WORLD

യുക്രെയ്ന് തിരിച്ചടി; അംഗത്വത്തിന് സമയപരിധി നിശ്ചയിക്കാതെ നാറ്റോ, സഹകരിക്കുമെന്ന് സെലൻസ്കി

വെബ് ഡെസ്ക്

നാറ്റോ സൈനിക സഖ്യത്തിൽ യുക്രെയ്നെ അംഗമാക്കുന്നതിൽ സമയപരിധി നിശ്ചയിക്കാതെ അംഗരാജ്യങ്ങൾ. സഖ്യകക്ഷികൾ അംഗീകരിക്കുകയും എല്ലാ നിബന്ധനകളും പാലിക്കുകയും ചെയ്യുമ്പോൾ സൈനിക സഖ്യത്തിൽ യുക്രെയ്ന് അംഗമാകാമെന്ന് നാറ്റോ വ്യക്തമാക്കി. നാറ്റോയിൽ എന്ന് അംഗത്വം നൽകുമെന്നതിൽ വ്യക്തത വരുത്താത്ത നടപടിയെ അസംബന്ധമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉടൻ അംഗത്വം നൽകില്ലെന്ന നാറ്റോ പ്രഖ്യാപനമുണ്ടായത്.

എത്രയും വേഗത്തിൽ യുക്രെയ്നെ സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് നാറ്റോ പറയുന്നു. എന്നാൽ, അതിനൊരു സമയപരിധി നിശ്ചയിക്കുന്നത് അസാധ്യമാണെന്ന് സഖ്യം വ്യക്തമാക്കി. ലിത്വാനിയൻ തലസ്ഥാനമായ വിൽനിയസിൽ നടക്കുന്ന നാറ്റോ അംഗരാജ്യങ്ങളുടെ ഉച്ചകോടിക്കിടെയാണ് സഖ്യം നിലപാട് അറിയിച്ചത്. തുടർന്ന് നാറ്റോ നേതൃത്വം യുക്രെയ്ൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. സഖ്യവുമായി സഹകരിക്കുമെന്നും അവർ യുക്രെയ്ന് സംരക്ഷണം ഒരുക്കുമെന്നാണ് പ്രതീക്ഷയെന്നും യുക്രെയ്ൻ പ്രസിഡന്റ് കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.

യുക്രെയ്നെ ക്ഷണിക്കാനും അംഗമാക്കാനുള്ള താത്പര്യം നാറ്റോ രാജ്യങ്ങൾക്ക് ഇല്ലെന്നാണ് കരുതുന്നതെന്ന് നേരത്തെ സെലൻസ്കി കുറ്റപ്പെടുത്തിയിരുന്നു. റഷ്യക്കെതിരെ യുദ്ധം നടക്കുമ്പോൾ നാറ്റോയിൽ അംഗമാകാനാകില്ലെന്ന് യുക്രെയ്ന് അറിയാം. എന്നാൽ യുദ്ധം തീരുന്ന മുറയ്ക്ക് ഉടൻ തന്നെ അംഗത്വമെന്നതാണ് അവരുടെ ആവശ്യം. സമയപരിധി നിശ്ചയിക്കാത്ത നടപടി യുക്രെയ്ന്റെ അംഗത്വമെന്നത് ഒരു വിലപേശൽ ഘടകമായി പരിഗണിക്കപ്പെടുന്നതിന് സമാനമാണെന്നായിരുന്നു നാറ്റോ തീരുമാനം പ്രഖ്യാപിക്കും മുൻപ് സെലൻസ്കിയുടെ പ്രതികരണം. റഷ്യയുമായുള്ള ചർച്ചകളിൽ നാറ്റോ രാജ്യങ്ങളുടെ വിലപേശൽ യുക്രെയ്നെ വച്ചാകുമെന്നാണ് സെലൻസ്കി അഭിപ്രായപ്പെട്ടത്. അനിശ്ചിതത്വമെന്നത് ബലഹീനതയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യക്ക് അവരുടെ ഭീകരത തുടരുന്നതിനുള്ള അവസരമാണ് ഒരുക്കുന്നതെന്നും സെലൻസ്കി കുറ്റപ്പെടുത്തിയിരുന്നു.

നാറ്റോയിൽ അംഗമായാൽ പുറത്തുനിന്നുള്ള ഏതൊരു അക്രമണത്തിനും സുരക്ഷ ഉറപ്പാക്കാനാകുമെന്നതാണ് യുക്രെയ്നെ ആകർഷിക്കുന്നത്. അംഗത്വം നൽകുന്നതിൽ തീരുമാനമില്ലെങ്കിലും യുക്രെയ്ന് കൂടുതൽ സഹായങ്ങൾ നൽകുമെന്നും ജനാധിപത്യവും പരമാധികാരവും സംരക്ഷിക്കാൻ യുക്രെയ്നെ സഹായിക്കുമെന്നും നാറ്റോ വ്യക്തമാക്കുന്നു. ഒരു നാറ്റോ - യുക്രെയ്ൻ കൗണ്‍സിൽ രൂപീകരണത്തിന് വരെ സാധ്യതയുണ്ടെന്ന് നയതന്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. യുക്രെയ്ന് സാമ്പത്തിക സഹായം നൽകുമെന്ന് നാറ്റോ അംഗരാജ്യങ്ങളിൽ പലരും പ്രഖ്യാപനം നടത്തി. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയവരെല്ലാം യുദ്ധോപകരണങ്ങളുൾപ്പെടെയുള്ള പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും