വനിതാ ഫുട്ബോള്‍ ലോകകപ്പിൽ സ്പെയ്ന്‍ കിരീടമുയർത്തിയതിന് പിന്നാലെയുണ്ടായ ചുംബന വിവാദം ലോകമെമ്പാടും ചർച്ചയായിരിക്കുകയാണ്. സമ്മാനദാന ചടങ്ങില്‍ നിഷ് താരം ജെന്നിഫർ ഹെർമോസോയെ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് ചുംബിച്ചത് സ്‌പെയിനില്‍ വലിയം കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെ നിരവധി സ്ത്രീകളാണ് തൊഴിലിടത്തെ ലിഗംവിവേചനം വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്.
200ലധികം സ്ത്രീകളാണ് ജോലിസ്ഥലത്തെ ലിംഗവിവേചനവും അധികാര ദുര്‍വിനിയോഗവും വെളിപ്പെടുത്തിയിട്ടുള്ളത്. സ്ത്രീകളുമായി സംസാരിക്കുമ്പോള്‍ ജെന്നിക്ക് സംഭവിച്ചത് പോലെയുള്ള അനുഭവങ്ങളാണ് പരസ്പരം പങ്കുവയ്ക്കപ്പെടുന്നതെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ പ്രൊഫസര്‍ ഹെലെന ലെഗിഡോ ക്വിഗ്‌ളേ പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
''ഇത് ഞങ്ങള്‍ക്ക് കിട്ടിയ അവസരമാണ്. നാം പരസ്പരം സംസാരിക്കുമ്പോള്‍ ജെന്നിക്കുണ്ടായ അതേ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്. എന്നാല്‍ തുറന്നുപറയാന്‍ പലര്‍ക്കും പേടിയാണ്'' ക്വിഗ്‌ളേ പറഞ്ഞു. ജെന്നിക്ക് സംഭവിച്ചത് തങ്ങള്‍ നേരിട്ട അനുഭവങ്ങള്‍ തുറന്നുപറയാനുള്ള സ്ത്രീകളുടെ പേരാട്ടത്തിന് കാരണമായെന്നും അവര്‍ പറഞ്ഞു.
ഗ്ലോബല്‍ ഹെല്‍ത്ത് സ്‌പെയിനിലെ അംഗങ്ങളായ സ്ത്രീകളുടെ കൂടെയും ജോലി ചെയ്യുന്ന ക്വിഗ്‌ളെ നേരത്തെ തന്നെ ജെന്നിയുടെ അനുഭവങ്ങള്‍ ഞങ്ങളുടേതുമാണെന്ന തരത്തിലുള്ള പോസ്റ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. പിന്നാലെ താന്‍ ജോലി ചെയ്യുന്ന അക്കാദമിക് മേഖലയിലെയും ആരോഗ്യരംഗത്തെയും സ്ത്രീകളോട് അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ പേര് വെളിപ്പെടുത്താതെ തന്നെ പങ്കുവയ്ക്കാനും ഇവര്‍ ആവശ്യപ്പെട്ടു.
അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം 200 ഓളം സ്ത്രീകളാണ് ക്വിഗ്‌ളെയെ സമീപിച്ചത്. നിരവധി സ്ത്രീകള്‍ ജോലി സ്ഥലത്ത് നിരന്തരമായി ലിംഗവിവേചനം അനുഭവിക്കുകയാണെന്നും പങ്കുവച്ച അനുഭവങ്ങളെ മുന്‍നിര്‍ത്തി ക്വിഗ്‌ളേ പറഞ്ഞു.
എന്ത് ചെയ്യണമെന്ന പേടി കാരണമാണ് പലരും ഇത്തരം അനുഭവങ്ങള്‍ പറയാത്തത്. ചിലയാളുകള്‍ തങ്ങളുടെ സഹപ്രവര്‍ത്തകരോടും മുതിര്‍ന്ന ഉദ്യോഗസ്ഥരോടും ഇക്കാര്യങ്ങള്‍ പങ്കുവച്ചെങ്കിലും അവ തള്ളിക്കളയപ്പെട്ടെന്നും ക്വിഗ്‌ളേ പറഞ്ഞു.
''ലിംഗവിവേചനവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ കരിയര്‍ ഇല്ലാതാക്കിയെന്ന് പലരും പറഞ്ഞു. ചിലര്‍ക്ക് മാനസികമായ പ്രയാസങ്ങളുണ്ടായി. ആദ്യമായി മറ്റൊരാളോട് അനുഭവങ്ങള്‍ പങ്കുവച്ചവരും ഇക്കൂട്ടത്തിലുണ്ട്. ലൈംഗികോപദ്രവങ്ങള്‍ പങ്കാളികളോട് പോലും പറയാന്‍ സാധിക്കാത്തവരുമുണ്ടായിരുന്നു,' ക്വിഗ്‌ളേ പറയുന്നു.
വരും ആഴ്ചകളില്‍ ലഭിച്ച വിവരങ്ങളെ വിശകലനം ചെയ്ത് പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കാനുള്ള ആലോചനയിലാണ് ക്വിഗ്‌ളേ. ഇത് സ്‌പെയിനിലെ മറ്റൊരു മീടൂ പോരാട്ടമാണെന്നും എന്നാല്‍ പേര് വെളിപ്പെടുത്താനോ ജോലി സ്ഥലത്തെ മോശമായി ചിത്രീകരിക്കാനോ തങ്ങളില്ലെന്നും ക്വിഗ്‌ളേ പറയുന്നു. ജോലി നഷ്ടപ്പെടുമോയെന്ന പേടിയാണ് ഇതിന് കാരണമെന്നും ക്വിഗ്‌ളേ വ്യക്തമാക്കി.
അതേസമയം റുബിയല്‍സിന്റെ പെരുമാറ്റവും ''തെറ്റായ ഫെമിനിസ''ത്തിനെതിരെ അദ്ദേഹം നടത്തിയ പ്രസംഗത്തിന് ലഭിച്ച കയ്യടിയും സ്‌പെയിനിലെ ചില സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.
മാസങ്ങള്‍ക്ക് മുൻപ് കോച്ച് ജോര്‍ജ് വില്‍ഡയ്ക്ക് വേണ്ടി കളിക്കില്ലെന്ന് വനിതാ ലോകകപ്പ് ടീമിലെ 15 അംഗങ്ങള്‍ കത്ത് നല്‍കിയിരുന്നു. കോച്ചിന്റെ സമീപനം തങ്ങളുടെ മാനസികവും ആരോഗ്യപരവുമായ അവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നും ഇതിനൊരു പരിഹാരം കണ്ടെത്തുന്നത് വരെ മടങ്ങിവരില്ലെന്നുമായിരുന്നു കത്തിലെ പരാമര്‍ശം.
എന്നാല്‍ റുബിയല്‍സിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷന്‍, പരാതിക്കാര്‍ അവരുടെ തെറ്റ് മനസിലാക്കി മാപ്പ് പറയുന്നത് വരെ ആരെയും തിരിച്ച് വിളിക്കില്ലെന്നാണ് മറുപടി നല്‍കിയത്. തുടര്‍ന്ന് ഈ 15 പേരില്‍ 3 പേര്‍ മാത്രമാണ് ലോകകപ്പ് ടീമില്‍ അവശേഷിച്ചത്.