WORLD

ഇന്ത്യയില്‍ തക്കാളിവില പിടിച്ചു നിര്‍ത്താന്‍ കയറ്റുമതിക്കൊരുങ്ങി നേപ്പാള്‍

ഇന്ത്യയില്‍ തക്കാളി വില കുതിച്ചുയരുന്നത് ജന ജീവിതത്തെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് വില നിയന്ത്രിക്കാന്‍ നേപ്പാളില്‍ നിന്ന് തക്കാളി ഇറക്കുമതിക്ക് കേന്ദ്രം ശ്രമം തുടങ്ങിയത്

വെബ് ഡെസ്ക്

ഇന്ത്യയില്‍ കുതിച്ചുയരുന്ന തക്കാളിവില പിടിച്ചു നിര്‍ത്താന്‍ ദീര്‍ഘകാലടിസ്ഥാനത്തില്‍ തക്കാളി കയറ്റുമതിക്കൊരുങ്ങി നേപ്പാള്‍. കഴിഞ്ഞ ദിവസമാണ് നേപ്പാളില്‍ നിന്ന് തക്കാളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം ശ്രമമാരംഭിച്ചതായി കേന്ദ്രമന്ത്രി നിര്‍മല സീതരാമയ്യന്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. മന്ത്രിയുടെ പ്രസ്താവനയ്ക്ക പിന്നാലെയാണ് വിലക്കുറവില്‍ തക്കാളിയെത്തിക്കാന്‍ നേപ്പാള്‍ തയ്യാറായത്.

തക്കാളി വില കുതിച്ചുയരുന്നത് ജന ജീവിതത്തെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് വില നിയന്ത്രിക്കാന്‍ നേപ്പാളില്‍ നിന്ന് ഇറക്കുമതിക്ക് കേന്ദ്രം ശ്രമം തുടങ്ങിയത്. കാലങ്ങളായി നേപ്പാള്‍ സ്വപ്‌നം കാണുന്ന ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനത്തിന്റെ തുടക്കമാണെന്നാണ് ഈ നീക്കത്തിനെ വിലയിരുത്തുന്നത്.

ഉത്തരേന്ത്യയില്‍ അനുഭവപ്പെട്ട കനത്ത മഴയെ തുടര്‍ന്നാണ് ഇന്ത്യയില്‍ തക്കാളി വില ഉയര്‍ന്നു തുടങ്ങിയത്. കിലോയ്ക്ക് ഏകദേശം 242 രൂപ എത്തിയതോടെയാണ് അയല്‍ രാജ്യത്തു നിന്നും തക്കാളി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചത്. ദീര്‍ഘകാലടിസ്ഥാനത്തിലാണ് തക്കാളിയും മറ്റ് പച്ചക്കറികളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ നേപ്പാള്‍ തയ്യാറാകുന്നത്.

അതേ സമയം ഇന്ത്യന്‍ വിപണിയിലേക്കുള്ള നേപ്പാളിന്റെ രംഗപ്രവേശനവുമായി ബന്ധപ്പെട്ട് ആവശ്യ സൗകര്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ ക്രമീകരിക്കേണ്ടതുണ്ട്. ഈ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും വ്യാപാരം നടക്കുകയെന്നാണ് നേപ്പാളിലെ കാര്‍ഷിക വകുപ്പിലെ വ്യക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. കഴിഞ്ഞ ഓരാഴ്ച്ചയായി ഇന്ത്യയിലേക്ക് നേപ്പാള്‍ ചെറിയ അളവില്‍ തക്കാളി കയറ്റുമതി ചെയ്യുന്നുണ്ട്. വലിയ തോതില്‍ തക്കാളി കയറ്റുമതി ചെയ്യുന്നതിനാവശ്യമായ നടപടികള്‍ ഇതുവരെ ചെയ്തു തുടങ്ങിയിട്ടില്ലെന്നും അവര്‍ വിശദീകരിച്ചു.

അനൗദ്യോഗികമായി 70,000 മുതല്‍ 90,000 കിലോ ഗ്രാം തക്കാളികള്‍ വരെ നേപ്പാളില്‍ നിന്നും ഇന്ത്യയിലെത്തുന്നുണ്ടെന്നാണ് കാഠ്മണ്ഡുവിലെ തക്കാളി കര്‍ഷകനായ ബദ്ര ശ്രേഷ്ഠ അഭിപ്രായപ്പെടുന്നത് . തക്കാളിക്ക് പുറമേ കടല പച്ചമുളക് എന്നിവ കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് അനുബന്ധ സൗകര്യങ്ങളും ചെയ്തു തരണമെന്ന് നേപ്പാള്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. നേപ്പാളിന്റെ ആവശ്യം അംഗീകരിച്ച് ഇന്ത്യ തക്കാളിയുള്‍പ്പെടെയുള്ള ചില പച്ചക്കറികള്‍ ക്വാറന്റൈന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി കയറ്റുമതി അംഗീകരിച്ചിട്ടുണ്ട്. ജൂലൈയില്‍ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ നേപ്പാള്‍ കൃഷി മന്ത്രി ബേദുറാം ഭൂഷാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കൂടി കാഴ്ച്ച നടത്തിയിരുന്നു. തക്കാളി ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിനുവേണ്ടിയുള്ള നടപടികള്‍ സുഗമമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെയും ആവശ്യം.

ജൂലൈ 11 മുതല്‍ നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍സിസിഎഫ്) ഡല്‍ഹി-എന്‍സിആര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഏകദേശം 9,38,862 കിലോ തക്കാളി വിലക്കുറവില്‍ വിറ്റിരുന്നു. നേപ്പാളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഏകദേശം 10 ടണ്‍ തക്കാളി ഉത്തര്‍പ്രദേശില്‍ കിലോ 70 രൂപ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുമെന്ന് എന്‍സിസിഎഫ് മാനേജിംഗ് ഡയറക്ടര്‍ അനീസ് ജോസഫ് ചന്ദ്ര വെള്ളിയാഴ്ച പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ