30 ദിവസത്തോളം പിന്നിട്ട ഇസ്രയേൽ - ഹമാസ് സംഘർഷത്തിൽ കൊല്ലപ്പെട്ടത് പതിനായിരത്തോളം മനുഷ്യർ. മാസങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കാൾ കൂടുതലാണ് ഒരു മാസത്തെ ഇസ്രയേൽ - ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഗാസയിൽ രാത്രിയിലും തുടർച്ചയായ ബോംബാക്രമണം തുടരുന്നതിനാൽ മരണമടയുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ഒക്ടോബർ ഏഴിന് ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ കുറഞ്ഞത് 9,770 പലസ്‌തീനികളും 1,400 ഇസ്രയേലികളും മരിച്ചതായി അൽ ജസീറയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഗാസയിലെ അഭയാർഥി ക്യാംപിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ആശുപത്രികൾക്കും ആംബുലൻസുകൾക്കും അഭയാർഥി ക്യാംപുകൾക്കും നേരെ ഉൾപ്പടെ ഇസ്രയേൽ വ്യോമാക്രമണം നടത്തുമ്പോൾ മരണസംഖ്യ വളരെയധികം കൂടുകയാണ്. ഗാസയിൽ ഒരിടവും സുരക്ഷിതമല്ലെന്ന് യുഎൻ അറിയിച്ചു. കൂടാതെ, അറബ് രാഷ്ട്രങ്ങൾ ഇസ്രയേലിനോട് അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാൽ അത് ഹമാസിന് വീണ്ടും ആക്രമണം നടത്താനുള്ള അവസരം മാത്രമായി മാറുമെന്നാണ് യുഎസ് വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചത്.
പലസ്തീൻ ഗ്രൂപ്പായ ഫത്താഹിന്റെ നേതാക്കൾ ഇസ്രയേലിന്റേത് 'ഉന്മൂലനത്തിൻ്റെ ക്രൂര യുദ്ധ'മാണെന്ന് വിശേഷിപ്പിച്ചതിൽ അപലപിക്കുകയും എത്രയും വേഗം സംഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സഖ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം, ബന്ദികളാക്കിയ 241 പേരെയും മോചിപ്പിക്കാതെ ഹമാസിനെതിരായ ആക്രമണത്തിൽ നിന്ന് ഒരു പടി പോലും പിന്നിലേക്കില്ലെന്നും വിജയം ഉറപ്പാക്കുന്നതുവരെ ആക്രമണം തുടരാനാണ് തീരുമാനമെന്നുമാണ് ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്. ഇസ്രയേലിൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ രാജി ആവിശ്യപ്പെട്ട് ടെൽ അവീവിലും ജെറുസലേമിലും ബന്ദിയാക്കപ്പെട്ടവരുടെ ബന്ധുക്കൾ പ്രകടനം നടത്തിയിരുന്നു.
അതേസമയം, ഗാസ പൂർണമായി വളഞ്ഞതായും പല ഭാഗത്തു നിന്ന് കടക്കാവുന്ന സങ്കീർണമായ ഹമാസ് തുരങ്കങ്ങളുടെ ശൃംഖല കണ്ടെത്തിയതായും ഇസ്രയേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരി അറിയിച്ചു. യുദ്ധത്തിന്റെ അടുത്ത ഘട്ടം തുരങ്കങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിക്കാനിരിക്കെ, മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ഇപ്പോൾ റഫ അതിർത്തി വഴി പരുക്കേറ്റ പലസ്തീൻ പൗരന്മാരെ മാത്രമാണ് കടത്തിവിടുന്നത്. ഇസ്രയേൽ സൈന്യം ഗാസ പ്രദേശങ്ങളിൽ മുന്നേറ്റം ആരംഭിച്ചതോടെ വാർത്താ സ്ഥാപനങ്ങൾക്ക് ഉപഗ്രഹ ചിത്രങ്ങൾ നൽകുന്ന കമ്പനികൾ ഗാസയിൽ നിന്നുള്ള ചിത്രങ്ങൾക്ക് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഗാസയിൽ ആശയവിനിമയം പൂർണമായും തകരാറിലായ സാഹചര്യമാണുള്ളത്.