WORLD

നേപ്പാൾ വിമാന ദുരന്തം; ബ്ലാക്ക് ബോക്സുകൾ കണ്ടെത്തി, നാല് പേർക്കായി തെരച്ചിൽ തുടരുന്നു

35 മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞതായും അധികൃതർ അറിയിച്ചു

വെബ് ഡെസ്ക്

നേപ്പാളിലെ പൊഖാറയിലുണ്ടായ വിമാനാപകടത്തിൽ പെട്ടവരിൽ നാല് പേരെ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങൾക്കിടയിൽ നേപ്പാൾ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ദുരന്തത്തിൽ 68 പേരാണ് മരിച്ചത്. ബാക്കിയുള്ള നാല് പേർക്കായി തെരച്ചിൽ തുടരുകയാണ്. ഇരുട്ടായതിനെ തുടർന്ന് ഞായറാഴ്ച നിർത്തിവെച്ച തെരച്ചിൽ തിങ്കളാഴ്ചയോടെ പുനരാരംഭിച്ചിട്ടുണ്ടെന്ന് പൊഖാറ പോലീസ് ഉദ്യോഗസ്ഥൻ അജയ് കെ സി പറഞ്ഞു. എന്നാൽ ഇതുവരെയും ബാക്കിയുള്ളവരെ കണ്ടെത്താനായിട്ടില്ല. 68ൽ 35 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞതായും അധികൃതർ അറിയിച്ചു.

കാഠ്മണ്ഡുവിലെ ത്രിഭുവൻ യൂണിവേഴ്‌സിറ്റി ടീച്ചിങ് ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘം പൊഖാറയിൽ എത്തിയാലുടൻ പോസ്റ്റ്‌മോർട്ടം ആരംഭിക്കും

അതേസമയം ഇന്ന് നടന്ന തെരച്ചിലിൽ തകർന്ന യെതി എയർലൈൻസ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും കോക്പിറ്റ് വോയിസ് റെക്കോർഡറും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും അപകടസ്ഥലത്ത് നിന്ന് കണ്ടെത്തി. ബ്ലാക്ക് ബോക്‌സ് നേപ്പാൾ സിവിൽ ഏവിയേഷൻ അധികൃതർക്ക് കൈമാറിയതായി യെതി എയർലൈൻസ് വക്താവ് അറിയിച്ചു. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെത്തിയതായി കാഠ്മണ്ഡു വിമാനത്താവള അധികൃതരും വ്യക്തമാക്കി.

ഞായറാഴ്ച 10.30 ഓടെയാണ് കാഠ്മണ്ഡുവിൽ നിന്ന് യതി എയർലൈൻസിന്റെ വിമാനം പറന്നുയർന്നത്. 20 മിനിറ്റിനകം അപകടം സംഭവിക്കുകയായിരുന്നു. ലാൻഡിങ്ങിന് തൊട്ട് മുൻപ് വിമാനം അപകടത്തിൽ പെട്ടത്. അപകടസമയത്ത് യാത്രക്കാരും ജീവനക്കാരുമടക്കം 72 പേരാണ് ഉണ്ടായിരുന്നത്. 57 നേപ്പാളികളും അഞ്ച് ഇന്ത്യക്കാരും നാല് റഷ്യക്കാരും രണ്ട് ദക്ഷിണ കൊറിയക്കാരും അർജന്റീന, അയർലൻഡ്, ഓസ്‌ട്രേലിയ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരാൾ വീതവുമാണ് ഉണ്ടായിരുന്നത്. ആകെയുണ്ടായിരുന്നവരിൽ 68 പേരുടെ മൃതദേഹം മാത്രമേ കണ്ടെടുക്കാനായുള്ളു.

പോസ്റ്റ്മാർട്ടത്തിനുള്ള നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. കാഠ്മണ്ഡുവിലെ ത്രിഭുവൻ യൂണിവേഴ്‌സിറ്റി ടീച്ചിങ് ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘം പൊഖാറയിൽ എത്തിയാലുടൻ പോസ്റ്റ്‌മോർട്ടം ആരംഭിക്കും. മൃതദേഹങ്ങൾ പരിശോധനയ്ക്ക് ശേഷം കുടുംബങ്ങൾക്ക് വിട്ടുനൽകും. കണ്ടെത്തിയതിൽ 63 മൃതദേഹങ്ങൾ ഇതിനോടകം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

ദുരന്തത്തിൽ അനുശോചിച്ച് നേപ്പാൾ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം ആചരിച്ചു. കൂടാതെ വിമാനാപകടത്തെ പറ്റി അന്വേഷിക്കാനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനുള്ള പഠനത്തിനായി ഒരു പാനലിനെയും നിയോഗിച്ചു. 2000ത്തിന് ശേഷം മാത്രം 350 ആളുകളാണ് വിമാന, ഹെലികോപ്റ്റർ അപകടങ്ങളിൽ പെട്ട് നേപ്പാളിൽ കൊല്ലപ്പെട്ടത്.

അന്താരാഷ്ട്ര വിമാനത്താവളമായി വിപുലീകരിച്ച പൊഖാറ വിമാനത്താവളം ഈ വർഷം ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്യുമ്പോൾ, ഇതേ വിമാനവും പൈലറ്റിനെയും ഉൾപ്പെടുത്തിയായിരുന്നു ആദ്യ ഡെമോ ഫ്ലൈ നടത്തിയത്. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ഉൾപ്പെടെ പ്രമുഖർ ഈ വിമാനത്തിൽ പൊഖാറയിലെത്തിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് 15 ദിവസങ്ങൾക്കുള്ളിലാണ് ദുരന്തം സംഭവിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ