അലാസ്കന്‍ ആകാശത്ത് അജ്ഞാത വസ്തു അമേരിക്ക വെടിവച്ചിട്ടതിന് പിന്നാലെ കാനഡയിലും സമാന സംഭവം. കാനഡ-യുഎസ് വ്യോമാതിര്‍ത്തിയില്‍ ഒരു അജ്ഞാത വസ്തുവിനെ അമേരിക്കന്‍ വ്യോമസേനയുടെ സഹായത്തോടെ വെടിവച്ചിട്ടതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തു. കാനഡ - യുഎസ് വ്യോമാതിർത്തികളുടെ സംരക്ഷണ മേഖലയായ നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡിന്റെ (നോരാഡ്) യുഎസ് എഫ്-22 യുദ്ധവിമാനമാണ് കാനഡയിലെ യുകോണിന് മുകളില്‍ വച്ച് അജ്ഞാതവസ്തു വെടിവച്ചിട്ടത്.
വസ്തുവിന്റെ വലിപ്പം, ഉത്ഭവം, ഉദ്ദേശ്യം എന്നിവ ഉൾപ്പെടെയുള്ള ഒരു വിവരങ്ങളും ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല
വിഷയം യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച ചെയ്തതായും കനേഡിയൻ സേന ഈ വസ്തുവിന്റെ അവശിഷ്ടങ്ങള്‍ വിശകലനം ചെയ്യുമെന്നും ട്രൂഡോ അറിയിച്ചു. വസ്തുവിന്റെ വലിപ്പം, ഉത്ഭവം, ഉദ്ദേശ്യം എന്നിവ ഉൾപ്പെടെയുള്ള ഒരു വിവരങ്ങളും ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി സംസാരിച്ചതായും, ഇരുരാജ്യങ്ങളുടേയും പരമാധികാരം സംരക്ഷിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് കനേഡിയന്‍ പ്രതിരോധ മന്ത്രി അനിത ആനന്ദ് പറഞ്ഞു.
അലാസ്കൻ വ്യോമാതിർത്തിയില്‍ മറ്റൊരു അജ്ഞാത വസ്തു യുഎസ് സൈന്യം വെടിവച്ചിട്ട് 24 മണിക്കൂറിനിടെയാണ് കനേഡിയൻ ആകാശത്തും സമാന സാഹചര്യമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അമേരിക്കൻ എഫ്-22 യുദ്ധവിമാനം രാജ്യത്തിന്റെ വടക്കൻ തീരമായ അലാസ്കയിലെ ഡെഡോർസിൽ വ്യാേമപരിധി ലംഘിച്ച വസ്തുവിനെ വെടിവച്ചു വീഴ്ത്തിയത്.
ഇതിന്റെ വിശദാംശങ്ങൾ യുഎസ് സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. ഈ വസ്തുവിന് ഒരു ചെറിയ കാറിന്റെ വലുപ്പമാണെന്നും വാണിജ്യ വിമാനത്തിന്റെ തലത്തിൽ 45,000 അടി ഉയരത്തിൽ പറക്കുന്നതായും വെള്ളിയാഴ്ച ഉച്ചയോടെ നടന്ന വാർത്താ സമ്മേളനത്തിൽ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി വ്യക്തമാക്കി. അലാസ്ക നാഷണൽ കോസ്റ്റ് ഗാർഡ്, എഫ്ബിഐ, ലോക്കൽ ലോ എൻഫോഴ്‌സ്‌മെന്റ് എന്നിവ വസ്തുവിന്റെ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഫെബ്രുവരി നാലിനാണ് അമേരിക്കന്‍ ആകാശത്ത് ചൈനീസ് ബലൂണ്‍ കണ്ടെത്തിയത്. ഇത് ചാര ബലൂണാണെന്ന് അമേരിക്കയും, ദിശമാറി വന്ന കാലാവസ്ഥാ ഉപകരണമാണെന്ന് ചൈനയും വാദിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനീസ് സന്ദര്‍ശനത്തിന് മുന്‍പായിരുന്നു ചാര ബലൂണ്‍ കണ്ടെത്തിയത്. ഇതോടെ ബ്ലിങ്കന്‍ നയതന്ത്ര ചര്‍ച്ചകളില്‍ നിന്ന് പിന്മാറി. കഴിഞ്ഞദിവസം ബലൂണ്‍ അമേരിക്ക വെടിവെച്ചിട്ടു. അറ്റ്‌ലാന്‌റിക് സമുദ്രത്തില്‍ നിന്ന് ചാര ബലൂണിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ച ശേഷം വിവരങ്ങള്‍ ചോര്‍ത്താനുള്ള സാങ്കേതിക വിദ്യയുള്‍പ്പെടെ തിരിച്ചറിഞ്ഞുവെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.