യു എസ് സെനറ്റ് 
WORLD

കാലാവസ്ഥ, നികുതി ബിൽ പാസാക്കി യുഎസ് സെനറ്റ്: ബൈഡന്റെ വലിയ നേട്ടമെന്ന് വിലയിരുത്തല്‍

430 ബില്യൺ ഡോളറിന്റെ പാക്കേജ്, ഇടക്കാല തിരഞ്ഞെടുപ്പിൽ സഹായകമാകുമെന്നാണ് ഡെമോക്രാറ്റ് പാർട്ടി അംഗങ്ങളുടെ പ്രതീക്ഷ

വെബ് ഡെസ്ക്

പ്രസിഡന്റ് ജോ ബൈഡൻ കൊണ്ടുവന്ന സുപ്രധാന നിയമനിർമാണ ബിൽ യുഎസ് സെനറ്റ് ഞായറാഴ്ച പാസാക്കി. കാലാവസ്ഥാ വ്യതിയാന തോത് കുറയ്ക്കുക, മരുന്ന് വില നിയന്ത്രിക്കുക, കോർപ്പറേഷന്‍ നികുതി കര്‍ശനമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതാണ് പുതിയ ബിൽ. ബൈഡന്റെ വലിയ നേട്ടമായാണ് ബിൽ വിലയിരുത്തപ്പെടുന്നത്. 430 ബില്യൺ ഡോളറിന്റെ പാക്കേജ്, ഇടക്കാല തിരഞ്ഞെടുപ്പിൽ സഹായകമാകുമെന്നാണ് ഡെമോക്രാറ്റ് പാർട്ടി അംഗങ്ങളുടെയും പ്രതീക്ഷ.

27 മണിക്കൂർ നീണ്ട സംവാദങ്ങൾക്കൊടുവിലാണ് 'പണപ്പെരുപ്പ ലഘൂകരണ ആക്ട്' (Inflation Reduction Act) എന്നറിയപ്പെടുന്ന ബിൽ പാസ്സാക്കിയത്. പാക്കേജിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പ്രതിപക്ഷ കക്ഷിയായ റിപ്പബ്ലിക്കൻ പാര്‍ട്ടിയില്‍ നിന്നുണ്ടായെങ്കിലും ഡെമോക്രാറ്റിക് പാർട്ടി ഒറ്റക്കെട്ടായി നിന്നു. 50നെതിരെ 51 വോട്ടുകള്‍ക്ക് ബില്‍ സെനറ്റ് പാസാക്കി. വൈസ് പ്രസിഡന്റ് കമലാ ഹാരിസാണ് ടൈ ബ്രേക്കിംഗ് വോട്ട് രേഖപ്പെടുത്തിയത്.

കാലാവസ്ഥയുടെ വ്യതിയാനം നിയന്ത്രിക്കുന്നതിനായി 400 ബില്യൺ ഡോളറാണ് ബില്‍ മാറ്റിവെക്കുന്നത്. ഉപഭോക്താക്കളെ ഹരിത ഊർജത്തിലേക്ക് മാറ്റുക വഴി കാർബൺ ബഹിർഗമനം കുറയ്ക്കാനും നിയമം ലക്ഷ്യമിടുന്നു.

മരുന്നുവില കുറയ്ക്കുന്നതിലൂടെ മുതിർന്നവർക്കുള്ള പ്രതിവർഷ ചെലവ് 2,000 ഡോളറായി പരിമിതപ്പെടുത്താനാവും. മെഡികെയർ പ്രോഗ്രാമിലെ നിരക്കിനേക്കാൾ കൂടുതൽ വില ഈടാക്കുന്ന മരുന്ന് നിർമാതാക്കൾക്ക് പിഴ ചുമത്താനും ബിൽ സർക്കാരിനെ അനുവദിക്കും.

ഒരു ബില്യൺ ഡോളറിനു മുകളിൽ വാർഷിക ലാഭമുള്ള കോർപ്പറേഷനുകളുടെ മിനിമം നികുതി 15 ശതമാനമാക്കി. സ്റ്റോക്ക് തിരികെ വാങ്ങുന്ന കമ്പനികൾക്ക് ഒരു ശതമാനം നികുതി നൽകണം, ആഭ്യന്തര റവന്യൂ നികുതി പിരിവുകൾ കൂടുത‍ൽ ശക്തിപ്പെടുത്തി. കോർപ്പറേറ്റ് നികുതി കര്‍ശനമാക്കുന്നതിലൂടെ, 300 ബില്യൺ ഡോളർ അധിക വരുമാനം ലഭിക്കുമെന്നാണ് കരുതുന്നത്. പത്ത് വർഷത്തിനുള്ളിൽ 700 ബില്യൺ ഡോളറാണ് പ്രതീക്ഷിക്കുന്നത്.

''സെനറ്റ് ചരിത്രം സൃഷ്ടിക്കുകയാണ്''. 21-ാം നൂറ്റാണ്ടിലെ മികച്ച നടപടികളിലൊന്നായി 'പണപ്പെരുപ്പ ലഘൂകരണ നിയമം' നിലനിൽക്കുമെന്ന് ഉറപ്പുണ്ടെന്നും ഡെമോക്രാറ്റ് നേതാവ് ചക്ക് ഷുമർ പറഞ്ഞു. ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നു, എന്നാൽ ഒടുവിൽ ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്താതിരിക്കാൻ പാടുപെടുന്ന സമ്പദ്‌വ്യവസ്ഥയെ നടപടി ദുർബലപ്പെടുത്തുമെന്നാണ് റിപ്പബ്ലിക്കൻ അംഗങ്ങളുടെ പ്രതികരണം. ബില്ലിലെ അധിക നികുതികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെ ബാധിക്കും. 1980കൾക്ക് ശേഷമുള്ള രാജ്യത്തെ ഏറ്റവും മോശം പണപ്പെരുപ്പം ജനങ്ങൾ നേരിടേണ്ടി വരുമെന്നും, വിലക്കയറ്റം രൂക്ഷമാകുമെന്നും അവർ പറയുന്നു.

എല്ലാ കണ്ണുകളും പാലക്കാട്ടേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടം, ഇനിയെണ്ണുക പഞ്ചായത്തുകളിലെ വോട്ടുകള്‍ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍