WORLD

വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ ഓണ്‍ലൈന്‍, ലൈംഗികാതിക്രമങ്ങള്‍ വർധിക്കുന്നെന്ന് യുനസ്‌കോ

വെബ് ഡെസ്ക്

ലോകമെമ്പാടും മാധ്യമ സ്വാതന്ത്ര്യം വലിയ ഭീഷണികള്‍ നേരിടുമ്പോള്‍ വലിയൊരു വിഭാഗം വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ നേരിടുന്നെന്ന് യുനസ്‌കോയുടെ പഠനം. 25 ശതമാനം പേര്‍ വധഭീഷണികളും ശാരീരിക അതിക്രമങ്ങളും നേരിടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പോലും വനിതാ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന അതിക്രമങ്ങള്‍ കുറവല്ല. സര്‍ക്കാരുകളുടെ അനാസ്ഥകളെ ചോദ്യം ചെയ്തിരുന്ന മാധ്യമപ്രവർത്തക ഗൗരിലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടത് അതിന് ഉദാഹരണമാണ്. ലോകത്തുടനീളം വനിത മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരം അതിക്രമങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് യുനസ്‌കോ പഠനം നടത്തിയത്.

'വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ഓണ്‍ലൈന്‍ അതിക്രമങ്ങളിലെ ആഗോള പ്രവണതകള്‍' എന്ന വിഷയത്തില്‍ 15 രാജ്യങ്ങളിലായി 1000 വനിതാ മാധ്യമപ്രവര്‍ത്തകരില്‍ നടത്തിയ പഠനത്തിലാണ് 75 ശതമാനം വനിത മാധ്യമപ്രവര്‍ത്തകരും ഓണ്‍ലൈന്‍ അതിക്രമങ്ങളും ഭീഷണികളും നേരിടുന്നുണ്ടെന്ന് കണ്ടെത്തിയത്. സ്ത്രീകള്‍ക്കെതിരായി വിദ്വേഷം വളര്‍ത്താന്‍ കണ്ടെത്തിയ അല്‍ഗോരിതങ്ങള്‍ പരിഷ്‌കരിക്കണമെന്നും ലിംഗാധിഷ്ഠിത ഓണ്‍ലൈന്‍ അക്രമം നടത്തുന്നവരെ പ്ലാറ്റ്‌ഫോമില്‍ നിന്ന് പുറത്താക്കി ശിക്ഷിക്കണമെന്നും യുനസ്കോ സോഷ്യല്‍ മീഡിയ കമ്പനികളോട് അഭ്യര്‍ത്ഥിച്ചു.

അഭിമുഖം നടത്തിയവരില്‍ അന്വേഷണാത്മക പത്രപ്രവർത്തകനായ കരോള്‍ കാഡ്വല്ലാഡറും ഉള്‍പ്പെട്ടിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ബ്രിട്ടീഷ് കണ്‍സള്‍ട്ടന്‍സിയായ കേംബ്രിഡ്ജ് അനലിറ്റിക്ക രഹസ്യമായി ശേഖരിച്ചത് പുറത്തുകൊണ്ടുവന്ന ആളാണദ്ദേഹം. പ്രധാനമായും രാഷ്ട്രീയ പരസ്യങ്ങള്‍ക്കുവേണ്ടിയായിരുന്നു അത്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമത്തില്‍ താന്‍ ആശങ്കാകുലയാണെന്ന് പഠന സംഘത്തിലുള്ള യുകെ വിഭാഗത്തിലെ മുതിര്‍ന്ന ഗവേഷക പ്രൊഫ കലിന ബോണ്ട്ചേവ പറഞ്ഞു.

വധഭീഷണി ഉള്‍പ്പെടെയുള്ള ഭീഷണികള്‍ 25 ശതമാനവും ലൈംഗികാതിക്രമം 18 ശതമാനവും നേരിട്ടിട്ടുണ്ടെന്ന് പഠനത്തില്‍ വ്യക്തമായി. പ്രതികരിച്ചവരില്‍, 13 ശതമാനം പേര്‍ തങ്ങളുമായി അടുപ്പമുള്ളവര്‍ക്കെതിരായ അക്രമ ഭീഷണികളെക്കുറിച്ചും വിവരിച്ചു. സര്‍വേയില്‍ പങ്കെടുത്ത സ്ത്രീ പത്രപ്രവര്‍ത്തകരില്‍ പകുതിപേരും സ്വകാര്യ സോഷ്യല്‍ മീഡിയ സന്ദേശങ്ങളിലൂടെ ഉപദ്രവിക്കപ്പെടുന്നതായും കണ്ടെത്തി.

ഡിജിറ്റല്‍ പീഡനവും ഭീഷണികളും എങ്ങനെയാണ് ഓഫ്ലൈന്‍ ആക്രമണങ്ങളിലേക്ക് നയിച്ചതെന്ന് കാണിക്കുന്ന ഓണ്‍ലൈന്‍-ഓഫ്ലൈന്‍ അക്രമങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു സിറ്റി മേയറുടെ മകനില്‍ നിന്നുള്ള ഓണ്‍ലൈന്‍ പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയ മെക്‌സിക്കന്‍ പത്രപ്രവര്‍ത്തകയായ മരിയ എലീന ഫെറലിന്റെ കൊലപാതകം ഇതിന് വലിയ ഉദാഹരണമാണെന്നും പഠനം പറയുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം