WORLD

ഗാസയിൽ ആക്രമണം ശക്തമാക്കും; വെടിനിർത്തൽ ആഹ്വാനങ്ങൾക്കിടെ പോരാട്ടം കടുപ്പിക്കുമെന്ന് നെതന്യാഹു

വെബ് ഡെസ്ക്

ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കണമെന്ന ആഹ്വാനങ്ങൾ ശക്തമാകുന്നതിനിടെ ഹമാസിനെതിരായ പോരാട്ടം കടുപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു. തിങ്കളാഴ്ച വടക്കൻ ഗാസയിൽ ഇസ്രയേൽ സൈനികരെ സന്ദർശിച്ച നെതന്യാഹു, തന്റെ പാർട്ടി നേതാക്കളെ അഭിസംബോധന ചെയ്യവെയാണ് നിലപാട് വ്യക്തമാക്കിയത്.

ഗാസയിലെ യുദ്ധം അവസാനിക്കാറായിട്ടില്ലെന്നും അങ്ങനെയുള്ള വാർത്തകൾ മാധ്യമങ്ങളുടെ ഊഹാപോഹങ്ങളാണെന്നും നെതന്യാഹു പറഞ്ഞു. ആക്രമണങ്ങളുടെ തീവ്രത കുറയ്ക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ വിഭിന്ന പ്രതികരണം.

ഹമാസിനെ നശിപ്പിക്കുമെന്നും അവരുടെ പക്കലുള്ള ബന്ദികളെ ഇസ്രയേലിലേക്ക് തിരികെ കൊണ്ടുവരുമെന്നും നെതന്യാഹു തിങ്കളാഴ്ച പ്രതിജ്ഞയെടുത്തു. ഗാസയിൽ താൻ സന്ദർശിച്ച സൈനികരും അവസാനം വരെ യുദ്ധം തുടരണമെന്ന് ആവശ്യപ്പെട്ടുവെന്നും ലിക്കുഡ് പാർട്ടി യോഗത്തിൽ നെതന്യാഹു പറഞ്ഞു. കൂടാതെ ഗാസയിലുള്ള പലസ്തീനികളെ മുനമ്പ് വിട്ടുപോകാൻ പ്രോത്സാഹിപ്പിക്കുമെന്ന് നെതന്യാഹു പറഞ്ഞതായും ഇസ്രയേലി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

ഗാസ സന്ദർശന വേളയിൽ കണ്ടുമുട്ടിയ സൈനികർ "അവസാനം വരെ" യുദ്ധം തുടരാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടതായി അദ്ദേഹം തന്റെ ലിക്കുഡ് പാർട്ടിയുടെ യോഗത്തിൽ പറഞ്ഞു. തങ്ങളുടെ പ്രിയപെട്ടവരെ എത്രയും വേഗം മോചിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ദികളുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം നെതന്യാഹുവിനെ തടഞ്ഞിരുന്നു. പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു സംഭവം. നെസറ്റിന്റെ (ഇസ്രയേൽ പാർലമെന്റ്) ഗാലറിയിലിരുന്നവർ 'ഇപ്പോൾ, ഇപ്പോൾ' എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.

അതേസമയം, ഇസ്രയേൽ-ഹമാസ് വെടിനിർത്തലിന് ഈജിപ്ത് പുതിയൊരു നിർദേശം മുന്നോട്ടുവച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രയേലിന്റെ ആക്രമണം നിർത്തിവയ്ക്കുന്നതിനൊപ്പം ഹമാസിന്റെ പക്കലുള്ള എല്ലാ ബന്ദികളെയും ഘട്ടങ്ങളായി മോചിപ്പിക്കണമെന്നും ഇസ്രയേലി ജയിലുകളിൽ കഴിയുന്ന നിരവധി പലസ്തീനി തടവുകാരെ വിട്ടയക്കണമെന്നുമാണ് ഈജിപ്ത് ആവശ്യപ്പെടുന്നത്. എന്നാൽ ആക്രമണങ്ങൾ അവസാനിപ്പിക്കാതെ സമാധാന ചർച്ചകൾക്കില്ലെന്നാണ് ഹമാസിന്റെ പക്ഷം.

ഇസ്രയേലിന്റെ നിരന്തര ബോംബിങ് ആക്രമണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഖാൻ യൂനിസിന് സമീപമുള്ള ഏഴു പലസ്തീനികൾ ചൊവ്വാഴ്ച കൊല്ലപ്പെട്ടു. നാസർ ഹോസ്പിറ്റലിന് സമീപമായിരുന്നു ആക്രമണം. ഞായറാഴ്ച ഇസ്രയേൽ മാഗസി അഭയാർഥി ക്യാംപിന് നേരെ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. 24 മണിക്കൂറിനിടെ 250 പേര്‍ ഇത്തരത്തിൽ കൊല്ലപ്പെട്ടതായാണ് കണക്ക്. ഒക്ടോബർ ഏഴിന് ശേഷം 20,674 പേർ കൊല്ലപ്പെടുകയും 54,536 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും