ഗാസയിലെ ഐക്യരാരാഷ്ട്ര സഭയുടെ ഓഫീസ് ആക്രമിച്ച് ഇസ്രയേൽ. കഴിഞ്ഞ ദിവസം രാത്രി നടത്തിയ ഷെല്ലിങ് ആക്രമണത്തിൽ യുഎൻ ഓഫീസിൽ അഭയം തേടിയിരുന്നവർ കൊല്ലപ്പെട്ടതായി യുഎൻ ഡെവലപ്മെൻറ് പ്രോഗ്രാം മേധാവി അകിം സ്റ്റെയ്നർ അറിയിച്ചു. എല്ലാ തരത്തിലും തെറ്റായ നടപടിയാണ് ഇസ്രയേലിന്റേതെന്നും പൗരന്മാർ, അവരുടെ സ്വത്തുക്കൾ, യുഎൻ ഓഫീസുകൾ എന്നിവ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന വർധിച്ചുവരുന്ന അന്താരാഷ്ട്ര ആഹ്വാനങ്ങളും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളിയിരുന്നു. ഹമാസിനെതിരായ ഇസ്രയേലിന്റെ പോരാട്ടം സർവ ശക്തിയോടെ തുടരും. ഹമാസ് ബന്ദികളാക്കിയ 239 പേരെയും വിട്ടയച്ചാൽ മാത്രമേ വെടിനിർത്തൽ സാധ്യമാകൂവെന്നും ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ നെതന്യാഹു ശനിയാഴ്ച പറഞ്ഞു.
ഗാസയിലെ സൈനിക പ്രവർത്തനങ്ങൾ പൂർണമായി വിലക്കുമെന്നും ആക്രമണങ്ങൾ അവസാനിപ്പിച്ചാലും മുനമ്പിലെ സുരക്ഷാ നിയന്ത്രണങ്ങൾ ഇസ്രയേൽ തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. നിലവിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്ക് ശേഷവും ഗാസയിൽ തുടരുന്നതിനെതിരെ നേരത്തെ അമേരിക്ക നിലപാടെടുത്തിരുന്നു. ഗാസയിലേക്ക് എപ്പോൾ വേണമെങ്കിലും ഇസ്രയേൽ സൈന്യത്തിന് പ്രവേശിക്കാൻ കഴിയണമെന്നതാണ് സുരക്ഷാ നിയന്ത്രണം ഏറ്റെടുക്കുക കൊണ്ട് ഉദ്ദേശിച്ചതെന്നും നെതന്യാഹു പറഞ്ഞു.
ഒക്‌ടോബർ ഏഴിന് ശേഷം 11,078 പലസ്തീനികൾ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്
ഇന്ധന ഉപരോധംമൂലം ഗാസയിലെ മിക്ക ആശുപത്രികളിലെയും ജനറേറ്റർ പ്രവർത്തനം നിലച്ചിരിക്കുകയാണ്. മുനമ്പിലെ ഏറ്റവും വലിയ ആശുപത്രി അൽ ഷിഫയ്ക്ക് സമീപം ഇസ്രയേൽ ആക്രമണം കടുപ്പിച്ചതും വലിയ തോതിലുള്ള ജനരോഷം ആഗോള തലത്തിൽ സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട്. ജനറേറ്ററിന്റെ പ്രവർത്തനം നിലച്ചത് അൽ ഷിഫയിൽ രണ്ടുകുട്ടികളടക്കം ആറുപേരുടെ മരണത്തിന് കാരണമായിരുന്നു. അൽ-ഷിഫ ആശുപത്രിയിൽനിന്ന് പലായനം ചെയ്ത ചിലർക്ക് “വെടിയേറ്റു, മുറിവേറ്റവരിൽ ചിലർ, മരണപ്പെട്ടാതായും” റിപ്പോർട്ടുകളുണ്ടെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചിരുന്നു.
ആശുപത്രികൾ ഹമാസിന്റെ കമാൻഡ് പോസ്റ്റുകളും ഒളിത്താവളങ്ങളുമാണ് എന്നതാണ് ഇവ ആക്രമിക്കാൻ ഇസ്രയേൽ മുന്നോട്ടുവയ്ക്കുന്ന വാദം. എന്നാൽ ആരോപണം തെളിയിക്കുന്ന യാതൊരുവിധ രേഖകളും ഇസ്രയേൽ ഹാജരാക്കിയിട്ടില്ല. അൽ ഷിഫയിലെ മെഡിക്കൽ സ്റ്റാഫ് അത്തരം അവകാശവാദങ്ങൾ നിഷേധിക്കുകയും വിവേചനരഹിതമായ ആക്രമണങ്ങളിലൂടെ സാധാരണക്കാരെ ദ്രോഹിക്കുകയാണെന്ന് ഇസ്രയേലെന്ന് പറയുകയും ചെയ്തിരുന്നു.
അസഹനീയവും നിരാശാജനകവുമായ സാഹചര്യമാണ് അൽ ഷിഫയിൽ നിലനിൽക്കുന്നതെന്ന് ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് ഡയറക്ടർ ജനറൽ റോബർട്ട് മർഡിനി എക്‌സിൽ കുറിച്ചു. ആശുപത്രികൾക്കും രോഗികൾക്കും സ്റ്റാഫുകൾക്കും ഉടൻ സംരക്ഷണമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യ പരിപാലന കേന്ദ്രങ്ങളിൽ നടത്തുന്ന യുദ്ധപ്രവർത്തനങ്ങൾക്ക് യാതൊരു ന്യായീകരണവുമില്ലെന്ന് യുഎൻ ഹ്യൂമാനിറ്റേറിയൻ മേധാവി മാർട്ടിൻ ഗ്രിഫിത്ത്സും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സൗദി അറേബ്യയിൽ കഴിഞ്ഞ ദിവസം ചേർന്ന 57 രാജ്യങ്ങളിലെ അറബ് നേതാക്കളുടെ സമ്മേളനം ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും മാനുഷിക സഹായം ഉടൻ എത്തിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തെ സ്വയരക്ഷ എന്ന് വിളിക്കാനാവില്ല. അതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവും ആകില്ല. ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി അന്വേഷണം നടത്തണമെന്നും അറബ് രാജ്യങ്ങളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.
ന്യൂയോർക്ക്, ലണ്ടൻ, പാരീസ്, ബാഗ്ദാദ്, കറാച്ചി, ബെർലിൻ, സ്കോട്ലൻഡ് എന്നിവയുൾപ്പെടെ ലോകത്തെമ്പാടുമുള്ള പല നഗരങ്ങളിലും അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്തുകൊണ്ട് വലിയ മാർച്ചുകൾ നടക്കുന്നുണ്ട്. ഇസ്രയേലിലെ ടെൽ അവീവിൽ, ഹമാസ് തടവിലാക്കിയവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലികൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. ഒക്‌ടോബർ ഏഴിന് ശേഷം 11,078 പലസ്തീനികൾ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.