WORLD

നഗോർണോ- കറാബാഖിലെ ഇന്ധന സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു; അർമേനിയൻ വംശജരുടെ പലായനം തുടരുന്നു

സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല

വെബ് ഡെസ്ക്

അസര്‍ബൈജാനിലെ നഗോര്‍ണോ-കറാബാഖിലെ ഇന്ധന സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറ് പേരെ ആശുത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാന നഗരമായ സ്റ്റെപനെകേര്‍ട്ടില്‍ കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഭൂരിപക്ഷം പേരുടെയും ആരോഗ്യനില ഗുരുതരമോ അത്യന്തം ഗുരുതരമോ ആണെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. പരിക്കേറ്റവരെ ശുശ്രൂഷിക്കാന്‍ നഗോര്‍നോ-കറാബാഖിന്റെ മെഡിക്കല്‍ ശേഷി മതിയാകുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 13 അജ്ഞാത മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അസര്‍ബൈജാന്‍ സൈന്യം നഗോര്‍ണോ--കറാബാഖില്‍ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതോടെ വംശീയ ഉന്മൂലനം ഭയന്ന് 13,350 അഭയാര്‍ത്ഥികള്‍ അര്‍മേനിയയില്‍ എത്തിയെന്ന അര്‍മേനിയന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഭവം. നഗോര്‍ണോ കറാബാഖില്‍ 120000 അര്‍മേനിയന്‍ വംശജരാണുള്ളത്. മേഖലയില്‍ വംശീയ ഉന്മൂലനമാണ് നടക്കുന്നതെന്നാണ് അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പഷിനിയാന്‍ വ്യക്തമാക്കിയത്.

അര്‍മേനിയന്‍ വംശജരെ തുല്ല്യ പൗരന്മാരായി കാണാനാണ് ആഗ്രഹിക്കുന്നതെന്നാണ് അസര്‍ബൈജാന്‍ വ്യക്തമാക്കിയത്. യൂറോപ്യന്‍ യൂണിയന്‍ പിന്തുണയുള്ള ചര്‍ച്ചകള്‍ക്കായി അര്‍മേനിയ, അസര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇന്ന് ബ്രസല്‍സില്‍ യോഗം ചേരും. കഴിഞ്ഞയാഴ്ച അസര്‍ബൈജാന്‍ ഗോര്‍ണോ--കറാബാഖില്‍ പിടിച്ചെടുത്തതിന് ശേഷം ഇതാദ്യമായാണ് നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളാണ് ഇരുവിഭാഗത്തെയും പ്രതിനിധീകരിക്കുക.

അസര്‍ബൈജാന്‍ സൈന്യം കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 200 അര്‍മേനിയക്കാരും പന്ത്രണ്ടിലേറെ അസര്‍ബൈജാനി സൈനികരും. അഞ്ച് റഷ്യന്‍ സമാധാന സേനാംഗങ്ങളും കൊല്ലപ്പെട്ടു. വലിയ തോതിലുള്ള റോക്കറ്റുകള്‍, പീരങ്കി ഷെല്ലുകള്‍, ഖനികള്‍, വെടിക്കോപ്പുകള്‍ എന്നിവയുള്‍പ്പെടെ കൂടുതല്‍ സൈനിക ഉപകരണങ്ങള്‍ കണ്ടുകെട്ടിയതായി ഞായറാഴ്ച അസര്‍ബൈജാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

70 ടണ്‍ ഭക്ഷണത്തിന്റെ ഡെലിവറി മാത്രമേ പ്രദേശത്ത് എത്തിക്കാന്‍ കഴിഞ്ഞിട്ടൊള്ളു. 'നാഗോര്‍ണോ-കറാബാക്ക് നിവാസികളെക്കുറിച്ച് ഭയമുണ്ട്. ആയിരക്കണക്കിന് ആളുകള്‍ ഭക്ഷണമോ പാര്‍പ്പിടമോ ഇല്ലാതെ ബേസ്‌മെന്റുകളിലും സ്‌കൂള്‍ കെട്ടിടങ്ങളിലും പുറത്തും കഴിയുകയാണ് ' വംശീയ അര്‍മേനിയന്‍ നേതാക്കള്‍ പറയുന്നു.

തെക്കന്‍ കോക്കസസിലെ പര്‍വതമേഖലയായ നഗോര്‍ണോ-കറാബാഖ് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടതു പ്രകാരം അസര്‍ബൈജാന്റെ ഭാഗമാണെങ്കിലും മൂന്ന് പതിറ്റാണ്ടായി അര്‍മേനിയന്‍ വംശജരുടെ നിയന്ത്രണത്തിലായിരുന്നു. അസര്‍ബൈജാന്‍ സൈന്യം നഗോര്‍ണോ--കറാബാഖില്‍ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് പലായനം ആരംഭിച്ചത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍