WORLD

ഇസ്രയേലില്‍ അല്‍ ജസീറ അടച്ചുപൂട്ടും; സംപ്രേഷണം നിലച്ചു

അല്‍ ജസീറയ്ക്ക് എതിരായ ഉത്തരവില്‍ ഒപ്പുവച്ചതായും ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഇസ്രയേല്‍ വാര്‍ത്താവിനിമയ മന്ത്രി ഷ്‌ലോമോ കര്‍ഹിയും അറിയിച്ചിരുന്നു

വെബ് ഡെസ്ക്

ഇസ്രയേലില്‍ അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച് നെതന്യാഹു സര്‍ക്കാര്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടു. മന്ത്രിസഭാ യോഗം ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതികള്‍ റിപ്പോര്‍ട്ട് ചെയ്തതിനാണ് ചാനലിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ തീരുമാനം വന്നതിനു പിന്നാലെ ചാനല്‍ ഇസ്രയേലിലെ സംപ്രേഷണം അവസാനിപ്പിച്ചു.

ഗാസയില്‍ മാസങ്ങള്‍ നീണ്ട യുദ്ധത്തില്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി കണക്കാക്കപ്പെടുന്ന വിദേശ ബ്രോഡ്കാസ്റ്ററുകള്‍ ഇസ്രയേലില്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ അനുവദിക്കുന്ന നിയമം ഇസ്രയേല്‍ പാര്‍ലമെന്‌റ് പാസാക്കിയതിന് പിന്നാലെയാണ് ഇന്ന് മന്ത്രിസഭ വോട്ടെടുപ്പ് നടന്നത്. ശേഷം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ നെതന്യാഹു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ''ഇസ്രയേലിന്‌റെ ചാനല്‍ അല്‍ ജസീറ അടച്ചു പൂട്ടാന്‍ എന്‌റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏകകണ്ഠമായി തീരുമാനിച്ചിരിക്കുന്നു'', ഹീബ്രുഭാഷയില്‍ നെതന്യാഹു കുറിച്ചു. അല്‍ ജസീറയ്ക്ക് എതിരായ ഉത്തരവില്‍ ഒപ്പുവച്ചതായും ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഇസ്രയേല്‍ വാര്‍ത്താവിനിമയ മന്ത്രി ഷ്‌ലോമോ കര്‍ഹിയും അറിയിച്ചു.

എഡിറ്റിങ്, റൂട്ടിങ് ഉപകരണങ്ങള്‍, കാമറകള്‍, മൈക്രോഫോണുകള്‍, സെര്‍വറുകള്‍, ലാപ്‌ടോപ്, വയര്‍ലസ് ട്രാന്‍സ്മിഷന്‍ ഉപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങി ചാനലിന്‌റെ ഉള്ളടക്കം കൈമാറാന്‍ ഉപയോഗിക്കുന്ന പ്രക്ഷേപണ ഉപകരണങ്ങള്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ടതായും കാര്‍ഹി അറിയിച്ചു.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന ഖത്തറാണ് ചാനലിന് ഫണ്ട് ചെയ്യുന്നത്. എന്നാല്‍ പുതിയ തീരുമാനം ഖത്തറുമായുള്ള സംഘര്‍ഷത്തിനുള്ള പുറപ്പാടാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

ഇസ്രയേലുമായി ദീര്‍ഘനാളത്തെ ബന്ധം അല്‍ജസീറയ്ക്കുണ്ട്. ഹമാസുമായി ചേര്‍ന്ന് തങ്ങള്‍ക്കെതിരെ തെറ്റായ പ്രചരണം നടത്തുന്നവരാണ് അല്‍ ജസീറ എന്നാണ് ഇസ്രയേല്‍ നിരന്തരം ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ അല്‍ ജസീറ ആവര്‍ത്തിച്ച് നിരസിച്ചിട്ടുണ്ട്.

യുദ്ധത്തിലുടനീളം ഗാസയില്‍ തുടരുന്ന വ്യോമാക്രമണത്തിന്‌റെയും പരുക്കേറ്റവരാല്‍ തിങ്ങി നിറഞ്ഞ ആശുപത്രികളുടെയും രക്തരൂക്ഷിതമായ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന ചുരുക്കം ചില അന്താരാഷ്ട്ര മാധ്യമങ്ങളിലൊന്നാണ് അല്‍ ജസീറ.

സുരക്ഷാ അപകടമെന്ന് കരുതുന്ന വാര്‍ത്താശൃംഖലകള്‍ അടച്ചുപൂട്ടാന്‍ മുതിര്‍ന്ന മന്ത്രിമാര്‍ക്ക് അധികാരം നല്‍കുന്ന നിയമത്തിന് പാര്‍ലമെന്‌റ് അംഗീകാരം നല്‍കിയശേഷം ഇസ്രയേലിലെ അല്‍ ജസീറയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്ന് നെതന്യാഹു കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

'അല്‍ ജസീറ ഇസ്രയേലിന്‌റെ സുരക്ഷയെ ഹനിച്ചു, ഒക്ടോബര്‍ ഏഴിലെ കൂട്ടക്കൊലയില്‍ സജീവമായി പങ്കെടുത്തു, ഇസ്രയേലി സൈനികര്‍ക്ക് നേരേ പ്രകോപനം സൃഷ്ടിച്ചു'വെന്നും നെതന്യാഹു എക്‌സില്‍ കുറിച്ചിരുന്നു.

അതേ സമയം, ഹമാസുമായി വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഇസ്രയേലികള്‍ ഇന്നലെ പ്രതിഷേധിച്ചിരുന്നു. ഹമാസ് ഉദ്യോഗസ്ഥര്‍ കെയ്‌റോയില്‍ ഈജിപ്ഷ്യന്‍ ഖത്തര്‍ മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നിതിനിടെ തടവിലുള്ള 130-ല്‍ അധികം ബന്ദികളെ നാട്ടിലേക്കു കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

ഹമാസിനെ നശിപ്പിക്കുകയും ബന്ദികളാക്കിയവരെയെല്ലാം തിരിച്ചയക്കുംവരെ യുദ്ധം അവസാനിപ്പിക്കില്ലെന്നുമാണ് നെതന്യാഹുവിന്റെ സര്‍ക്കാര്‍ പറയുന്നത്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം