ടെഹ്‌റാനും വാഷിങ്ടണും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിനായി നിയുക്ത പ്രസിഡന്‌റ് ഡോണള്‍ഡ് ട്രംപുമായി അടുത്തബന്ധം പുലര്‍ത്തുന്ന എലോണ്‍ മസ്‌ക് ഐക്യരാഷ്ട്ര സഭയിലെ ഇറാന്‍ അംബാസഡറെ കണ്ടതായി റിപ്പോര്‍ട്ട്. ശതകോടീശ്വരന്‍ മസ്‌കും അംബാഡസര്‍ അമീര്‍ സെയ്ദ് ഇറവാനിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവ് ആയിരുന്നെന്ന് അജ്ഞാതമായ ഇറാനിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തിങ്കളാഴ്ച രഹസ്യകേന്ദ്രത്തില്‍ ഇരുവരും ഒരു മണിക്കൂറിലേറെ ചര്‍ച്ച നടത്തിയതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപിന്‌റെ ട്രാന്‍സിഷന്‍ ടീമോ ഐക്യരാഷ്ട്ര സഭയിലേക്കുള്ള ഇറാന്‍ ദൗത്യമോ കൂടിക്കാഴ്ച സ്ഥിരീകരിച്ചിട്ടില്ല. ഇതില്‍ അഭിപ്രായമില്ലെന്ന് ഇറാനിയന്‍ മിഷന്‍ പറഞ്ഞു. യുഎസ് ഉപരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇളവുകള്‍ തേടാനും ടെഹ്‌റാനില്‍ ബിസിനസ് സാധ്യതകള്‍ കണ്ടെത്താനും ഇറാന്‍ അംബാസഡര്‍ മസ്‌കിനോട് ആവശ്യപ്പെട്ടതായും ഇറാന്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാനുമായുള്ള നയതന്ത്ര കാര്യങ്ങള്‍ ട്രംപ് ഗൗരവത്തോടെയാണെടുക്കുന്നതെന്നും അദ്ദേഹത്തിന്‌റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെയും ഇസ്രയേലിലെയും പല യാഥാസ്ഥിതികരും തിരഞ്ഞെടുക്കുന്ന പരുഷ സമീപനമായിരിക്കില്ലെന്നും സൂചനയുണ്ട്. ട്രംപും മസ്‌കും തമ്മിലുള്ള ബന്ധത്തിന്‌റെയും സര്‍ക്കാരിലുള്ള മസ്‌കിന്‌റെ സ്വാധീനത്തിന്‌റെയും സൂചനകൂടിയാണ് ഈ കൂടിക്കാഴ്ച. പുതുതായി രൂപീകരിച്ച 'സര്‍ക്കാരിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കല്‍' വകുപ്പിന്‌റെ ചുമതലക്കാരില്‍ ഒരാള്‍ കൂടിയാണ് മസ്‌ക്.
പശ്ചിമേഷ്യ സംഘര്‍ഷങ്ങളില്‍ ഇസ്രയേലിനൊപ്പം നില്‍ക്കുന്ന നിലപാടായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇതുവരെ സ്വീകരിച്ചിരുന്നത്. നേരത്തെ, ഇസ്രയേലിനുമേല്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
വൈറ്റ് ഹൗസിലെ തന്റെ മുന്‍ കാലയളവില്‍, പ്രസിഡന്റ് ബരാക് ഒബാമ ഉറപ്പിച്ച ഇറാന്‍ ആണവ കരാര്‍ ട്രംപ് ഉപേക്ഷിച്ചിരുന്നു, പകരം ടെഹ്റാന്റെ എണ്ണ കയറ്റുമതി വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള സമ്മര്‍ദ്ദം ഏര്‍പ്പെടുത്തിയിരുന്നു.