WORLD

നിലപാട് മയപ്പെടുത്തി മാലദ്വീപ്; ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നടപടികളൊന്നും ഉണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു

നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ശേഷമായിരുന്നു മുയിസുവിന്റെ പ്രതികരണം

വെബ് ഡെസ്ക്

ഇന്ത്യ വിരോധം ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പില്‍ മത്സരിച്ചുജയിച്ച് മാലദ്വീപ് പ്രസിഡന്റ് പദമേറിയ മുഹമ്മദ് മുയിസു ഒടുവില്‍ ഇന്ത്യയോട് അടുക്കുന്നു. ഇന്ത്യയുടെ സുരക്ഷയ്ക്കു ഭീഷണിയാകുന്ന ഒരു നടപടിയും തന്റെ ഭരണകാലത്ത് മാലദ്വീപിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നു മുയിസു വ്യക്തമാക്കി. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ശേഷമായിരുന്നു മുയിസുവിന്റെ പ്രതികരണം.

ഇന്നലെ ഇന്ത്യയിലെത്തിയ മാലദ്വീപ് പ്രസിഡന്റ് ഇന്ന് രാഷ്ട്രപതിഭവനിലെത്തി പ്രസിഡന്റ് ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിലായിരുന്നു മോദിയും മുയിസുവും കൂടിക്കാഴ്ച നടത്തിയത്. ഇതിനു ശേഷമായിരുന്നു മാലദ്വീപ് പ്രസിഡന്റിന്റെ പ്രസ്താവന.

മാലിദ്വീപിന്റെ സുപ്രധാന പങ്കാളിയാണ് എക്കാലവും ഇന്തയെന്നും പരസ്പര ബഹുമാനത്തോടെയും പങ്കാളിത്ത താല്‍പര്യങ്ങളോടെയുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്നും മറ്റു രാജ്യങ്ങളുമായി ബന്ധം പുലര്‍ത്തുമ്പോഴും ഇന്ത്യയുടെയും മാലദ്വീപിന്റെയും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഹാനികരമായ ഒരു നടപടിയും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും മുയിസു പറഞ്ഞു.

മാലദ്വീപിന്റെ പ്രസിഡന്റ് സ്ഥാനത്ത് എത്തിയതിനു പിന്നാലെ രാജ്യത്തു നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ മുയിസു ആവശ്യപ്പെട്ടിരുന്നു. ഇതായിരുന്നു ഇന്ത്യ-മാലദ്വീപ് ബന്ധം വഷളാകാന്‍ ഇടയാക്കിയത്. എന്നാല്‍ ആഭ്യന്തര വിഷയങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തന്റെ നടപടിയെന്നും മുയിസു വിശദീകരിച്ചു.

ആഭ്യന്തര പ്രാധാന്യം അനുസരിച്ചുള്ള വിഷയങ്ങളില്‍ കൂടുതല്‍ പ്രാധാനം നല്‍കുന്നതുകൊണ്ടാണ് സമീപകാലത്ത് പല മാറ്റങ്ങളുമുണ്ടായത്. പഴയ കരാറുകളില്‍ പലതും പനഃപരിശോധിച്ചതും ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ്. നയതന്ത്ര തലത്തില്‍ അതിന് ബന്ധമൊന്നുമില്ല. ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത സുഹൃത്തും പങ്കാളിയുമാണ്- മുയിസു വ്യക്തമാക്കി.

ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും ലക്ഷദ്വീപ് ടൂറിസം പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിനെക്കുറിച്ച് മാലദ്വീപ് മന്ത്രിമാര്‍ അധിക്ഷേപം നടത്തിയതും ഇന്ത്യ-മാലദ്വീപ് ബന്ധത്തില്‍ കടുത്തു വിള്ളലുകള്‍ ഉണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ വരവ് നിലച്ചത്‌ള മാലദ്വീപ് ടൂറിസത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതോടെയാണ് നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാന്‍ മുയിസു തയാറായതെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ