴിഞ്ഞ ദിവസം പാകിസ്താനും ഇന്തോനേഷ്യയും തീര്‍ത്ഥാടകരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാകിസ്താനില്‍ 1,50,000 തീര്‍ത്ഥാടകരില്‍ 58 പേരും ഇന്തോനേഷ്യയില്‍ 2,40,000 തീര്‍ത്ഥാടകരില്‍ 183 പേരും മരിച്ചു. മലേഷ്യ, ഇന്ത്യ, ജോര്‍ദാന്‍, ഇറാന്‍, സെനഗല്‍, തുണീഷ്യ, സുഡാന്‍, ഇറാഖ്, ഇറാഖിലെ സ്വയംഭരണമേഖലയായ കുര്‍ദിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള തീര്‍ത്ഥാടകരുടെയും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം ഉറ്റവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും. മരിച്ച തീര്‍ത്ഥാടകരുടെ ശവസംസ്‌കാര ചടങ്ങുകള്‍ സൗദി അധികാരികള്‍ ആരംഭിച്ചതായി രണ്ട് നയതന്ത്രജ്ഞര്‍ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച മാത്രം 2700 കേസുകള്‍ ചൂട് കാരണമുണ്ടായിട്ടുണ്ടെന്ന് സൗദി അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും മരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം പല രാജ്യങ്ങളും 300ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹജ്ജിന്റെ സമയം ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഓരോ വര്‍ഷവും 11 ദിവസം പിന്നിലായതിനാല്‍ അടുത്ത വര്‍ഷം ജൂണ്‍ തുടക്കത്തിലായിരിക്കും ഹജ്ജ് നടക്കുക. നേരത്തെ, കാലാവസ്ഥാ പ്രതിസന്ധിയും ഉഷ്ണ സമ്മര്‍ദവും കാരണം 2047 മുതല്‍ 2052 വരെയും 2079 മുതല്‍ 2086 വരെയും ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അപകടകരമായ അനുഭവമായിരിക്കുമെന്ന് 2019ല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേര്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം