WORLD

പാർട്ടിക്കുള്ളിലെ എതിർ സ്വരങ്ങൾ ഇല്ലാതാക്കി നെതന്യാഹു; പ്രതിരോധ മന്ത്രിയെ പുറത്താക്കി

ജുഡീഷ്യറിയെ നിയന്ത്രിക്കുന്നതിനുള്ള പരിഷ്കരണ നടപടികൾ നിർത്തിവയ്ക്കണമെന്ന് പ്രതിരോധമന്ത്രി യോവ് ഗാലന്റ് ആവശ്യപ്പെട്ടിരുന്നു

വെബ് ഡെസ്ക്

ജുഡീഷ്യറിയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമം കൊണ്ടുവരുന്നതിനെതിരെ ജനകീയ പ്രക്ഷോഭം തുടരവെ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ജുഡീഷ്യറിയെ നിയന്ത്രിക്കുന്നതിനുള്ള പരിഷ്കരണ നടപടികൾ നിർത്തിവയ്ക്കണമെന്ന് പ്രതിരോധമന്ത്രി യോവ് ഗാലന്റ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ജുഡീഷ്യറിയുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബെന്യാമിൻ നെതന്യാഹുവിന്റെ നീക്കത്തിനെതിരെ ഗാലന്റ് അടക്കം ലിക്കുഡ് പാർട്ടിയിൽ നിന്ന് എതിർപ്പ് പരസ്യമാക്കി രംഗത്ത് വന്നിരുന്നു. പ്രതിരോധ മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിൽ ഇനി വിശ്വാസമില്ലെന്ന് നെതന്യാഹു പ്രതികരിച്ചു. ഈ ആഴ്ച അവസാനത്തോടെ പാർലമെന്റിലൂടെ പുതിയ നിയമനിർമാണം നടത്താനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്.

അതേസമയം, ഗാലന്റിനെ പുറത്താക്കിയതിന് പിന്നാലെ പതിനായിരക്കണക്കിന് പ്രതിഷേധക്കാർ, രാജ്യത്തുടനീളം ഇസ്രയേൽ പതാകകൾ വീശി രാത്രി വൈകിയും തെരുവിലിറങ്ങി. ജറുസലേമിൽ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരുമായി പോലീസ് ഏറ്റുമുട്ടി. പ്രതിഷേധക്കാർക്ക് നേരെ പോലീസും സൈനികരും ജലപീരങ്കി പ്രയോഗിച്ചു.

യോവ് ഗാലന്റ്

നീതിന്യായ സംവിധാനത്തെ വരുതിയിലാക്കാനുള്ള നെതന്യാഹുവിന്റെ നീക്കത്തിനെതിരെ കഴിഞ്ഞ 12 ആഴ്ചയായി ഇസ്രയേലിലെങ്ങും വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. ജഡ്ജിമാരെ നിയമിക്കുന്ന സമിതിയുടെ മേൽ സർക്കാരിന് പൂർണ നിയന്ത്രണം നൽകുന്ന പദ്ധതികളാണ് പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നത്. സുപ്രീംകോടതി വിധികളെ സർക്കാരിന് റദ്ദാക്കാൻ കഴിയും വിധം നിയമരംഗം പരിഷ്കരിക്കുന്നതിലാണ് പ്രധിഷേധം. പരിഷ്കാരം സമൂഹത്തിൽ വിടവുണ്ടാക്കിയെന്നും സൈന്യത്തിലും സുരക്ഷാ ഏജൻസികളിലും വരെ അത് പ്രതിഫലിക്കുന്നുവെന്നും ഗാലന്റ് പറഞ്ഞിരുന്നു. ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ആണെന്നും അതുകൊണ്ട് ഇതിനായി നിയമം കൊണ്ടുവരുന്നത് തത്കാലം നിർത്തിവെക്കണമെന്നും ഗാലന്റ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഇസ്രയേലിന്റെ സുരക്ഷ എപ്പോഴും എന്റെ ജീവിത ദൗത്യമാണെന്ന് പുറത്താക്കിയതിന് പിന്നാലെ ഗാലന്റ് പ്രതികരിച്ചു. ഇസ്രയേലിന്റെ സുരക്ഷ എന്നത് തന്റെ ജീവിത ദൗത്യമാണ്. രാജ്യത്തിന് വേണ്ടി എന്ത് വെല്ലുവിളി ഏറ്റെടുക്കാനും താന്‍ തയ്യാറാണെന്നും യോവ് ഗാലന്റ് വ്യക്തമാക്കി. നമുക്ക് ചുറ്റുമുള്ള ഭീഷണികൾ വളരെ വലുതാണ്. ഈ ദിവസങ്ങളിൽ, എന്നത്തേക്കാളും, അഭൂതപൂർവമായ സുരക്ഷാ വെല്ലുവിളികൾ ഞങ്ങൾ അഭിമുഖീകരിക്കുന്നുവെന്നും ഗാലന്റ് ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രി പദത്തിലിരിക്കുന്ന നെതന്യാഹു നിയന്ത്രണ രേഖ പൂര്‍ണമായും മറികടന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. രാജ്യസുരക്ഷയ്ക്ക് ഭംഗം വരുത്തുന്ന നപടികള്‍ സ്വീകരിക്കുന്നത് അനുചിതമായ കാര്യമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന വ്യക്തി, നീതിന്യായ വ്യവസ്ഥയെ മാറ്റിമറിക്കുന്ന നിയമനിർമാണത്തിൽ നേരിട്ട് ഇടപെടുന്നത് ചട്ടലംഘനമാണെന്ന മുന്നറിയിപ്പുമായി അറ്റോർണി ജനറൽ ഗാലി ബഹറാവ് മിയറ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗാലന്റിനെ പുറത്താക്കാൻ നെതന്യാഹു തീരുമാനിച്ചത്. അതിനിടെ ഗാലന്റിനെ പുറത്താക്കിയ നടപടിയിൽ അമേരിക്ക ആശങ്ക രേഖപ്പെടുത്തി. ''ജനാധിപത്യ മൂല്യങ്ങൾ എല്ലായ്പ്പോഴും അമേരിക്ക-ഇസ്രയേൽ ബന്ധത്തിന്റെ മുഖമുദ്രയാണ്, അത് നിലനിൽക്കണം"- വൈറ്റ് ഹൗസ് വക്താവ് അഡ്രിയൻ വാട്‌സൺ പറഞ്ഞു.

പ്രധാനമന്ത്രിയെ അയോഗ്യനാക്കാനുള്ള അധികാരം സർക്കാരിന് മാത്രമായിരിക്കുമെന്ന ബിൽ കഴിഞ്ഞ ബുധനാഴ്ച ഇസ്രയേൽ പാർലമെന്റ് പാസാക്കിയിരുന്നു. ആരോഗ്യ, മാനസിക കാരണങ്ങളാലല്ലാതെ പ്രധാനമന്ത്രിയെ പുറത്താക്കുന്നത് വിലക്കുന്നതാണ് ബിൽ. നിയമം പാസായതോടെ ഏകാധിപത്യത്തിലേക്ക് നയിക്കുന്ന നടപടിയാണ് ഇതെന്നാരോപിച്ച് വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്.  120 അംഗ പാർലമെന്റിൽ 47നെതിരെ 61 വോട്ടിനാണ് നിയമം പാസായത്. 

'2019-ലെ ചര്‍ച്ചകൾക്ക് അദാനി ആതിഥേയത്വം വഹിച്ചു, രാഷ്ട്രീയ ചര്‍ച്ചകളുടെ ഭാഗമായിരുന്നില്ല'; അജിത് പവാറിന്റെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി ശരദ് പവാര്‍

ഹിജാബ് വിരോധം ഒരു 'രോഗാവസ്ഥ'; വിമതരെ ചികിത്സിക്കാനൊരുങ്ങി ഇറാൻ!

ലാലിന്റെ സിനിമ ഇതിഹാസമാകും, 'ബാറോസ്' വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകൻ ഫാസിൽ

ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മസ്‌ക്; യുഎസ് ഉപരോധവും നയതന്ത്ര കാര്യങ്ങളും ചര്‍ച്ചയായെന്ന് സൂചന

റിലീസായി മണിക്കൂറുകൾക്കകം കങ്കുവയുടെ ഹൈ ക്വാളിറ്റി വ്യാജ പതിപ്പ് ടെല​ഗ്രാമിൽ; കർശന നടപടിയുമായി സ്റ്റുഡിയോ ​ഗ്രീൻ