ഏറെക്കാലമായുളള മനുഷ്യന്റെ ചോദ്യങ്ങളിൽ ഒന്നായിരുന്നു മനുഷ്യൻ ഇനി എന്നാകും വീണ്ടും ചന്ദ്രനിൽ കാല് കുത്തുക എന്നത്. 1972ലാണ് മനുഷ്യൻ അവസാനമായി ചന്ദ്രനിൽ എത്തിയത്. അപ്പോളോയായിരുന്നു അന്ന് ആ ദൗത്യം നിർവഹിച്ചത്.1960 മുതൽ 1972 വരെയുളള 12 വർഷങ്ങളിലായി അപ്പോളോയുടെ ചാന്ദ്രദൗത്യത്തിൽ 12 പേരാണ് ചന്ദ്രനിൽ കാലു കുത്തിയത്. എന്നാൽ ചോദ്യങ്ങൾക്കൊക്കെ വിരാമമിട്ടുകൊണ്ട് അൻപത് വർഷങ്ങൾക്കിപ്പുറം വീണ്ടും നാസ ചന്ദ്രനിലേക്കുളള യാത്രയുടെ തയ്യാറെടുപ്പിലാണ്.
ആർട്ടെമിസ് എന്ന പുതിയ ദൗത്യത്തിൽ ചരിത്രത്തിലാദ്യമായി ഒരു സ്ത്രീയും വെളുത്ത വർഗക്കാരനല്ലാത്ത ഒരാളും ചന്ദ്രനിൽ കാലുകുത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുന്നോടിയായി ആഗസ്റ്റ് 29ന് ആർട്ടെമിസ് വൺ എന്നു പേരിട്ടിരിക്കുന്ന സഞ്ചാരികളില്ലാത്ത ഒരു പരീക്ഷണ ദൗത്യം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഈ യാത്ര വിജയിച്ചാൽ 2025 ഓടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുമെന്നാണ് നാസ പറയുന്നത്. കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്നുമാണ് യാത്രികർ ഇല്ലാതെ ആദ്യ യാത്ര നടത്തുക.
ഗ്രീക്ക് ഇതിഹാസത്തിൽ ചന്ദ്രന്റെ ദേവതയാണ് ആർട്ടെമിസ്. അപ്പോളോ ദേവന്റെ സഹോദരി. ഈ പേരാണ് നാസ ചാന്ദ്ര ദൗത്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്ന് ദൗത്യങ്ങളാണ് ആർട്ടെമിസിലൂടെ നാസ ലക്ഷ്യം വയ്ക്കുന്നത്. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ആർട്ടെമിസിലൂടെ സൗരയൂഥത്തെ ഗവേഷണപരമായി ഉപയോഗിച്ചു കൊണ്ട് ഭൂമിക്ക് വെളിയിൽ മനുഷ്യന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ് നാസ ഉന്നമിടുന്നത്.
അപ്പോളോ ദൗത്യങ്ങൾക്കായി ഉപയോഗിച്ചത് സാറ്റേൺ എന്ന റോക്കറ്റാണ്. എന്നാൽ സാറ്റേണിന് പകരക്കാരനായി നാസ വികസിപ്പിച്ചെടുത്തതാണ് സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) എന്ന റോക്കറ്റ്. ഇന്ത്യൻ റോക്കറ്റായ പിഎസ്എൽവിയുടെ മൂന്നിരട്ടി ഉയരമുളള എസ്എൽഎസിന് സാങ്കേതികമായ തകരാർ സംഭവിക്കാൻ സാധ്യതയില്ലെന്നാണ് നാസ വിലയിരുത്തുന്നത്. 50,000 കോടി രൂപ ചെലവ് വരുന്ന എസ്എൽഎസ് റോക്കറ്റിന് 365 അടി നീളവും ഒരു ലക്ഷം കിലോഗ്രാം ഭാരവുമുണ്ടെന്നാണ് നാസ പറയുന്നത്. മനുഷ്യരെ വഹിക്കുന്ന പേടകമായ ഓറിയോൺ മൂന്നാഴ്ചയോളം സംഘത്തെ വഹിക്കാനുള്ള ഇന്ധനശേഷിയും ഉണ്ട്. ഇലോൺമസ്കിന്റെ സ്റ്റാർഷിപ്പ് എന്ന ഈ റോക്കറ്റ് ബഹിരാകാശയാത്രികരെ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് എത്തിക്കുന്നതിനായി ഓറിയണുമായി ചേർന്ന് പ്രവർത്തിക്കും.